Connect with us

Gulf

വിസ്മയ കാഴ്ചകള്‍: ദുബൈ ഫ്രെയിം പുതുവത്സരദിന സമ്മാനം

Published

|

Last Updated

ദുബൈയുടെ ഭൂത, വര്‍ത്തമാന, ഭാവി കാലങ്ങളിലേക്കു അവിസ്മരണീയവും നയനാനന്ദകരവുമായ യാത്ര. ദുബൈയില്‍ മറ്റൊരു വിസ്മയമായ ദുബൈ ഫ്രെയിം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ തുറന്നത് ആകാശത്തുനിന്നുള്ള അത്ഭുത കാഴ്ചകള്‍. ഇന്നലെ ഉച്ചയോടെയാണ് കറാമ സഅബീല്‍ ഉദ്യാനത്തിലെ സുവര്‍ണ ചതുര്‍ സ്തൂപത്തിലേക്ക് മാധ്യമപ്രവര്‍ത്തകരെ ദുബൈ നഗരസഭ ക്ഷണിച്ചത്. മിക്ക മാധ്യമ പ്രതിനിധികളും എത്തി. പൊതുജനങ്ങള്‍ക്ക് ജനുവരി ഒന്നു മുതല്‍ തുറന്നുകൊടുക്കും.

സഅബീല്‍ ഉദ്യാനത്തിലെ നാലാം കവാടത്തിലൂടെയാണ് പ്രവേശനം. ആദ്യ ലിഫ്റ്റിലേക്ക് എസ്‌കലേറ്ററിലൂടെ മാധ്യമപ്രവര്‍ത്തകക്കൂട്ടം ഓരോ സംഘമായി കയറി. പ്രവേശന സ്ഥലത്തു ആധുനിക ദുബൈയുടെ ശില്‍പി ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ ചിത്രം ആലേഖനം ചെയ്ത മാര്‍ബിള്‍ ഫലകം. അത് കഴിഞ്ഞാല്‍ പഴയ കാല ദുബൈയുടെ ചിത്രങ്ങളും ശേഷിപ്പുകളും അടയാളപ്പെടുത്തിയ കോറിഡോറിലേക്ക്. അവിടെ നിന്ന് ലിഫ്റ്റില്‍ 150 മീറ്റര്‍ ഉയരത്തിലേക്ക്. ലിഫ്റ്റിറങ്ങുമ്പോള്‍ സ്ഥലജല വിഭ്രാന്തി സൃഷ്ടിക്കുന്ന അനുഭവങ്ങളാണ്. ഒരു ഭാഗത്തു ദൂരെ അംബരചുംബികള്‍ നിരന്നുനില്‍ക്കുന്ന ആധുനിക ദുബൈ. മറുഭാഗത്തു അനേകം കൊച്ചു കെട്ടിടങ്ങള്‍ പരന്നുകിടക്കുന്ന പുരാതന ദുബൈ.

ദുബൈ ഫ്യൂച്ചര്‍ ഗാലറി, സ്‌കൈ ഡെക്ക്, സോഷ്യല്‍ മിഡിയാ വോള്‍, കരകൗശല വസ്തുക്കളുടെ കട എന്നിവയാണ് അകത്തളങ്ങളില്‍. വടക്ക് ഭാഗത്ത് ശൈഖ് സായിദ് റോഡിനോടു ചേര്‍ന്നുള്ള കെട്ടിടങ്ങളടങ്ങുന്ന പുതിയ ദുബൈയും, തെക്കു ഭാഗത്ത് ദേര, ഉമ്മു ഹുറൈര്‍, കറാമ തുടങ്ങിയ സ്ഥലങ്ങളടങ്ങിയ പഴയ ദുബൈയും.

ഏറ്റവും വിസ്മയിപ്പിക്കുന്നത് 150 മീറ്റര്‍ താഴെയുള്ള കാഴ്ചകള്‍ തുറന്നിടുന്ന കണ്ണാടി പ്രതലമാണ്. ഇതില്‍ നടക്കാന്‍ അല്‍പം ഭയക്കും. ലംബമായുള്ള ഫ്രെയിം പാതയില്‍ കൗതുകമുണര്‍ത്തുന്ന കാഴ്ചകള്‍ വേറെയുമുണ്ട്. ചെറിയ ഇലക്ട്രോണിക്‌സ് സ്തൂപത്തില്‍ പേരെഴുതിയാല്‍ സ്‌ക്രീനില്‍ തെളിയും. കണ്ണാടിപ്പാലത്തിലൂടെ നടക്കുമ്പോള്‍ പഴയ ദുബൈയെ 360 ഡിഗ്രിയില്‍ ആസ്വദിക്കാനാകും. എതിര്‍വശത്തെ ലിഫ്റ്റിലൂടെ ഇറങ്ങി വരുമ്പോള്‍ എത്തിപ്പെടുന്നത് ഭാവി ദുബൈയുടെ വിവിധ മുഖങ്ങള്‍ അനാവരണം ചെയ്യുന്ന ത്രീ ഡി പ്രദര്‍ശനത്തിലേക്ക്.

50 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ളത് എങ്ങനെയായിരിക്കുമെന്ന ഫ്യൂച്ചര്‍ ദുബൈ വിഡിയോ പ്രദര്‍ശനമാണത്.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ വികസന പരിപ്രേക്ഷ്യ വാക്യത്തോടെയാണ് പ്രദര്‍ശനം തുടങ്ങുന്നത്. വരാനിരിക്കുന്ന ദുബൈ പാതകളിലൂടെ പൈലറ്റില്ലാ പേടകങ്ങള്‍ തലങ്ങും വിലങ്ങും കുതിക്കും. ചൊവ്വാ ഗ്രഹത്തില്‍ ദുബൈയുടെ ചെറു നഗരം ഉണ്ടാകും.

മണിക്കൂറില്‍ 200 പേരെ മാത്രമായിരിക്കും ദുബൈ ഫ്രെയിമിനകത്ത് പ്രവേശിപ്പിക്കുക. ഇതിനായി ഉടന്‍ പുറത്തിറക്കുന്ന മൊബൈല്‍ ആപ് /വെബ് സൈറ്റ്‌വഴി ബുക്ക് ചെയ്യണം. മുതിര്‍ന്നവര്‍ക്ക് 50, കുട്ടികള്‍ക്ക് 20 ദിര്‍ഹമാണ് പ്രവേശന നിരക്ക്. മൂന്ന് വയസിന് താഴെയുള്ളവര്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും സൗജന്യ പ്രവേശനം അനുവദിക്കും.

മൊത്തം 7,145 ചതുരശ്ര മീറ്ററിലാണ് ദുബൈ ഫ്രെയിം സ്ഥിതി ചെയ്യുന്നത്. പകല്‍ സ്വര്‍ണ നിറത്തിലാണ് ദുബൈ ഫ്രെയിം തിളങ്ങുന്നതെങ്കില്‍ രാത്രിയില്‍ നിറംമാറ്റം വരും. ഇതില്‍ കയറുന്ന ഒരാള്‍നഗരം മുഴുവന്‍ കണ്ടിരിക്കും. മേഘങ്ങള്‍ക്ക് നടുവിലിരുന്നു നാടുകാണുന്ന അനുഭവം സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമായിരിക്കും. ആകാശത്തൊരു പാലമിട്ടു അതില്‍ നിന്നു ദൂരക്കാഴ്ചകള്‍ ഒരു മായാസ്വപ്‌നത്തിലെന്ന വണ്ണം കണ്ടു മടക്കം.

 

Latest