ദുബൈ ഫ്രെയിമിന്റെ നിര്‍മിതിയില്‍ മലയാളിയുടെ കരസ്പര്‍ശവും

Posted on: December 29, 2017 7:48 pm | Last updated: December 29, 2017 at 7:48 pm

ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാകുന്ന ദുബൈ ഫ്രെയിമിന്റെ നിര്‍മിതിക്ക് പിന്നില്‍ മലയാളിയുടെ കര സ്പര്‍ശം. ദുബൈ ഫ്രെയിമിന്റെ നിര്‍മാണ ചുമതലയുള്ള കമ്പനിയുടെ റസിഡന്റ് എന്‍ജിനിയറും പാലക്കാട് കുന്നത്തൂര്‍ മേട് ഗഗനം നിവാസില്‍ അര്‍മുഖന്‍-കല്യാണി ദമ്പതികളുടെ മകനുമായ രവികുമാറിനാണ് നിര്‍മാണ പ്രവര്‍ത്തികളുടെ മേല്‍നോട്ട ചുമതല ഉണ്ടായിരുന്നത്. നിര്‍മാണ ഘട്ടത്തില്‍ തന്നെ വിശ്വ വിഖ്യാതമായ ദുബൈ ഫ്രെയിമിന്റെ നിര്‍മാണം പുരോഗമിക്കുന്ന ഓരോ ഘട്ടവും അതീവ വെല്ലുവിളികള്‍ നേരിടുന്ന നിമിഷങ്ങളായിരുന്നുവെന്ന് രവികുമാര്‍ സ്മരിക്കുന്നു. ലോക വിനോദ സഞ്ചാരികളെയടക്കം ഫ്രെയിമിന്റെ ആസ്വാദകര്‍ക്ക് വ്യതിരിക്തമായ വാസ്തുശില്‍പ ഭംഗി ആസ്വദിക്കുന്നതിനൊപ്പം മികച്ച സുരക്ഷയോടുകൂടിയ വീക്ഷണ പ്രതലമൊരുക്കുവാനുള്ള ബ്രിഡ്ജിന്റെ നിര്‍മാണമായിരുന്നു ഏറെ ശ്രമ കരം. രണ്ട് ദിവസത്തില്‍ കൂടുതല്‍ എടുത്താണ് വീക്ഷണ പ്രതലത്തോടുകൂടിയുള്ള ബ്രിഡ്ജ് മുകളിലേക്കെത്തിക്കുന്ന പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്. നടപ്പാതയും താഴെ നിരപ്പിലെ കാഴ്ചകള്‍ വീക്ഷിക്കാവുന്ന ഗ്ലാസ് പ്രതലവും കൂടിയ മേല്‍ തട്ടിലെ ബ്രിഡ്ജ് ഉരുക്കുകൊണ്ടാണ് നിര്‍മിച്ചത്. ഇരു വശങ്ങളിലെ 150 മീറ്റര്‍ ഉയരമുള്ള കൂറ്റന്‍ തൂണുകള്‍ കോണ്‍ക്രീറ്റില്‍ ഒരുക്കി സ്‌റ്റൈന്‍ലെസ്സ് സ്റ്റീല്‍ പാകി അവയില്‍ സ്വര്‍ണം പൂശിയതാണ്.

ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയമായ കാല്‍വെപ്പുകള്‍ നടത്തുന്ന ദുബൈ മുന്‍സിപ്പാലിറ്റിയുടെ സ്വപ്‌ന പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് രവികുമാര്‍ സിറാജിനോട് പറഞ്ഞു. വിശ്വോത്തരമായ ബുര്‍ജ് ഖലീഫ, എമിറേറ്റ്‌സ് ടവേഴ്‌സ്, മാരിയറ്റ് ഹോട്ടലിലെ സ്‌കൈ വാക് ബ്രിഡ്ജ് തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തികളില്‍ റസിഡന്റ് എന്‍ജിനീയറായി രവി കുമാര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കണ്ണൂര്‍ എന്‍ജിനിയറിങ് കോളജില്‍ ആദ്യ ബാച്ചില്‍ പഠിച്ചിറങ്ങിയ രവികുമാര്‍ 25 വര്‍ഷമായി ദുബൈയില്‍ ജോലിചെയ്യുന്നു. ഭാര്യ അഡ്വ. സ്മിത, മക്കള്‍ വിഹായസ്, നഭസ്. അംബര ചുംബികളോടുള്ള പ്രണയം മൂലം തന്റെ വസതിക്കും മക്കള്‍ക്കും ആകാശത്തിന്റെ പര്യായമാണ് നാമകരണം ചെയ്തിരിക്കുന്നതെന്ന് രവികുമാര്‍ ഓര്‍ത്തെടുക്കുന്നു.