Connect with us

International

കാബൂളില്‍ ഇസില്‍ ശക്തിപ്രാപിക്കുന്നതായി റിപ്പോര്‍ട്ട്‌

Published

|

Last Updated

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ മധ്യവര്‍ഗത്തില്‍പ്പെട്ടവര്‍ കാബൂളില്‍ ഇസില്‍ തീവ്രവാദം ശക്തിപ്പെടുത്താന്‍ സഹായം നല്‍കുന്നതായി വിദഗ്ധര്‍. 18 മാസത്തിനുള്ളില്‍ കാബൂളിലെങ്ങുമായി 20 ഓളം ആക്രമണങ്ങള്‍ നടത്തിയതായി ഇസില്‍ അവകാശപ്പെട്ടു. വിദ്യാര്‍ഥികള്‍, പ്രൊഫസര്‍മാര്‍, വ്യാപാരികള്‍ തുടങ്ങിയവരാണ് അഫ്ഗാന്റെയും അമേരിക്കയുടെയും സുരക്ഷാ സേനകളുടെ മൂക്കിന് താഴെ വിധ്വംസക പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നത്. അമേരിക്കയും അഫ്ഗാനിസ്ഥാനും ചേര്‍ന്ന് താലിബാന്‍ തീവ്രവാദികളെ തുരത്താന്‍ പോരടിക്കുന്നതിനിടെ കാബൂളില്‍ ഇസിലിന്റെ വ്യാപനം ആശങ്കയുയര്‍ത്തുകയാണ്.

2016ലെ വേനല്‍ക്കാലത്താണ് കാബൂളില്‍ ആദ്യത്തെ ആക്രമണം നടത്തിയതെന്ന് ഇസില്‍ അവകാശപ്പെടുന്നു. തുടര്‍ന്ന് സുരക്ഷാ സേനക്ക് നേരെയും ശിയാ വിഭാഗത്തിനും നേരെയും ആക്രമണം വര്‍ധിപ്പിച്ചത് തലസ്ഥാനത്തെ വളര്‍ന്ന് വരുന്ന തങ്ങളുടെ ശ്യംഖലകള്‍ മുഖേനയാണെന്നും ഇസില്‍ പറയുന്നു. ഇസിലിലേക്ക് ആളെ ചേര്‍ക്കുന്നതില്‍ ഒരു കുറവും വന്നിട്ടില്ലെന്ന് വിദഗ്ധരും ഉറപ്പിച്ചു പറയുന്നു. കാബൂളില്‍ കുടുംബവുമായി താമസിക്കുന്ന ഇസില്‍ അനുകൂലികള്‍ എല്ലാ ദിവസവും ഇവരുടെ ക്ലാസുകള്‍ക്കോ ജോലികള്‍ക്കോ പോകാറുണ്ടെന്ന് ഇന്റര്‍നാഷനല്‍ ക്രൈസിസ് ഗ്രൂപ്പിന്റെ മുതിര്‍ന്ന നിരീക്ഷകന്‍ ബോര്‍ഹാന്‍ ഉസ്മാന്‍ പറഞ്ഞു. ഇവര്‍ ദിവസവും രാത്രി കൂടിക്കാഴ്ചകള്‍ നടത്തി കാബൂളില്‍ ആക്രമണത്തിന് പദ്ധതിയിടുകയാണ്. മെയ് മാസത്തില്‍ ട്രക്ക് ബോംബ് പൊട്ടി 150 ഓളം പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കാബൂളില്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.