Connect with us

Kerala

6,000 കോടി കടമെടുക്കും

Published

|

Last Updated

തിരുവനന്തപുരം: വായ്പയെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി. ഈ സാമ്പത്തിക വര്‍ഷം ആറായിരം കോടി രൂപ കൂടി കടമെടുക്കാന്‍ കേരളത്തിന് അനുമതി. ഇതോടെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ട്രഷറി നിയന്ത്രണം നീങ്ങാനും കളമൊരുങ്ങി. ജനുവരി രണ്ടാം വാരത്തോടെ ട്രഷറി നിയന്ത്രണം ഒഴിവാകുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് അറിയിച്ചു. ചെലവഴിക്കാതെ കിടന്ന വിവിധ വകുപ്പുകളുടെ പണം ട്രഷറിയില്‍ നിന്ന് മാറ്റിയതോടെയാണ് വീണ്ടും വായ്പാനുമതി ലഭിച്ചത്. 13,000 കോടി രൂപയില്‍ ആറായിരം കോടി രൂപയാണ് മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയത്.

സാമ്പത്തിക ഞെരുക്കം മൂലം രണ്ട് മാസം മുമ്പാണ് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒരു ദിവസം അമ്പത് ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവഴിക്കുന്നത് തടഞ്ഞിരുന്നു. ശമ്പളം, ക്ഷേമ ആനുകൂല്യങ്ങള്‍, സ്വന്തം പേരില്‍ ട്രഷറി സേവിംഗ്‌സ് അക്കൗണ്ടില്‍ നിക്ഷേപിച്ച പണം എന്നിവ ഒഴികെ പിന്‍വലിക്കുന്നത് കര്‍ശനമായി നിയന്ത്രിച്ചു. കേന്ദ്രാനുമതിയുടെ പശ്ചാത്തലത്തില്‍ വീണ്ടും വായ്പയെടുക്കാന്‍ കളമൊരുങ്ങിയതോടെ ഈ പ്രതിസന്ധി നീങ്ങും. 25 ലക്ഷം രൂപക്ക് മുകളില്‍ വരുന്ന ബില്‍ തുക മാറുന്നതിന് മാത്രം മുന്‍കൂര്‍ അനുമതി മതിയാകും.
ഇരുപതിനായിരം കോടി രൂപയാണ് നടപ്പുസാമ്പത്തിക വര്‍ഷം വായ്പയെടുക്കാന്‍ അനുമതിയുണ്ടായിരുന്നത്. ഇതില്‍ ആദ്യ മൂന്ന് പാദത്തില്‍ തന്നെ 14,000 കോടി രൂപ വായ്പയെടുത്തു. എന്നാല്‍, പന്ത്രണ്ടായിരം കോടി രൂപയോളം വിവിധ വകുപ്പുകളുടെ സേവിംഗ്‌സ് അക്കൗണ്ടുകളിലായി ട്രഷറിയില്‍ നിക്ഷേപമായുണ്ടായിരുന്നു. കേന്ദ്ര ധന വകുപ്പ് ഇത് കണ്ടെത്തിയതോടെ ശേഷിക്കുന്ന ആറായിരം കോടി രൂപ വായ്പയെടുക്കുന്നത് തടയുകയായിരുന്നു. ഇതോടൊപ്പം നികുതി വരുമാനം കുറയുക കൂടി ചെയ്തതോടെയാണ് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കേന്ദ്ര നിര്‍ദേശം മറികടക്കുന്നതിന് മന്ത്രിസഭായോഗ തീരുമാനം അനുസരിച്ചാണ് വിവിധ വകുപ്പുകളുടെ ചെലവഴിക്കാതെ കിടന്ന തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയത്. ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി കേന്ദ്രത്തെ അറിയിച്ചതോടെ ആറായിരം കോടി രൂപ കൂടി വായ്പയെടുക്കാന്‍ അനുവദിക്കുകയായിരുന്നു. ഇത് സംബന്ധിച്ച ധനമന്ത്രാലയത്തിന്റെ ഉത്തരവും ഇന്നലെ ലഭിച്ചു.
പൊതുവിപണിയില്‍ നിന്ന് വായ്പയെടുക്കുന്നതിന് പുറമെ ട്രഷറി സേവിംഗ്‌സ് വഴി വായ്പയെടുത്താണ് മുന്‍ വര്‍ഷങ്ങളില്‍ പ്രതിസന്ധി മറികടന്നിരുന്നത്. ഈ വായ്പ കൂടി കേന്ദ്ര സര്‍ക്കാര്‍ പൊതുവിപണിയിലെ വായ്പക്കൊപ്പം ചേര്‍ക്കുകയായിരുന്നു. 13,000 കോടി രൂപയാണ് വിവിധ വകുപ്പുകളുടേതായി ട്രഷറിയിലുണ്ടായിരുന്നത്. ഇതില്‍ പത്ത് കോടിക്ക് മുകളിലെ നിക്ഷേപമാണ് പൂര്‍ണമായി മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയത്. ഇങ്ങനെ ആറായിരം കോടി രൂപയോളം ട്രഷറി അക്കൗണ്ടില്‍ നിന്ന് മാറിയതോടെയാണ് വായ്പാ നിയന്ത്രണം നീക്കിയത്. കരാറുകാരുടെ ബില്ലുകള്‍ മാറുന്നതിനും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ചെലവിടുന്നതിനുമുള്ള നിയന്ത്രണങ്ങളെല്ലാം ജനുവരി രണ്ടാം വാരത്തോടെ നീങ്ങുമെന്ന് ധനമന്ത്രി പറഞ്ഞു.