പ്രതിരോധമരുന്നുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ കൊലയാളികള്‍: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

Posted on: December 29, 2017 10:12 pm | Last updated: December 29, 2017 at 10:12 pm
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ആരോഗ്യ ബോാധവത്ക്കരണ ശില്‍പ്പശാല എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: വാട്‌സ് ആപ്പിലൂടെയുംമറ്റും പ്രതിരോധ മരുന്നുകള്‍ക്കെതിരെ സന്ദേശമിടുന്നത് നല്ല പ്രവണതയല്ലെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ പ്രസ്താവിച്ചു. ഇങ്ങനെ ചെയ്യുന്നവര്‍ കുട്ടികളുടെ കൊലയാളികളാണ്. സമൂഹത്തിന്റെ ആരോഗ്യം എന്നു പറയുന്നത് രോഗമില്ലാത്ത പുതുതലമുറയാണെന്നും അദ്ദേഹം പറഞ്ഞു.

കലക്ടറേറ്റ് ആസൂത്രണസമിതി കാര്യാലയത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച പ്രതിരോധമരുന്നുകളുടെയും പരിസരശുചീകരണത്തിന്റെയും ആവശ്യകത സംബന്ധിച്ച കാസര്‍കോട് മണ്ഡലം ബോധവത്കരണ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ.
മരുന്നുകളുടെ ഉപയോഗം പോലെ തന്നെ പ്രധാനമാണ് വ്യാജമരുന്നുകള്‍ക്കും വ്യാജചികിത്സകര്‍ക്കും എതിരായ ബോധവല്‍ക്കരണം. ശുചിത്വബോധവും ശുചിത്വപ്രവര്‍ത്തനങ്ങളും സാമൂഹിക ആരോഗ്യത്തിനും പ്രതിരോധത്തിനും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ പരിസരങ്ങളില്‍ മാലിന്യങ്ങള്‍ കുന്നുകൂടാതിരിക്കാന്‍ പൊതുസമൂഹത്തിന്റെകൂടി ഇടപെടല്‍ ആവശ്യമാണെന്ന് കലക്ടര്‍ കെ ജീവന്‍ബാബു.പറഞ്ഞു.

ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാര്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഡി വി അബ്ദുല്‍ ജലീല്‍ എന്നിവര്‍ ആരോഗ്യ-ശുചിത്വ സന്ദേശം നല്‍കി. ജില്ലാ ആരോഗ്യ വകുപ്പിലെ ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ചന്ദ്രമോഹന്‍ ഇ വി സോദാഹരണ ക്ലാസെടുത്തു. ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ വിപുലമായ ശുചിത്വബോധവത്കരണ ഫോട്ടോ പ്രദര്‍ശനവുമുണ്ടായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍ സ്വാഗതവും അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടിജോണ്‍ നന്ദിയും പറഞ്ഞു. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, പഞ്ചായത് വകുപ്പ്, ഗ്രാമവികസന വകുപ്പ്, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ ശുചിത്വമിഷന്‍,കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.