Connect with us

Gulf

മേഘങ്ങളിലേക്ക് വീണ്ടും 'മഴ വിത്ത്'; ഇന്നും മഴ പ്രതീക്ഷിക്കാം

Published

|

Last Updated

ക്ലൗഡ് സീഡിംഗ് ദൗത്യത്തിന് തയ്യാറെടുത്ത വിമാനം

ദുബൈ: കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃത്രിമ മഴക്കായി ആറ് ക്ലൗഡ് സീഡിംഗ് ദൗത്യങ്ങള്‍ നടത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കു കിഴക്കന്‍ മേഖലകളായ റാസ് അല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലും ദുബൈയുടെ കിഴക്കന്‍ മേഖലയിലുമാണ് ക്ലൗഡ് സീഡിംഗ് നടത്തിയത്. കൂടാതെ അബുദാബി സിറ്റി, അബുദാബിയുടെ പടിഞ്ഞാറന്‍ തീരമേഖലയിലും മേഘങ്ങളിലേക്ക് ഉപ്പു പരലുകളെറിയാന്‍ വിമാനങ്ങള്‍ പറന്നു.

ശൈത്യകാലത്തിന് കൂടുതല്‍ കുളിരേകി തിങ്കളാഴ്ച വൈകുന്നേരം മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെയും വൈകുന്നേരവും ദുബൈ, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. അബുദാബി താരീഫില്‍ കനത്ത മഴ ലഭിച്ചപ്പോള്‍ ശഹാമ, ബാഹിയ മേഖലകളില്‍ ചെറിയ തോതില്‍ മഴ പെയ്തു. തിങ്കളാഴ്ച ദുബൈയിലെ ഖവാനീജ്, മുഹമ്മദ് ബിന്‍ സായിദ് റോഡ്, റാസ് അല്‍ ഖോര്‍, നാദ് അല്‍ ഹമര്‍ എന്നിവിടങ്ങളില്‍ വലിയ തോതില്‍ മഴ ലഭിച്ചപ്പോള്‍ മംസാര്‍, ദേര, അല്‍ ബര്‍ശ എന്നിവിടങ്ങളില്‍ ചാറ്റല്‍ മഴയായിരുന്നു.

റാസ് അല്‍ ഖൈമയില്‍ സെക്കന്‍ഡില്‍ 20.7 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. അബുദാബി കോര്‍ണിഷില്‍ 7.4 മില്ലീമീറ്ററും മഴ ലഭിച്ചു.

രാജ്യത്ത് കഴിഞ്ഞ ദിവസം ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത് ജബല്‍ ജൈസിലാണ്. പുലര്‍ച്ചെ 3.45ന് 3.8 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വൈകുന്നേരം വരെയും മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അതേ സമയം 2015 മുതല്‍ യു എ ഇ മഴ വര്‍ധിപ്പിക്കാനും ജലസംരക്ഷണത്തിനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ ആശയങ്ങള്‍ നല്‍കുന്ന അഞ്ചു പേര്‍ക്ക് ഓരോ വര്‍ഷവും 1.8 കോടി ദിര്‍ഹം സമ്മാനമായി നല്‍കുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ വിജയികളെ ഇന്ന് അബുദാബി സുസ്ഥിര വാരത്തില്‍ പ്രഖ്യാപിക്കും.

 

---- facebook comment plugin here -----

Latest