Connect with us

Gulf

ഖത്വർ 2017: പ്രതിസന്ധിയുടെയും അതിജീവനത്തിന്റെയും രാഷ്ട്രീയ വര്‍ഷം

Published

|

Last Updated

ദോഹ: ഖത്വറിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അതീവ പ്രാധാന്യമുള്ള വര്‍ഷമായി 2017 അടയാളപ്പെട്ടു കഴിഞ്ഞു. ജൂണ്‍ അഞ്ചിന് അയല്‍ അറബ് രാജ്യങ്ങളാല്‍ നയതന്ത്രതലത്തിലും സഞ്ചാര, സാമ്പത്തിക തലത്തിലും ഒറ്റപ്പെടുത്തപ്പെട്ടു എന്നതാണ് 2017നെ ഖത്വറിന്റെ ചരിത്ര വര്‍ഷമാക്കി മാറ്റുന്നത്. കര, കടല്‍, വ്യോമ മാര്‍ഗങ്ങള്‍ അടക്കുകയും പൗരന്‍മാരോട് നാടുവിടാന്‍ കല്‍പ്പിക്കുകയും കുടുംബങ്ങളെപ്പോലും രണ്ടതിര്‍ത്തികളിലായി വേര്‍പിരിക്കുകയും ചെയ്ത ഉപരോധം. കച്ചവടവും പഠനവും ചികിത്സയുമെല്ലാം തടസപ്പെടുത്തപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശ ചട്ടങ്ങളും ലംഘിക്കപ്പെടുന്നുവെന്ന് രാജ്യാന്തര ഏജന്‍സികളാല്‍ വിലയിരുത്തപ്പെട്ട നടപടികള്‍. ഭക്ഷ്യവസ്തുക്കളുടെ കടത്തും വിശുദ്ധ നഗരങ്ങളിലേക്കുള്ള തീര്‍ത്ഥാടനമുള്‍പ്പെടെയുള്ളവയും തടയപ്പെട്ടു. ഇന്ന് അവസാനിക്കുന്ന ഈ വര്‍ഷത്തിന്റെ ചരിത്രത്തിലെ മുറിവേറ്റ ഓര്‍മകള്‍ ഇങ്ങനെയൊക്കെയാണ്.
പക്ഷേ, കരയില്‍ സഊദിയിലേക്കുള്ള ഒരു കവാടം മാത്രമുള്ള ഖത്വര്‍ എന്ന കൊച്ചുരാജ്യം മേല്‍ പറഞ്ഞ ഒറ്റപ്പെടുത്തലുകളെ ഇച്ഛാശക്തികൊണ്ടും അസാമാന്യമായ രാഷ്ട്രീയ, നയതന്ത്ര വഴക്കം കൊണ്ടും അതിജീവനം നേടിയ ചരിത്രത്തിന്റെതുകൂടിയാണ് 2017. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ശൂന്യമാകുന്നു എന്ന രാജ്യത്തെ സാധാരണ പ്രവാസിയെപ്പോലും ഭീതിപ്പെടുത്തിയ ആദ്യദിവസത്തെ ആകൂലാവസ്ഥയില്‍ നിന്നും രണ്ടാം ദിനം മുതല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന സാന്ത്വനത്തിലേക്ക് രാജ്യത്തിന്റെ പൊതു മനസ്സിനെ നയിച്ച രാഷ്ട്രീയ ജാഗ്രതയുടെ പയറ്റ് ഫലം കണ്ട കൊല്ലം കൂടിയാണിത്. വരുമാന വൈവിധ്യത്തിന്റെ സാമ്പത്തിക രീതികളിലേക്ക് നേരത്തേ സഞ്ചരിച്ചു തുടങ്ങിയ ഖത്വറിന് സ്വയം പര്യാപ്തത എന്ന രാഷ്ട്രീയ ആശയത്തെ അതിന്റെ മൂര്‍ച്ഛയില്‍ പ്രയോഗിക്കാന്‍ ലഭിച്ച മികച്ച അവസരംകൂടിയായി ഉപരോധം.
ഭക്ഷ്യസുരക്ഷിതത്വം മാത്രമല്ല, നിര്‍മാണവും വ്യവസായവും വ്യാപാരവുമെല്ലാം ഖത്വര്‍ പുതിയ രാഷ്ട്രീയ ആശയത്തിലേക്ക് പുതുക്കിപ്പണിതു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) എന്ന മുന്നണിയില്‍ പടുത്തുനിര്‍ത്തപ്പെട്ട വാണിജ്യ, വ്യവസായ, കയറ്റിറക്കു രാഷ്ട്രീയത്തെയാകെ ദിവസങ്ങള്‍ കൊണ്ടാണ് ഖത്വര്‍ ഉടച്ചുവാര്‍ത്ത് ബദല്‍ രാഷ്ട്രീയ ഭൂമിക സൃഷ്ടിച്ചത്. നയതന്ത്രജ്ഞതയുടെ കുശാഗ്രതകള്‍ക്ക് ഭൂഖണ്ഡങ്ങള്‍ തന്നെ വഴങ്ങിക്കൊടുക്കും എന്നുകൂടി ഖത്വര്‍ തെളിയിച്ചു. ഒമാന്‍, കുവൈത്ത്, തുര്‍ക്കി, ഇറാന്‍, ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുമായെല്ലാം ഖത്വറിന്റെ നയതന്ത്ര സഹകരണം പ്രായോഗികമായ പാരസ്പര്യത്തിലേക്കു വികസിച്ചു. മിഡില്‍ ഈസ്റ്റിലെ സമുദ്രയാന കയറ്റിറക്കു വ്യാപാരകേന്ദ്രീകരണത്തിന്റെ കുത്തകാവസ്ഥയെപ്പോലും അതിജയിച്ചു കൊണ്ടാണ് ഖത്വര്‍ അതിജീവനത്തിന്റെ പുതിയ കപ്പല്‍ ചാലുകള്‍ നിര്‍മിച്ചത്.
മിഡില്‍ ഈസ്റ്റില്‍ മാത്രമല്ല, അമേരിക്ക, യൂറോപ്പ് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ മുന്നില്‍ വരെ രാഷ്ട്രീയ നയതന്ത്രത്തിന്റെ മികവു പ്രകടിപ്പിക്കാനും അംഗീകാരം നേടാനും ഖത്വറിനു സാധിച്ചു. സംഭാഷണം എന്ന അനിഷേധ്യമായ സമാധാന ഉപകരണത്തെയാണ് ഖത്വര്‍ രാഷ്ട്രീയ ആശയത്തിനായി ഉപയോഗിച്ചത്. ഇനിയും പ്രതിരോധിക്കാന്‍ സാധിക്കാത്തെ ഒരു ആയുധമായി ഖത്വറിന്റെ സംഭാഷണം എന്ന സന്നദ്ധത ജ്വലിച്ചു നില്‍ക്കുകയാണ്. ഉപരോധത്തിനു കാരണമായി ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ഓരോന്നായി നിഷേധിക്കുകയും അവക്കു തെളിവു ചോദിക്കുകയും ചെയ്തു കൊണ്ടാണ് ഖത്വര്‍ സംഭാഷണത്തിനു തയാര്‍ എന്ന ആശയം മുന്നോട്ടു വെച്ചത്. രാജ്യത്തിന്റെ പരമാധികാരം വകവെച്ചു തരണമെന്നും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നുമുള്ള രണ്ട് ന്യായമായ ഉപാധികള്‍ മാത്രമാണ് സംഭാഷണങ്ങള്‍ക്കായി ഖത്വര്‍ മുന്നോട്ടു വെച്ചത്.
രാഷ്ട്രീയജാഗ്രതയുടെ തിളക്കമാര്‍ന്ന നിലപാടുകള്‍ ഉയര്‍ത്തുന്നതിനൊപ്പം മാനവീകവും മൗലികവുമായ രാഷ്ട്രീയ സമീപനത്തെ ഉയര്‍ത്തുന്നതിലും ഖത്വര്‍ അസാമാന്യമായ മാതൃക പ്രകടിപ്പിച്ചു. ആക്ഷേപങ്ങള്‍കൊണ്ടും ആരോപണങ്ങള്‍ കൊണ്ടും അയല്‍ക്കാരെ നേരിടേണ്ടതില്ലെന്നു തീരുമാനിച്ച് ജനങ്ങളോട് അത് കല്‍പ്പിച്ചു. ഖത്വര്‍ സ്ഥാപനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പൗരന്‍മാരുടെ അഭിപ്രായങ്ങള്‍ക്കു വരെ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ഖത്വര്‍ എല്ലാം തുറന്നുവെച്ചു. രാജ്യത്തു നിന്ന് ആരെയും പറഞ്ഞയച്ചില്ല. തിരികെ ആക്ഷേപമുന്നയിക്കാനോ കെട്ടുകഥകള്‍ പ്രചരിപ്പിക്കാനോ തുനിഞ്ഞില്ല. രാഷ്ട്രീയം സത്യസന്ധത കൂടിയാണ് എന്ന സന്ദേശവും പ്രതിസന്ധിയിലെ അതിജീവന വര്‍ഷത്തില്‍ ഖത്വര്‍ പ്രദര്‍ശിപ്പിച്ചു. 2018 എന്ന പുതുവര്‍ഷം ഈ ചരിത്രത്തെ എങ്ങനെ മാറ്റിയെഴുതും എന്ന ചോദ്യത്തിലേക്കാണ് നാളെ പുലരുന്നത്.

മികവിന്റെ ഭരണചക്രം
രാജ്യം ചരിത്രത്തിലെ വലിയ പരീക്ഷണം നേരിട്ടപ്പോള്‍ പതറാതെ മികച്ച രീതിയില്‍ ഭരണചക്രം തിരിക്കുകയും ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെ അന്തസ്സും ആഭിജാത്യവും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തത് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച ഖത്വര്‍ ഗവണ്‍മെന്റ്. ഭരണ നയതന്ത്രജ്ഞതയുടെ മികവ് അതിന്റെ ഉച്ചിയില്‍ പ്രകടിപ്പിച്ച വര്‍ഷം കൂടിയാണ് കഴിഞ്ഞു പോകുന്നത്. ഒരു രാഷ്ട്രം എങ്ങനെ സംസാരിക്കണം, പ്രതികരിക്കണം, മറുപടി പറയണം, ജനങ്ങളോട് സംബോധന ചെയ്യണം എന്നിവയിലെല്ലാം ഖത്വര്‍ ഭരണകൂടം മികവു പുലര്‍ത്തുകയായിരുന്നു.
മധ്യസ്ഥശ്രമങ്ങള്‍കൂടി മുന്നില്‍ കണ്ട് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതു പോലും ഉപേക്ഷിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി നിശബ്ദത പാലിച്ചു. ആദ്യ ദിവസങ്ങളില്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ ഉപരോധം ബാധിക്കാതിരിക്കുന്നവിധം ഭരണചക്രം തിരിക്കുന്നതിലായിരുന്നു പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ താനിയുടെ ശ്രദ്ധ. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന പ്രസ്താവന നടത്താനും അദ്ദേഹം സന്നദ്ധമായി. മന്ത്രിസഭായോഗം വിളിച്ചു ചേര്‍ത്ത് മന്ത്രിമാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. പ്രശ്‌നത്തെക്കുറിച്ച് തുടര്‍ച്ചയായി പ്രതികരിക്കാനോ ഇടപെടാനോ പ്രധാനമന്ത്രിയുള്‍പ്പെടെ ഒരു മന്ത്രിമാരും സന്നദ്ധമായില്ല.
രാജ്യത്തിനകത്തും പുറം രാജ്യങ്ങള്‍ സന്ദര്‍ശിച്ചും ഖത്വറിനു വേണ്ടി സംസാരിച്ചത് വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനിയാണ്. അളന്നു മുറിച്ച വാക്കുകളില്‍ നയതന്ത്രജ്ഞതയുടെ അതിരുകള്‍ ലംഘിക്കാതെ അദ്ദേഹം ലോകരാജ്യങ്ങളില്‍ പോയി സംഭാഷണങ്ങളും സംവാദങ്ങളും നടത്തി. സൈനിക നീക്കത്തിന്റെ സൂചനകള്‍ കൂടി ഉയര്‍ന്ന ഉപരോധകാലത്ത് രാജ്യസുരക്ഷയുടെ കരുതലില്‍ നിന്ന് സൂക്ഷ്മതയോടെ പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു പ്രതിരോധ മന്ത്രി ഖാലിദ് മുഹമ്മദ് അല്‍ അത്വിയ്യ. രാജ്യത്തിന്റെ പ്രതിരോധശേഷിക്ക് ബലം നല്‍കുന്ന ആയുധ കരാറുകളില്‍ ഒപ്പു വെക്കുന്നതിനും സൈനിക സഹകരണ രാജ്യങ്ങളിലെത്തി സ്ഥിതിഗതികള്‍ വിശദീകരിക്കാനും അദ്ദേഹം സന്നദ്ധമായി. വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുടെ മികച്ച ചുവടുകള്‍ക്ക് അംഗീകാരമായി ഇരുവരെയും ഉപപ്രധാനമന്ത്രി റാങ്കുകളിലേക്ക് ഉയര്‍ത്താന്‍ അമീര്‍ ശൈഖ് തമീം സന്നദ്ധമായി. ഭരണമികവിനുള്ള അംഗീകാരമായിരുന്നു ഇത്.
ഉപരോധം മറയാക്കി മനുഷ്യാവകാശം വ്യാപകമായി ലംഘിക്കപ്പെട്ടപ്പോള്‍ മേഖലയിലും അന്താരാഷ്ട്ര തലത്തിലും ഈ പ്രശ്‌നത്തെ ഉയര്‍ത്തിക്കാട്ടി ലോകശ്രദ്ധ കൊണ്ടുവരാന്‍ ദേശീയ മനുഷ്യാവകാശ സമിതി ചെയര്‍മാന്‍ ഡോ. അലി സമൈക് അല്‍ മര്‍റിക്ക് സാധിച്ചു. മനുഷ്യാവകാശ സമിതി അധ്യക്ഷന്‍ നിറഞ്ഞു നിന്ന നാളുകളായിരുന്നു 2017ലെത്. മാനുഷികവും സാമൂഹികവും സാമ്പത്തികവുമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടത് ആഗോള ഏജന്‍സികള്‍ക്കു മുന്നില്‍ കൊണ്ടു വരാനായി.

ചരിത്രം രേഖപ്പെടുത്തി വികിപീഡിയ പേജ് 
2017 ഖത്വര്‍ നയതന്ത്ര പ്രതിസന്ധി എന്ന വികിപീഡിയ പേജ് ചരിത്രത്തില്‍ രാജ്യം നേരിട്ട രാഷ്ട്രീയ ഒറ്റപ്പെടുത്തലിന്റെ നാള്‍വഴികള്‍ രേഖപ്പെടുത്തുന്നു. ഈ വര്‍ഷം ഖത്വറിന്റെ ചരിത്രത്തില്‍ സുപ്രധാനമാണ് എന്നതിന്റെ വലിയ തെളിവുകൂടിയാണ് ലോക വ്യാപകമായി ആശ്രയിക്കുന്ന ഓണ്‍ലൈന്‍ വിശ്വവിജ്ഞാന കോശമായ വികിപീഡിയയിലെ പേജ്.
ജൂണ്‍ അഞ്ചിന് അയല്‍രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ച് മൂന്നു മണിക്കൂറിനുള്ളില്‍ തന്നെ വികിപീഡിയയില്‍ ഇംഗ്ലീഷ് പേജ് ആരംഭിച്ചുവെന്ന് ഹിസ്റ്ററി കാണിക്കുന്നു. തുടര്‍ന്ന് ഓരോ ദിവസവും അപ്‌ഡേറ്റുകളുണ്ടായി. റഫറന്‍സുകളായി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ലോക നേതാക്കളുടെ പ്രസ്താവനകളും ചേര്‍ക്കപ്പെട്ടു. വികിപീഡിയ പേജ് വ്യൂ കണക്കു പ്രകാരം പ്രതിദിനം 1500ലധികം പേര്‍ വിവരശേഖരണത്തിനായി ഖത്വര്‍ നയതന്ത്ര പ്രതിസന്ധി പേജ് സന്ദര്‍ശിക്കുന്നു. പ്രാഥമികമായി ഇംഗ്ലീഷില്‍ സൃഷ്ടിക്കപ്പെട്ട പേജ് അറബി ഉള്‍പ്പെടെ 38 ഭാഷകളിലേക്ക് മാറ്റിയും സന്ദര്‍ശകര്‍ ഉള്ളടക്കം ശ്രദ്ധിക്കുന്നു. ഇരുപതോളം എഡിറ്റര്‍മാര്‍ സജീവമായി ഇടപെട്ടാണ് ഖത്വറിന്റെ പ്രധാന രാഷ്ട്രീയ ചരിത്രത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. ലോകത്തെ സംഭവവികാസങ്ങളിലേക്ക് കണ്ണു തുറന്നിരിക്കുന്ന സാമൂഹിക മാധ്യമ പ്രവര്‍ത്തകരുടെ തത്സമയ പ്രവര്‍ത്തനങ്ങളിലൂടെയാണ് സംഭവങ്ങള്‍ ചരിത്രരേഖയാകുന്നത്. 2017 കൊഴിയുമ്പോള്‍ ഈ വര്‍ഷത്തോട് ചേര്‍ത്തുവെച്ച് ഒരു രാഷ്ട്രീയ സന്ദര്‍ഭം ഒരു വികിപീഡിയ അധ്യായമായി മാറുന്ന അപൂര്‍വം രാജ്യങ്ങളിലൊന്നാണ് ഖത്വര്‍.