പുതിയ വര്‍ഷത്തിലും നിലപാടില്‍ മാറ്റമില്ലെന്ന് ഉത്തര കൊറിയ

Posted on: December 30, 2017 11:46 pm | Last updated: December 30, 2017 at 11:46 pm

സിയൂള്‍: അമേരിക്കയും സഖ്യകക്ഷികളും ഭീഷണിയും സൈനിക പരിശീലനവും അവസാനപ്പിച്ചാലല്ലാതെ ആണവ പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്ന് ഉത്തര കൊറിയ. പുതിയ വര്‍ഷത്തില്‍ കൂടുതല്‍ ആയുധ പരീക്ഷണവുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിനിടെയാണ് ഉത്തര കൊറിയ നിലപാട് ആവര്‍ത്തിച്ചത്. ഔദ്യോഗിക മാധ്യമമായ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടു.

ഈ വര്‍ഷം സെപ്തംബറില്‍ ശക്തിയേറിയ ആണവ പരീക്ഷണം നടത്തിയ ഉത്തര കൊറിയ ജൂലൈ, നവംബര്‍ മാസങ്ങളിലായി മൂന്ന് ഭൂഖണ്ഡാന്തര മിസൈലുകള്‍ പരീക്ഷിക്കുകയും ചെയ്തിരുന്നു. അമേരിക്കയെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തിന് പോലും രാജ്യം സജ്ജമാണെന്ന വ്യക്തമായ സൂചനയായിരുന്നു ഉത്തര കൊറിയ നല്‍കിയത്. പ്രകോപനപരമായ പ്രസ്താവനകളും നിലാപടുകളും ഉത്തര കൊറിയക്കെതിരായ ആഗോള ഉപരോധത്തിന് വരെ വഴിവെച്ചു. അമേരിക്ക ശക്തമായ നിലപാടാണ് ഇക്കാര്യത്തില്‍ എടുത്തത്. ആണവ- മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്താതെ ഉത്തര കൊറിയയുമായി ചര്‍ച്ചകളില്ലെന്ന് അമേരിക്ക വ്യക്തമാക്കുകയും ചെയ്തു.

ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് പുതിയ വര്‍ഷത്തിലും നിലപാടുകളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കൊറിയന്‍ വാര്‍ത്താ ഏജന്‍സി ആവര്‍ത്തിച്ചത്.