Connect with us

Editorial

ഹെഗ്‌ഡെ വെറുതെ പറഞ്ഞതല്ല

Published

|

Last Updated

മതേതരത്വത്തെക്കുറിച്ചു കേന്ദ്ര തൊഴില്‍ സഹമന്ത്രിയും ബി ജെ പി നേതാവുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെ നടത്തിയ പ്രസ്താവന വന്‍വിവാദമായിരിക്കയാണ്. “ഭരണഘടന നിരവധി തവണ ഭേദഗതികള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. ഭേദഗതിചെയ്യാന്‍ വേണ്ടുന്ന ഭൂരിപക്ഷം ഞങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ മതേതരത്വവും ഭേദഗതിചെയ്യും. ഭരണഘടന മാറ്റാന്‍ കൂടിയാണ് ഞങ്ങള്‍ അധികാരത്തിലേറിയത്. ഞങ്ങളത് ചെയ്യു”മെന്നായിരുന്നു കര്‍ണാടകയിലെ യെല്‍ബുര്‍ഗയില്‍ ബ്രാഹ്മണ യുവ പരിഷത്ത് സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്. വിഷം ചീറ്റുന്ന പ്രസ്താവനകള്‍ക്ക് കുപ്രസിദ്ധനാണ് നേരത്തേ തന്നെ അനന്ത് കുമാര്‍ ഹെഗ്‌ഡെ. ഇസ്‌ലാമിനെ ലോകത്ത് നിന്ന് തുടച്ചു നീക്കണമെന്നും ഇസ്‌ലാം ഉള്ള കാലത്തോളം തീവ്രവാദം ഇല്ലാതാക്കാനാവുകയില്ലെന്നും മംഗലാപുരത്ത് ഒരു പരിപാടിയില്‍ അദ്ദേഹം പ്രസംഗിച്ചത് മാര്‍ച്ചിലാണ്. രണ്ട് മാസം മുമ്പ് ടിപ്പു ജയന്തിയുമായി ബന്ധപ്പെട്ട് കര്‍ണാടക ചീഫ് സെക്രട്ടറിക്ക് അയച്ച ഒരു കത്തില്‍ ടിപ്പു സുല്‍ത്താനെ വളരെ മോശമായ ഭാഷയിലാണ് ഹെഗ്‌ഡെ അധിക്ഷേപിച്ചത്.

ഇപ്പോള്‍ അദ്ദേഹം മതേതരത്വത്തെ തള്ളിപ്പറഞ്ഞതോടെ കോണ്‍ഗ്രസും ഇതര പ്രതിപക്ഷ കക്ഷികളും വിഷയം ഏറ്റെടുക്കുകയും ഭരണഘടന മാറ്റിയെഴുതുമെന്ന് പറഞ്ഞ ഹെഗ്‌ഡെ മന്ത്രിസ്ഥാനത്തും പാര്‍ലിമെന്റ് അംഗമായും തുടരുന്നതിന്റെ ഔചിത്യം ചോദ്യം ചെയ്ത് ബുധനാഴ്ച പാര്‍ലിമെന്റ് സ്തംഭിപ്പിക്കുകയുമുണ്ടായി. മന്ത്രിയുടെ ഈ പ്രസ്താവനയോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാറും ബി ജെ പിയും ഒഴിഞ്ഞുമാറുന്നത്. ഏതായാലും പ്രശ്‌നം രൂക്ഷമായതോടെ അദ്ദേഹംവിവാദ പരാമര്‍ശത്തില്‍ അദ്ദേഹം മാപ്പ് പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനക്ക് എതിരെ പോകാന്‍ കഴിയില്ലെന്നും ഭരണഘടനയെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം തിരുത്തിപ്പറയേണ്ടിവന്നു. മതേതരത്വത്തെ ബി ജെ പി തള്ളിപ്പറയുന്നത് ഇതാദ്യമല്ല. ഭരണഘടനാ ശില്പി ഡോ. ബി ആര്‍ അംബേദ്കറുടെ 125ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി പാര്‍ലിമെന്റില്‍ നടന്ന ചര്‍ച്ചക്കിടെ, മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ് സംസാരിച്ചിരുന്നു. മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കാന്‍ അംബേദ്കര്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സമത്വം, മതേതരത്വം എന്നിവ ഭാരതീയ സംസ്‌കാരത്തില്‍ അന്തര്‍ലീനമാണെന്നുമായിരുന്നു രാജ്‌നാഥിന്റെ അന്നത്തെ പ്രസ്തവന.

ഹിന്ദുത്വ സിദ്ധാന്തത്തില്‍ അധിഷ്ഠിതമായ സമത്വമാണ് ഇന്ത്യയില്‍ നടപ്പിലാക്കേണ്ടതെന്നും എല്ലാമതങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കുന്ന മതേതരത്വമല്ലെന്നുമാണ് സിംഗ് പറഞ്ഞു വെച്ചതിന്റെയും ഹെഗ്‌ഡെ പറഞ്ഞതിന്റെയുമൊക്കെ താത്പര്യം. ഇത് ബി ജെ പിയെ നിയന്ത്രിക്കുന്ന ആര്‍ എസ് സിന്റെ സ്ഥാപിത ലക്ഷ്യവുമാണ്. ഹിന്ദുരാഷ്ട്രം എന്ന ആശയവുമായാണ് 1925ല്‍ നാഗ്പൂരില്‍ ആര്‍ എസ് എസ് ഉടലെടുക്കുന്നത് തന്നെ. എല്ലാ മതങ്ങള്‍ക്കും തുല്യപ്രാധാന്യമുള്ള ഒരു രാഷ്ട്രമെന്ന ആശയത്തോട് ഈ സംഘടനക്ക് അശേഷം യോജിപ്പില്ല. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും തുല്യാധികാരങ്ങളുള്ള ഇന്ത്യയെ അതിശക്തമായി എതിര്‍ക്കുന്ന മുഖപ്രസംഗവുമായിട്ടാണ് ആര്‍ എസ് എസിന്റെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന്റെ ആദ്യ പതിപ്പ് 1947 ജൂലൈ മൂന്നിന് ഇറങ്ങിയതു തന്നെ.”ഹിന്ദുസ്ഥാന്‍ ഭരിക്കുന്നത് ഹിന്ദുക്കളായിരിക്കും. രാജ്യഘടന ഹിന്ദുമതത്തിന്റെ സുരക്ഷിതാടിത്തറയിലാകും കെട്ടിപ്പടുക്കുക. നമ്മുടെ രാഷ്ട്രം കെട്ടിപ്പടുക്കേണ്ടത് ഹിന്ദുക്കളാലും ഹൈന്ദവ പാരമ്പര്യത്താലും സംസ്‌കാരത്താലും ആശയത്താലും അഭിലാഷങ്ങളാലു മായിരിക്കണ”മെന്നു 1947 ആഗസ്റ്റ് 14ന്, രാജ്യം സ്വാതന്ത്ര്യമാകുന്നതിന്റെ തലേദിവസവും ഓര്‍ഗനൈസര്‍ എഴുതി. സ്വാതന്ത്ര്യാനന്തരം ഗാന്ധിജിയുടെ നേതൃത്വത്തില്‍ വരാനിരിക്കുന്നത് ഹിന്ദുത്വരാഷ്ട്രമായിരിക്കില്ലെന്നറിയാവുന്നത് കൊണ്ടാണ് സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളോട് സംഘടന സഹകരിക്കാതിരുന്നത്. ഹിന്ദുത്വരാഷ്ട്ര വാദത്തില്‍ ഒരു തെറ്റുമില്ലെന്നും ഹിന്ദുത്വം ഒരു ജീവിത രീതിയാണെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ ദൂരദര്‍ശനുമായുള്ള ഒരു അഭിമുഖത്തില്‍ പറഞ്ഞതും ഇതോടു ചേര്‍ത്തു വായിക്കേണ്ടതാണ്.
ഇന്ത്യയെപ്പോലെ വിവിധ മതസ്ഥരും ജാതികളും അധിവസിക്കുന്ന ഒരു രാജ്യത്ത് മതേതരത്വം ഒട്ടും പോറലേല്‍ക്കാതെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ജനാധിപത്യവും സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ബഹുസ്വരതയും മതനിരപേക്ഷതയുമാണ് രാജ്യത്തിന്റെ ശക്തി. ഭാഷാ വൈവിധ്യങ്ങളെയും,ജാതി വൈജാത്യങ്ങളെയും, മതന്യൂനപക്ഷങ്ങളെയും ഉള്‍ക്കൊണ്ടും പരിഗണിച്ചുമായിരിക്കണം രാജ്യം മുന്നോട്ട് പോകേ ണ്ടത്. ന്യൂനപക്ഷ മതങ്ങളും അവകാശങ്ങളും അധികാരങ്ങളും അംഗീകരിക്കപ്പെടുക എന്നത് ജനാധിപത്യത്തിന്റെ അന്തഃസത്തയുമാണ്. പകരം ഇതൊരു ഹിന്ദുരാഷ്ട്രമായി മാറിയാല്‍ ഒടുങ്ങാത്ത മതവൈരത്തിനും കലഹങ്ങള്‍ക്കും ഇടനല്‍കും. നിലവില്‍ മതേതര ജനാധിപത്യം വിഭാവനം ചെയ്യുന്ന ഒരു ഭരണഘടനക്ക് കീഴില്‍ ബി ജെ പി അധികാരത്തിലെയപ്പോഴേക്ക് തന്നെ ഹിന്ദുത്വ ഫാസിസം ഭീകര രൂപം പ്രാപിച്ചു രാജ്യത്തുടനീളം കൊലയും അക്രമവും നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നിരിക്കെ ഭരണഘടനയില്‍ നിന്ന് മതേതരത്വം എടുത്തുമാറ്റുകയും ഒരു ഹിന്ദുരാഷ്ട്രമായി മാറുകയും ചെയ്താലുള്ള അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മതേതരത്വം എടുത്തുമാറ്റാന്‍ മോദി സര്‍ക്കാറിന് സാധ്യമല്ലെങ്കിലും അതിനുള്ള അവസരം പാര്‍ത്തു കഴിയുകയാണ് അവരെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മതേതര ശക്തികള്‍ സദാജാഗ്രത പുലര്‍ത്തേണ്ടതാണ്.