പര്യവേക്ഷണം വൈജ്ഞാനിക മികവിന്

Posted on: January 5, 2018 6:22 am | Last updated: January 5, 2018 at 12:24 am

റൂബി ജൂബിലി ആഘോഷിക്കുന്ന മര്‍കസിന്റെ സന്ദേശമാണിത്. വിജ്ഞാനത്തിലൂടെ മാത്രമേ പുരോഗതിയും ശക്തിയും ആര്‍ജിക്കാന്‍ സാധ്യമാവൂ എന്നതാണത്. അറിവും വളര്‍ച്ചയും ഒരാള്‍ക്കും നിഷേധിക്കപ്പെടരുത്. സ്രഷ്ടാവായ അല്ലാഹുവിനോടും സകല സൃഷ്ടികളോടും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ള പരിശീലനമാണ് വിദ്യാഭ്യാസം. ഈ ചുമതലകള്‍ നിര്‍വഹിക്കാന്‍ ഓരോ പൗരനെയും സജ്ജമാക്കാന്‍ കഴിയുന്ന രീതിയാണ് ആധുനിക കാലഘട്ടത്തില്‍ അനിവാര്യമായിട്ടുള്ളത്. ഇതിന്റെ സാക്ഷാത്കാരമാണ് മര്‍കസ് സാധ്യമാക്കുന്നത്.

മുസ്‌ലിംകള്‍ സര്‍വജന വിഭാഗങ്ങള്‍ക്കും മാതൃകയാവണം. സങ്കുചിത താത്പര്യങ്ങള്‍ക്ക് വേണ്ടി ഇതര വിഭാഗങ്ങളെ പരിഹസിക്കുകയോ ഭത്സിക്കുകയോ ചെയ്യരുത്. എവിടെയെല്ലാം അനീതിയും അസഹിഷ്ണുതയും ഉണ്ടോ അവിടെ മാന്യമായി ഇടപെടാനും രാഷ്ട്രത്തിന്റെ നിയമങ്ങള്‍ക്ക് വിധേയപ്പെട്ട് പരിഹാരങ്ങള്‍ ഉണ്ടാക്കാനും മുസ്‌ലിം സമൂഹം രംഗത്തുണ്ടാകണം. സ്വന്തം വീട്, കുടുംബം എന്ന ചിന്തയേക്കാള്‍ നാടും നാട്ടുകാരും വീടും അയല്‍പക്കവും ഇതാണ് നമ്മുടെ ചിന്തയിലും ജീവിതനിഷ്ഠകളിലും സ്ഥാനം പിടിക്കേണ്ടത്.

വിജ്ഞാന സമ്പാദനത്തിലും ശാസ്ത്രഗവേഷണത്തിലും മുസ്‌ലിംകള്‍ പൂര്‍വികരുടെ പാത പിന്തുടരണം. പടിഞ്ഞാറന്‍ നാടുകള്‍ ശാസ്ത്ര പഠനത്തിലും ഉന്നതഗവേഷണങ്ങളിലും പിടിയുറപ്പിച്ചത് ഏത് സാഹചര്യത്തിലായിരുന്നു? വായിക്കാനും പഠിക്കാനും ചിന്തിക്കാനും നിരീക്ഷണങ്ങളിലൂടെ ഗവേഷണങ്ങളിലേക്ക് ഉയരാനും അതുവഴി പ്രകൃതിയെ പൂര്‍ണമായി കീഴ്‌പെടുത്താനും ആഹ്വാനം ചെയ്യുന്ന വിശുദ്ധ ഖുര്‍ആന്റെ നിലപാടുകള്‍ ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? മുന്‍ഗാമികളായ മുസ്‌ലിം നേതാക്കളുടെ എട്ടാം നൂറ്റാണ്ട് മുതല്‍ 13-ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിന്റെ ഓര്‍മകള്‍ ആരാണ് മറച്ച് വെക്കുന്നത്?
കുറ്റം മറ്റൊരു സമുദായത്തിന്റെയോ പാര്‍ട്ടികളുടെയോ തലയില്‍ കെട്ടിവെക്കാന്‍ പറ്റുകയില്ല. നാം നമ്മെ വിസ്മരിച്ചു. സ്വന്തത്തെ വിമര്‍ശിക്കാന്‍ കഴിയാത്ത മനസ്സുകളില്‍ നന്മയുടെ വളര്‍ച്ച സാധിക്കുന്നതെങ്ങനെ? മര്‍കസിന്റെ ആശയങ്ങളും നിലപാടുകളും ഇവിടെയാണ് ശ്രദ്ധേയമാകുന്നത്. ഏതെങ്കിലും കാരണങ്ങള്‍ കൊണ്ട് നാം പിന്നിലായോ, അവിടെ നാം നന്നായി പണിയെടുക്കണം. സാമ്പത്തിക രംഗത്ത് കഴിവില്ലാത്ത, പ്രകൃതി വിഭവങ്ങള്‍ സമ്പന്നമല്ലാത്ത നാടുകളിലും ഭൂതലങ്ങളിലും സമുദായത്തിന് മുന്നിലെത്താന്‍ കഴിയാത്തത് സ്വാഭാവികമായി കരുതാം. പക്ഷേ, എണ്ണപ്പണം കൊണ്ട് സമ്പന്നമായ ഗള്‍ഫ് നാടുകളും മനുഷ്യവിഭവശേഷി കൊണ്ട് ധന്യമായ ഇന്ത്യ പോലുള്ള നാടുകളും വിജ്ഞാന സമ്പാദനത്തിലും ശാസ്ത്രഗവേഷണ തലങ്ങളിലും പിന്നിലാകുന്നതിന് എന്ത് ന്യായീകരണമാണ് ഉള്ളത്?

പണം ലഭിക്കുമ്പോള്‍ അലസത വര്‍ധിക്കുന്നവര്‍, പടിഞ്ഞാറന്‍ ജീവിതരീതിയെ അന്ധമായി അനുകരിക്കുന്നവര്‍, സുഖലോലുപതയുടെയും ആഢംബരത്തിന്റെയും വഴികളില്‍ മതിമറക്കുന്നവര്‍, ദീര്‍ഘവീക്ഷണമില്ലാത്ത നേതൃത്വങ്ങളെ പൂജിക്കുന്നവര്‍, വിനോദങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി, മതമൂല്യങ്ങളും ആരാധനകളും മറന്നുകളയുന്നവര്‍, മതപണ്ഡിതന്മാരെ കുറ്റപ്പെടുത്താന്‍ മത്സരിക്കുന്നവര്‍, അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്ത മതാധ്യക്ഷന്‍മാര്‍ എല്ലാം ചേര്‍ന്നപ്പോള്‍ ഉമ്മത്തിന്റെ മരവിപ്പ് പൂര്‍ണമായി.
കലാപങ്ങള്‍ കൊണ്ട് മുസ്‌ലിം നാടുകളെ കലുഷമാക്കാന്‍ പടിഞ്ഞാറന്‍ നാടുകള്‍ക്ക് അവരുടെ അസൂയയാണ് പ്രേരണ നല്‍കുന്നതെങ്കില്‍ ബലിയാടുകള്‍ നാം തന്നെയാണല്ലോ. ചിന്താപരമായ മുന്നേറ്റങ്ങള്‍ക്കും പ്രകൃതി പഠനത്തിലൂടെ ലോകത്തെ പൂര്‍ണമായി കീഴടക്കുന്നതിലേക്കും എത്തിച്ചേരേണ്ട ഒരു സമുദായത്തെ നിര്‍മാണത്തിന്റെ സകലതലങ്ങളില്‍ നിന്നും ആട്ടിയോടിക്കാനും പ്രതിരോധത്തിലാക്കാനും ശത്രുക്കള്‍ക്ക് സാധിച്ചത് ചെറിയ വിഷയമല്ല. ഉണരാനും ഉണര്‍ത്താനും വൈകിയിരിക്കുന്നു.

സമുദായാംഗങ്ങള്‍ക്കു ആഗ്രഹങ്ങളുണ്ട്, വലിയ ആശയങ്ങളുണ്ട്. സമാഹരിക്കാനും പദ്ധതികളാക്കി മുന്നോട്ടു കൊണ്ടുപോകാനും അവര്‍ ആരെയാണ് സമീപിക്കേണ്ടത്? രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ഭരണം പിടിക്കാനുള്ള തിരക്കുമാത്രമേയുള്ളൂ. സമുദായത്തിന് ചില നേട്ടങ്ങള്‍ അവരിലൂടെ കിട്ടിയിട്ടുണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ, ചിന്താപരമായ യാതൊരു ചലനങ്ങളോ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലുകളോ സമുദായ രാഷ്ട്രീയക്കാരില്‍ നിന്ന് ഉണ്ടാകുന്നില്ല. സമുദായത്തിലെ അംഗങ്ങളുടെ പിന്തുണ ആഗ്രഹിക്കുന്നവരും സമുദായത്തില്‍ പെടാത്തവരുമായ രാഷ്ട്രീയ നേതൃത്വമാകട്ടെ, സാമുദായികം എന്ന പദത്തെ പോലും വെറുക്കുന്നു. സമുദായചിന്ത മതേതരത്വത്തിന് ഭീഷണിയാണെന്ന് അവര്‍ കരുതുന്നുണ്ടോ?
വിവിധ സംഘടനകളായി തരം തിരിഞ്ഞ് പ്രവര്‍ത്തിക്കുന്ന സമുദായത്തിലെ വിഭാഗങ്ങള്‍ക്കാകട്ടെ, പൊതുവീക്ഷണമോ പാരമ്പര്യമായി സമ്മതിക്കപ്പെട്ട നിലപാടുകളോട് ആഭിമുഖ്യമോ ഇല്ല. മുന്‍ഗാമികളെ കുറ്റപ്പെടുത്താനും തീവ്രവാദ പരമായ ചില സമീപനങ്ങളും മുസ്‌ലിം നാടുകളില്‍ പോലും പ്രായോഗികമല്ലാത്ത സിദ്ധന്തങ്ങളും അവര്‍ അവസരമോ പ്രായോഗികതയോ നോക്കാതെ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നു. ഇതരമതവിഭാഗക്കാരെ കുറ്റപ്പെടുത്തുന്നു. അവരിലൂടെ സലഫി, ഐ എസ്, ഇസില്‍ തുടങ്ങിയ പേരുകളിലുള്ള നീക്കങ്ങള്‍ ഉണ്ടായപ്പോള്‍ മുസ്‌ലിംകള്‍ക്ക് വലിയ അപമാനം ഉണ്ടായി.
യുക്തിവാദം, മതത്തിന്റെ മൗലികതയോട് ഇണങ്ങാത്ത പരിഷ്‌കരണങ്ങള്‍ അഥവാ ബിദ്അത്തുകള്‍, വേഷത്തിലും മറ്റുമുള്ള വ്യക്തമായ അനിസ്‌ലാമികത ഇതെല്ലാം ഇന്ന് സമുദായത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. മദ്യവും മയക്കുമരുന്നും യുവാക്കളെ വലിഞ്ഞു മുറുക്കിയിരിക്കുന്നു. ആരാണ്, എപ്പോഴാണ്, എങ്ങനെയാണ് ഇടപെടേണ്ടത്? മുന്‍ഗണനാക്രമം പോലും തീരുമാനിക്കാന്‍ കഴിയാതെ നിര്‍ജീവമായി കിടക്കുന്ന ഈ ഘട്ടത്തില്‍ ദിശാബോധം നല്‍കാന്‍ ഒരു നായകനും നേതൃത്വവും ഒരു പുതിയ മുന്നേറ്റവും ആവശ്യമില്ലേ? എട്ടാം നൂറ്റാണ്ട് മുതല്‍ 13-ാം നൂറ്റാണ്ട് വരെയുള്ള ചരിത്രം പഠിക്കാന്‍ ശ്രമമുണ്ടാകണം. സമുദായത്തിനും സമൂഹങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും ഉപകാരമുള്ള വിഷയങ്ങളില്‍ അക്കാലത്തെ മതപണ്ഡിതന്മാരും ഭരണാധികാരികളും പരിശ്രമിച്ചത്, ശാസ്ത്ര-ഗവേഷണ മേഖലയില്‍ ഒട്ടേറെ വിജയങ്ങള്‍ സാധിച്ചെടുത്തത് ഏതൊരു മുസ്‌ലിമിനെയാണ് സന്തോഷിപ്പിക്കാതിരിക്കുക? ഒരേ സമയം ഫിഖ്ഹും ഗണിതവും തഫ്‌സീറും ഗോളശാസ്ത്രവും നഹ്‌വും അനാട്ടമിയും പള്ളിദര്‍സ് കരിക്കുലത്തില്‍ അവര്‍ ഉള്‍പ്പെടുത്തിയിരുന്നു.

ആധുനിക വിദ്യാഭ്യാസ രീതി പ്രചാരത്തില്‍ വന്നപ്പോള്‍ വിജ്ഞാനം വിഭജിക്കപ്പെട്ടത് എന്തിന് വേണ്ടിയായിരുന്നു? ആരാണ് ഈ വേല ഒപ്പിച്ചത്? ശാസ്ത്രപഠനം എടുത്തുമാറ്റപ്പെട്ടു. പിന്നീട് സമന്വയവിദ്യാഭ്യാസമെന്ന പുതിയ ഒരു രീതി ആവശ്യമായി വന്നു. മാനവികമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയത് ശരിയാണ്. പക്ഷേ, ശാസ്ത്ര പഠനത്തിന് സ്ഥാനം കിട്ടിയില്ല. ഖുര്‍ആന്‍ നൂറുകണക്കിന് വചനങ്ങളില്‍ അന്വേഷണത്തിന്റെയും നിരീക്ഷണത്തിന്റെയും മഹത്വം വിവരിക്കുന്നുണ്ട്. ആകാശം, ഭൂമി, സസ്യങ്ങള്‍, നക്ഷത്രങ്ങള്‍, ജന്തുക്കള്‍ എന്നിങ്ങനെയുള്ള യാതൊന്നിനെയും കുറിച്ച് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ അവസരങ്ങള്‍ ഇല്ലാതെ വന്നു. പ്രോത്സാഹനങ്ങളോ പ്രചോദനങ്ങളോ ലഭിച്ചില്ല. ശാസ്ത്രവിജ്ഞാനത്തിന്റെ ലോകത്ത് നാം അന്യരായി. നമ്മുടെ മുന്‍ഗാമികളാവട്ടെ, വളര്‍ച്ച പ്രാപിച്ച വിവിധ സംസ്‌കാരങ്ങളെ കുറിച്ച് പഠിച്ചു. അവര്‍ പാഠം ഉള്‍ക്കൊണ്ടു. യാത്ര ചെയ്യാന്‍ മുസ്‌ലിം പണ്ഡിതന്‍മാര്‍ തയ്യാറായിരുന്നു. ത്യാഗങ്ങള്‍ സഹിച്ചു. മണ്ണും വിണ്ണും അവരുടേതായി മാറാന്‍ സഞ്ചാരങ്ങള്‍ പ്രയോജനപ്പെട്ടു. ഇസ്‌ലാമിന്റെ സമഗ്രതയും സാര്‍വലൗകികതയും മുസ്‌ലിം പണ്ഡിതന്‍മാര്‍ ഉപയോഗപ്പെടുത്തി. ഈജിപ്തിന്റെ നൈല്‍ നദീതട സംസ്‌കാരവും മെസൊപ്പൊട്ടോമിയയുടെ (ബഗ്ദാദ്) സംസ്‌കാരവും മുന്‍കാല പണ്ഡിതന്മാര്‍ പഠിപ്പിച്ചു. വൈദ്യത്തിലും ഗണിതത്തിലും ഇന്ത്യയുടെ അറിവുകളും ഉള്‍ക്കൊണ്ടതോടെ മുസ്‌ലിം ലോകം കൂടുതല്‍ സജീവമായി. അറിവുകള്‍ ഏതെങ്കിലും ഒരു സമുദായത്തിന്റെ കുത്തകയല്ല. എവിടെ അത് ലഭിക്കുമോ, അവിടെ നിന്ന് തേടിപ്പിടിക്കണം, നേടിയെടുക്കണം. ഈ വഴിയാണ് നാം പിന്തുടരേണ്ടത്.
ഏതന്‍സാണ് വിജ്ഞാനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ചിലര്‍ വാദിച്ചു. പക്ഷേ, ആഫ്രിക്കന്‍ ഗവേഷകര്‍ ഇത് ഖണ്ഡിച്ചിട്ടുണ്ട്. ഏഥന്‍സിലാണ് പ്ലാറ്റോയും അരിസ്റ്റോട്ടിലും തെയില്‍സും പിറന്നത്. അറേബ്യയിലേക്കും മുസ്‌ലിം ലോകത്തേക്കും അറിവുകള്‍ വന്നത് ഈജിപ്തില്‍ നിന്നായിരുന്നു. അലക്‌സാണ്ട്രിയയിലെ വലിയ ഗ്രന്ഥ ശേഖരം യുദ്ധവേളയില്‍ ചുട്ടുകരിച്ച ജൂലിയര്‍ സീസര്‍ മുസ്‌ലിം ലോകത്തിന് നഷ്ടം വരുത്തിയെങ്കിലും നമ്മുടെ പണ്ഡിതന്‍മാര്‍ കഠിനാധ്വാനത്തിലൂടെ വീണ്ടെടുത്തു. 17-ാം നൂറ്റാണ്ടില്‍ മുസ്‌ലിംകള്‍ പരമാവധി ഗ്രന്ഥങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുകയും ചെയ്തു. പേര്‍ഷ്യ വഴി ഇന്ത്യന്‍ വിജ്ഞാനീയങ്ങള്‍ ലഭ്യമാക്കി അഞ്ചാം നൂറ്റാണ്ടില്‍തന്നെ വൈദ്യഗ്രന്ഥങ്ങള്‍ മുസ്‌ലിംകള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തു. അല്‍ബിറൂനി ആണ് അവരില്‍ പ്രമുഖന്‍.
വിവര്‍ത്തനങ്ങള്‍ ഒരു വലിയ കലയാക്കി വിവിധ ഭാഷകളിലും സംസ്‌കാരങ്ങളിലും വിരചിതമായ ശാസ്ത്ര ഗ്രന്ഥങ്ങള്‍ മുഴുവന്‍ വിവര്‍ത്തനം ചെയ്യാന്‍ ബൈത്തുല്‍ ഹിക്മ എന്നൊരു കേന്ദ്രം തന്നെ മഅ്മൂന്‍ രാജാവ് ബഗ്ദാദില്‍ സ്ഥാപിച്ചു. അമുസ്്‌ലിം പണ്ഡിതന്മാരെയും ശാസ്ത്രാവബോധം ഉള്ളവരെയും മുസ്‌ലിംകള്‍ സമീപിച്ചിരുന്നു. പ്ലാറ്റോ, ഗാലെന്‍, ടോളമി, വിഷ്ണു ശര്‍മ തുടങ്ങിയവരുടെ സേവനങ്ങള്‍ ശാസ്ത്ര ലോകത്ത് മുസ്്‌ലിംകള്‍ക്ക് ഉണര്‍വായി. മതവും ജാതിയും നോക്കാതെ വിജ്ഞാനലോകത്തെ സമ്പന്നമാക്കാന്‍ പരിശ്രമിച്ച ആ പഴയകാല സ്മരണകള്‍ നമുക്ക് മാതൃകയാകണം. മധ്യകാലഘട്ടത്തില്‍ അറബി ഭാഷ ശാസ്ത്ര ഭാഷയായി വികസിച്ചു. നാഗരികതയുടെ പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍, മനുഷ്യരുടെ പുതിയ ആവശ്യങ്ങള്‍ കേള്‍ക്കാനും കാണാനും പരിഹരിക്കാനും മര്‍കസ് ഇന്ന് നവീനവും സമകാലിക പ്രാധാന്യവുമുള്ള ശ്രമങ്ങള്‍ നടത്തുന്നു. ഈ മുന്നേറ്റത്തിന്റെ പ്രകാശനമാണ് മര്‍കസ് പുതുതായി ലോകത്തിനു സമര്‍പ്പിക്കുന്ന ഓരോ പദ്ധതികളും. മര്‍കസ് സഞ്ചരിക്കുന്നത് പുതിയ കാലത്തോടൊപ്പവും സമൂഹത്തോടൊപ്പവുമാണ്.