Connect with us

Kerala

കുറ്റിപ്പുറത്ത് കണ്ടെത്തിയ കുഴിബോംബുകള്‍ എന്‍എസ്ജി സംഘം പരിശോധിച്ചു

Published

|

Last Updated

കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിന് സമീപം കണ്ടെത്തിയ കുഴിബോംബുകള്‍ എന്‍എസ്ജി വിദഗ്ധര്‍ പരിശോധിച്ചു. ബോംബുകള്‍ നിര്‍വീര്യമാക്കാന്‍ സൂക്ഷിച്ച പടിഞ്ഞാറ്റുംമുറി എആര്‍ ക്യാമ്പിലെത്തിയാണ് എന്‍എസ് ജി സംഘം പരിശോധന നടത്തിയത്.

പട്ടാളക്കാര്‍ ഉപയോഗിക്കുന്ന ആന്റി പേഴ്‌സനല്‍ മൈനുകള്‍ കുറ്റിപ്പുറം പാലത്തിന് സമീപം പുഴയിലാണ് കണ്ടെത്തിയത്. പാലത്തിന്റെ കുറ്റിപ്പുറത്തു നിന്നും തൃശൂര്‍ ഭാഗത്തേക്കുളള ആറാമത്തെ തൂണിന്റെ സമീപത്തായി പുഴയില്‍ നീരൊഴുക്കില്ലാത്ത ഭാഗത്തു നിന്നാണ് അഞ്ച് മൈനുകള്‍ കണ്ടെടുത്തത്. ശത്രുക്കളുടെ നുഴഞ്ഞു കയറ്റം തടയാന്‍ പാതയില്‍ സ്ഥാപിക്കുന്ന ഇനം മൈനുകളാണിവ. 40 മുതല്‍ 100 കിലോഗ്രാം വരെ ഭാരം മുകളില്‍ വന്നാല്‍ പൊട്ടിത്തെറിക്കുന്ന ആന്റി പേഴ്‌സനല്‍ മൈനുകള്‍ പ്രധാനമായും ശത്രുസൈനികരെ പരുക്കേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചുളളതാണ്.

വ്യാഴാഴ്ച വൈകീട്ട് വളാഞ്ചേരി സ്വദേശിയായ യുവാവാണ് പാലത്തിനു 15 മീറ്റര്‍ അകലെയായി പുഴയില്‍ മൈനുകള്‍ ആദ്യം കണ്ടത്. സംശയം തോന്നിയ ഇയാള്‍ രാത്രി ഒമ്പതോടെ പോലീസില്‍ വിവരമറിയിച്ചു. പോലീസും ബോംബ് സ്‌ക്വാഡും ഉടന്‍ സ്ഥലത്തെത്തി പരിശോധിച്ച ശേഷം ഇവ മലപ്പുറം എ ആര്‍ ക്യാമ്പിലേക്ക് മാറ്റി. തൃശ്ശൂര്‍ റേഞ്ച് ഐ ജി. എം ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെട്ട സംഘം സ്ഥലത്ത് പരിശോധന നടത്തി. കണ്ടെത്തിയത് മൈനുകളാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

മൈനുകള്‍ കണ്ടെത്തിയ സ്ഥലത്തുനിന്ന് അഞ്ചു സഞ്ചികളും കണ്ടെടുത്തിട്ടുണ്ട്. മൈനുകളും സഞ്ചികളും ദ്രവിച്ച നിലയിലായതിനാല്‍ പുഴയില്‍ നീരൊഴുക്കുണ്ടായിരുന്ന സമയത്ത് ഉപേക്ഷിച്ചതാവാനും സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. 40 ദിവസം മുമ്പ് നീരൊഴുക്കുണ്ടായിരുന്ന ഭാഗത്തുനിന്നാണ് ഇവ കണ്ടെടുത്തത്. മൈനുകളുടെ അടിഭാഗം ദ്രവിച്ച നിലയിലാണ്. സംഭവസ്ഥലത്തു നിന്ന് ലഭിച്ച വസ്തുക്കള്‍ ഫോറന്‍സിക് സംഘം ശേഖരിച്ചു.

---- facebook comment plugin here -----