മാധ്യമ പ്രവര്‍ത്തനം ജനാധിപത്യത്തെ ശക്തിപ്പെടുത്തും : മാധ്യമ സംവാദം

Posted on: December 29, 2017 11:24 pm | Last updated: January 4, 2018 at 5:39 pm

കുന്ദമംഗലം: അസഹിഷ്ണുതയുടെ കാലത്ത് ഏറെ ജാഗ്രതയോടെ നിര്‍വഹിക്കപ്പെടേണ്ടതാണ് മാധ്യമ പ്രവര്‍ത്തനമെന്നും ജനാധിപത്യത്തെ കരുത്തുറ്റതാക്കുന്നതില്‍ നിസ്തുല പങ്ക് മാധ്യമങ്ങള്‍ വഹിക്കുന്നുവെന്നും മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ സംവാദം അഭിപ്രായപ്പെട്ടു. കേരളത്തിലെ പ്രമുഖരായ മാധ്യമ പ്രവര്‍ത്തകര്‍ സംബന്ധിച്ച സംവാദത്തില്‍ സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല വിഷയാവതരണം നടത്തി. സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ സമൂഹത്തെ ക്രിയാത്മകമായി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിസ്തുലമായ പങ്കുവഹിക്കുന്നുവെന്ന് സി മുഹമ്മദ് ഫൈസി പറഞ്ഞു.

മൂര്‍ച്ചയുള്ള വാക്കുകളിലൂടെ നഗ്‌ന യാഥാര്‍ഥ്യങ്ങള്‍ എഴുതിയതുകൊണ്ടാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്നും പലപ്പോഴും ഭീഷണികള്‍ക്കകത്ത് ജീവിക്കേണ്ട അവസ്ഥ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകുന്നുവെന്നും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡന്റ് കമാല്‍ വരദൂര്‍ അഭിപ്രായപ്പെട്ടു. നിഷ്പക്ഷമായും ജനഹിതത്തിനനുസരിച്ചും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോഴാണ് മാധ്യമ പ്രവര്‍ത്തനം മൂല്യവത്താകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒളിച്ചുവെക്കപ്പെടുന്നത് പുറത്ത് കൊണ്ട് വരുന്നതാണ് വാര്‍ത്തകളെന്ന് മലയാള മനോരമ സീനിയര്‍ എഡിറ്റര്‍ പി ജെ ജോഷ്വ പറഞ്ഞു. ഓരോ വ്യക്തിക്കും സ്വന്തമായി മാധ്യമ ഉടമകളാകാന്‍ പറ്റുന്ന കാലഘട്ടമാണിതെന്നും വാര്‍ത്തകള്‍ ജനകീയവത്കരിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ നിഷ്പക്ഷ പത്രപ്രവര്‍ത്തനത്തിനുള്ള സാഹചര്യങ്ങള്‍ കുറഞ്ഞു വരികയാണെന്ന് മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ മധു അഭിപ്രായപ്പെട്ടു. പരിമിതികളുണ്ടാകുമ്പോഴും അനീതികള്‍ക്കെതിരെ സക്രിയമായി മാധ്യമ പ്രവര്‍ത്തകര്‍ ഇടപെടുമ്പോഴാണ് നീതിയുക്തമായ സമൂഹങ്ങള്‍ സജീവമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തോടാണ് തങ്ങളുടെ പ്രാഥമിക ബാധ്യതയെന്ന നിലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇടപെടണമെന്നും വാര്‍ത്തകള്‍ കൃത്യമായി എത്തിക്കണമെന്നും ന്യൂസ്18 എഡിറ്റര്‍ ഇ സനീഷ് പറഞ്ഞു. വാര്‍ത്തകളില്‍ അസത്യം കലര്‍ത്തുന്നത് പാപമാണന്ന് ജീവന്‍ ടി വി എഡിറ്റര്‍ പി ജെ ആന്റണി പറഞ്ഞു. ബഹുസ്വര സമൂഹത്തിന്റെ നിലനില്‍പ്പിന് വേണ്ടിയാകണം മാധ്യമപ്രവര്‍ത്തകര്‍ നിലകൊള്ളേണ്ടതെന്ന് സിറാജ് അസി. ന്യൂസ് എഡിറ്റര്‍ മുസ്തഫ പി എറയ്ക്കല്‍ അഭിപ്രായപ്പെട്ടു. വി എസ് ഗോപിനാഥന്‍(ദേശാഭിമാനി), ഗള്‍ഫ് സിറാജ് മാനേജിംഗ് എഡിറ്റര്‍ ശരീഫ് കാരശ്ശേരി പങ്കെടുത്തു. അഡ്വ. സമദ് പുലിക്കാട് സ്വാഗതവും കെ കെ ശമീം നന്ദിയും പറഞ്ഞു.