അപക്വമായ രാഷ്ട്രീയം തുറന്നുകാട്ടി പ്രമേയം

Posted on: January 8, 2018 12:53 am | Last updated: January 7, 2018 at 11:56 pm
SHARE
ുമര്‍കസ് മഹാ സംഗമത്തില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷ പ്രസംഗം നടത്തുന്നു

മര്‍കസ് നഗര്‍: കേരളത്തില്‍ മുസ്‌ലിംകള്‍ അരക്ഷിതരാണെന്ന തരത്തിലുള്ള ചില സാമുദായിക സംഘടനകളുടെ പ്രചാരണം ഉത്തരേന്ത്യയിലെ ഗ്രാമങ്ങളില്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന അതിക്രമങ്ങളെ ലഘൂകരിച്ച് അവതരിപ്പിക്കാനും യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തെറ്റിക്കാനുമുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണെന്ന് മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന പണ്ഡിത കോണ്‍ഫറന്‍സ് അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ ഏറ്റവുമധികം ആഭ്യന്തര കുടിയേറ്റം നടക്കുന്നത് കേരളത്തിലേക്കാണ് എന്നാണ് കണക്കുകള്‍. ഇതില്‍ ഭൂരിഭാഗവും ന്യൂനപക്ഷ-പിന്നാക്ക ജാതി വിഭാഗത്തില്‍പ്പെട്ടവരാണ്. കേരളത്തിന്റെ സഹിഷ്ണുതാപൂര്‍ണമായ സമീപനത്തെയാണ് ഇത് കാണിക്കുന്നത്. ഒറ്റപ്പെട്ട അതിക്രമങ്ങളെ സംഘ്പരിവാര്‍ നടത്തുന്ന വ്യവസ്ഥാപിതമായ അക്രമ പരമ്പരകളുമായി സമീകരിക്കുന്നത് രാഷ്ട്രീയ അജ്ഞതയാണ്. എം ടി വാസുദേവന്‍ നായരെപ്പോലെയുള്ള മതേതര വിശ്വാസികള്‍ക്കെതിരെ ഈയിടെ നടന്ന പ്രചാരണങ്ങള്‍ ഇത്തരം മനോഭാവത്തിന്റെ തുടര്‍ച്ചയാണ്. ഐ എസ് റിക്രൂട്ട്‌മെന്റ് പോലുള്ള ഭീതിദമായ സംഭവങ്ങള്‍ സംസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും സമുദായത്തെ ഒറ്റപ്പെടുത്തി വിമര്‍ശിക്കുന്ന സമീപനം സര്‍ക്കാറോ പൊതു സമൂഹമോ സ്വീകരിച്ചിട്ടില്ല എന്നത് അഭിനന്ദനാര്‍ഹമാണ്. സ്ഥാനത്തും അസ്ഥാനത്തുമുള്ള അപക്വമായ രാഷ്ട്രീയ സമീപനങ്ങള്‍ സമുദായത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിനെ തടസ്സപ്പെടുത്തുകയേയുള്ളൂ- പ്രമേയം വ്യക്തമാക്കി.

സഖാഫി പ്രമേയം
വൈവാഹിക ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ പുരുഷന് ഉപയോഗപ്പെടുത്താവുന്ന വ്യവസ്ഥയാണ് ത്വലാഖ്. തത്തുല്യമായി സ്ത്രീക്ക് ഉപയോഗിക്കാവുന്ന ഖുല്‍അ് എന്ന വ്യവസ്ഥയും ശരീഅത്തിലുണ്ട്. ത്വലാഖിനെ ദുരുപയോഗപ്പെടുത്തുന്നതിനെ ചൂണ്ടിക്കാണിച്ചോ ത്വലാഖ് വ്യവസ്ഥയെ വസ്തുതാപരമായി വിലയിരുത്താതെയോ ഉള്ള ആരോപണങ്ങള്‍ ശരീഅത്ത് വിമര്‍ശകരുടെ എക്കാലത്തെയും ആയുധമാണ്.
മുത്വലാഖ് വിഷയത്തില്‍ മുസ്്‌ലിം ഉല്‍പതിഷ്ണുക്കളില്‍ ചിലര്‍ ശരീഅത്ത് വിമര്‍ശകര്‍ക്ക് ചൂട്ട് പിടിക്കുന്നത് ന്യായീകരിക്കാനാകില്ല. ശരീഅത്ത് വിമര്‍ശകരുടെയും അനുകൂലികളുടെയും ആവശ്യങ്ങള്‍ മാത്രം പരിഗണിച്ച് പല സാഹചര്യങ്ങളിലും സ്ത്രീയുടെ പോലും അനിവാര്യമായ ആവശ്യമാണെന്നത് വിസ്മരിച്ച് ഏകപക്ഷീയമായി മുത്വലാഖിനെ ക്രിമിനല്‍ കുറ്റമാക്കിയ സുപ്രീം കോടതിയുടെയും ലോക്‌സഭയുടെയും നിലപാട് അങ്ങേയറ്റം ഖേദകരവും മതേതര ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നും സമ്മേളനം അഭിപ്രായപ്പെടുന്നു. മുത്വലാഖ് വിഷയത്തിലെ നിലപാടും വിധിയും പുനഃപരിശോധിക്കണമെന്നും മുസ്്‌ലിം പൊതുജനങ്ങളുടെ ആശങ്ക അകറ്റണമെന്നും സര്‍ക്കാറിലും കോടതിയിലുമുള്ള അവരുടെ വിശ്വാസം നഷ്ടപ്പെടുത്തരുതെന്നും പണ്ഡിത സമ്മേളനം ആവശ്യപ്പെടുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here