രാഹുലിന്റെ യോഗത്തിനെത്തിയ എംഎല്‍എയും വനിത കോണ്‍സ്റ്റബിളും തമ്മിലടിച്ചു

Posted on: December 29, 2017 8:25 pm | Last updated: December 30, 2017 at 9:22 am

ഷിംല: ഹിമാചല്‍പ്രദേശ് തിരഞ്ഞെടുപ്പ് അവലോകന യോഗത്തിനെത്തിനെത്തിയ എംഎല്‍എയും വനിതാ കോണ്‍സ്റ്റബിളും തമ്മിലടിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത യോഗമായിരുന്നു. ആശാ കുമാരിയെന്ന എംഎല്‍എയെ വനിതാ കോണ്‍സ്റ്റബിള്‍ തടഞ്ഞതാണ് പ്രശ്‌നത്തിനു കാരണം.

യോഗ സ്ഥലത്തേയ്ക്കു കടക്കുന്നത് തടഞ്ഞ വനിതാ കോണ്‍സ്റ്റബിളിനെ ആശാകുമാരി അടിക്കുകയായിരുന്നു. അടിയേറ്റ വനിതാ കോണ്‍സ്റ്റബിള്‍ ഉടന്‍ തിരിച്ചു തല്ലിയതോടെ രംഗം വഷളായി. അടിയുടെ വിഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. എഐസിസി സെക്രട്ടറിയായ ആശാ കുമാരിക്കാണ് പാര്‍ട്ടി പഞ്ചാബിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

യോഗത്തിനെത്തിയ തന്നെ വനിതാ കോണ്‍സ്റ്റബിള്‍ പിടിച്ചുതള്ളുകയായിരുന്നുവെന്ന് ആശാകുമാരി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. എനിക്ക് അവരുടെ അമ്മയുടെ പ്രായമുണ്ട്. ഞാന്‍ ദേഷ്യപ്പെടാന്‍ പാടില്ലായിരുന്നെന്ന് സമ്മതിക്കുന്നു. അതില്‍ ക്ഷമ ചോദിക്കുന്നു. ആശാ കുമാരി പറഞ്ഞു