ഒമാനി – മലയാളി കുടുംബങ്ങളുടെ ചരിത്ര സംഗമത്തിന് പ്രവാസ ലോകത്ത് വേദിയൊരുങ്ങുന്നു

ദുബൈ
Posted on: December 30, 2017 7:31 pm | Last updated: December 30, 2017 at 7:31 pm

കുടുംബ ബന്ധത്തിന്റെ കഥ പറയുന്ന ചരിത്ര സംഗമത്തിന് പ്രവാസ ലോകം വീണ്ടും സാക്ഷിയാകുന്നു. അറബി കല്യാണങ്ങള്‍ പതിവായിരുന്ന മലബാറില്‍ നിന്നുള്ള ഒരു കുടുംബം നാല് പതിറ്റാണ്ടിന് ശേഷം പിതാവിന്റെ കുടുംബത്തെ നേരില്‍ കാണാനൊരുങ്ങുകയാണ്. സാമൂഹിക മാധ്യമങ്ങളുടെ കാലത്ത് ഫെയ്‌സ്ബുക് തന്നെയാണ് ഇവിടെയും തുണയാകുന്നത്. ദുബൈയിലെ സാമൂഹിക പ്രവര്‍ത്തകന്‍ റഷീദ് വയനാടിന്റെ ഫെയ്‌സ്ബുക് പോസ്റ്റാണ് ഒരു മലയാളി കുടുംബത്തിന് ഒമാനിയായ തങ്ങളുടെ പിതാവിന്റെ കുടുംബത്തിലേക്കുള്ള വഴിതുറന്നത്.

ചരക്കുമായി കോഴിക്കോട്ടെത്തി കച്ചവടം നടത്തി തിരുച്ചുപോരുന്ന അറബികള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പുവരെ കേരളത്തില്‍ സജീവമായിരുന്നു. ഇങ്ങനെ പുറപ്പെടുന്ന അറബികളില്‍ പലരും കോഴിക്കോടും പരിസരങ്ങളിലും വിവാഹങ്ങള്‍ കഴിക്കുന്നതും പതിവായി. ഇത്തരത്തില്‍ തന്റെ 12ാം വയസില്‍ അറബി മാരന്‍ മിന്നു ചാര്‍ത്തിയതോടെ കോഴിക്കോട് തങ്ങള്‍സ് റോഡിലെ മൂസയുടെ മകള്‍ മറിയം ബീവിയും അറബ് നാട്ടിന്റെ മരുമകളായി. ഒമാന്‍ സ്വദേശിയായ അബ്ദുല്ല സാലം ഹസന്‍ അല്‍ അബ്രി എന്നി ഒമാനിയാണ് മറിയം ബീവിയെ താലി ചാര്‍ത്തിയത്.

വര്‍ഷത്തില്‍ ആറ് മാസം വരെ കോഴിക്കോട് വന്ന് വ്യാപാരം നടത്തിയിരുന്ന ഒമാനി കാലങ്ങള്‍ക്ക് ശേഷം വിവിധ കാരണങ്ങളാല്‍ കോഴിക്കോട്ടെത്തിയില്ല. വ്യാപാര ആവശ്യങ്ങള്‍ക്കായി ഒമാനികള്‍ ഉള്‍പെടെയുള്ള അറബികള്‍ കേരളത്തിലേക്ക് വരുന്നതും പിന്നീട് നിലച്ചു. സാങ്കേതിക വിദ്യകള്‍ വളര്‍ന്നെങ്കിലും മറിയംബീവിക്ക് തന്റെ പ്രയിതമനെ കാണാന്‍ മാത്രം അവസരം ലഭിച്ചില്ല. നാട്ടില്‍ നിന്ന് ഒമാനിലേക്ക് വരുന്നവരോട് ഭര്‍ത്താവിനെ കുറിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നെങ്കിലും ഫലം കണ്ടില്ല.

എന്നാല്‍, ആദ്യ കാലങ്ങളില്‍ തന്നെ രണ്ട് പെണ്‍കുട്ടികള്‍ ഇരുവരുടെയും ദാമ്പത്യ ജീവിതത്തില്‍ പിറക്കുകയും ചെയ്തു. അബ്ദുല്ല സാലം ഹസന്‍ അല്‍ അബ്രിയുടെ വരവ് നിലച്ചതോടെ കുട്ടികളുടെ ഭക്ഷണവും പഠനവും ഉള്‍പെടെയുള്ള ചെലവുകളെല്ലാം മറിയം ബീവി ചുമലിലേറ്റി. എങ്കിലും തന്റെ പ്രിയതമനെ എന്നെങ്കിലും കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷ ഇവര്‍ കൈവിട്ടില്ല. ഇതിനിടെ മക്കളെ വളര്‍ത്തി വിവാഹം ചെയ്യിപ്പിച്ച് അയക്കുകയും ചെയ്തു. നാട്ടില്‍ വിവിധ തൊഴില്‍ ചെയ്താണ് മറിയം ബീവി കുടുംബം പുലര്‍ത്തിയത്.
ഇതിനിടെയാണ് മകള്‍ ജമീല അടുത്തിടെ ഷാര്‍ജയില്‍ ജോലിക്കെത്തുന്നത്. അയല്‍ രാഷ്ട്രമായ ഒമാനിലെത്തി തങ്ങളുടെ പിതാവിനെ ഒരു നോക്ക് കാണണമെന്ന് ഇവരുടെ ആഗ്രഹം പലപ്പോഴും സഹപ്രവര്‍ത്തകരുമായി ഇവര്‍ പങ്കുവെച്ചു. അടത്തിടെയാണ് റഷീദ് വയനാട് എന്ന സാമൂഹിക പ്രവര്‍ത്തകനെ കാണുന്നതും തന്റെ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതും.

ജമീലയില്‍ നിന്ന് വിവരങ്ങള്‍ കേട്ടറിഞ്ഞ റഷീദ് തന്റെ ഫെയ്‌സ്ബുക് പേജില്‍ സംഭവം പോസ്റ്റ് ചെയ്യുകയും ചെയ്തു. ഒമാനില്‍ നിന്ന് നിരവധി പ്രവാസി മലയാളികള്‍ വിഷയം ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കുന്നതിനിടെയാണ് ഒരു വാട്‌സ്ആപ് കൂട്ടായ്മയിലെ പി ടി എ റഷീദ് സഹം, യൂസുഫ് ചേറ്റുവ എന്നിവര്‍ കുടുംബത്തെ കണ്ടെത്തിയത്.

എന്നാല്‍, ജമീലയുടെ പിതാവ് അബ്ദുല്ല സാലം ഹസന്‍ അല്‍ അബ്രി ഒമ്പത് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. കേരളത്തിലെ വ്യാപാര പ്രതീക്ഷകള്‍ അസ്തമിച്ചതോടെ ബഹ്‌ലയില്‍ കച്ചവടം നടത്തിവന്ന അദ്ദേഹം 20 വര്‍ഷത്തിന് ശേഷം മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ഈ വിവാഹത്തിലെ മക്കളെല്ലാം, തങ്ങളുടെ സഹോദരങ്ങള്‍ തങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് അറിഞ്ഞതിന്റെ സന്തോഷത്തിലാണ്. വിസ ലഭിക്കുന്നതിനുള്‍പെടെയുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഉടന്‍ തന്നെ ഈ ചരിത്ര സമാഗമത്തിന് വേദിയൊരുങ്ങും.