മുജാഹിദുകള്‍ സയ്യിദന്മാരെ ചൂഷണം ചെയ്യുന്ന വിധം

Posted on: December 29, 2017 6:30 am | Last updated: December 29, 2017 at 1:08 am

കേരളത്തിലെ സലഫിസ്റ്റുകള്‍ മുസ്‌ലിം മുഖ്യധാരയിലേക്ക് കയറിപ്പറ്റാന്‍ രാഷ്ട്രീയ പാര്‍ട്ടിയെ ഉപയോഗപ്പെടുത്തിയത് പോലെ സയ്യിദന്മാരെ വെച്ചും പല ചൂഷണങ്ങളും നടത്തിയിട്ടുണ്ട്. നബി കുടുംബത്തിന്റെ അസ്തിത്വം തന്നെ നിഷേധിക്കുന്നവരാണ് ഈ മുജാഹിദുകള്‍ എങ്കിലും.
സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളോടൊപ്പം രാഷ്ട്രീയ വേദിയില്‍ പങ്കെടുക്കുകയും ഉദ്ഘാടനം ചെയ്ത് തങ്ങള്‍ പോകുമ്പോള്‍, ഇനി പ്രസംഗിക്കാനിരിക്കുന്ന മൗലവി മാരുടെ പ്രഭാഷണം കഴിഞ്ഞേ എല്ലാവരും പോകാവൂ എന്ന് തങ്ങളെ കൊണ്ട് പറയിപ്പിക്കുകയും ചെയ്യും. തികച്ചും രാഷ്ട്രീയ കാര്യങ്ങള്‍ മാത്രം പറയുന്ന ആ വേദിയില്‍ വെച്ച് തങ്ങള്‍ ആ കാര്യം സദസ്സിനെ ഉണര്‍ത്തും. ഉജ്ജ്വലമായ രാഷ്ട്രീയ പ്രസംഗം നടത്തിയ മൗലവിമാര്‍ അടുത്ത ആഴ്ച അതേ സ്ഥലത്ത് വീണ്ടും പരിപാടി സംഘടിപ്പിക്കും. ഇത് ഇസ്‌ലാഹീ പ്രഭാഷണം എന്ന ബാനറിലായിരിക്കും. മുജാഹിദ് പ്രഭാഷണങ്ങള്‍ക്ക് ചെവി കൊടുക്കാതിരുന്ന സുന്നികളോട് തങ്ങള്‍ കഴിഞ്ഞ ആഴ്ച ‘നിങ്ങള്‍ പ്രഭാഷണം കേള്‍ക്കണം’ എന്നുണര്‍ത്തിയ മൗലവിയാണ് ഇന്നും പ്രസംഗിക്കുന്നത് എന്ന് പറഞ്ഞാണ് ക്ഷണിക്കുക.

ഇതുപോലെ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുറ്റത്ത് നിര്‍മിക്കുന്ന ക്യാമ്പസ് പള്ളികളുടെ ഉദ്ഘാടനത്തിന് രാഷ്ട്രീയ നേതാക്കളെ ഉപയോഗിച്ച് സയ്യിദന്മാരെ ക്ഷണിക്കും. തിരൂരങ്ങാടി പി എസ് എം ഒ കോളജ് ക്യാമ്പസില്‍ നിര്‍മിച്ച പള്ളി ഉദ്ഘാടനം സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളെ കൊണ്ട് അങ്ങനെയാണ് നിര്‍വഹിപ്പിച്ചത്. പിന്നീട് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ച പള്ളിയാണ്, സുന്നികള്‍ക്കും ഇവിടെ തന്നെ വന്നു നിസ്‌കരിക്കാം എന്ന് പറഞ്ഞ് ക്ഷണിക്കും.
വാഴയൂരിലെ സാഫീ കോളജ് ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ക്ക് നിസ്‌കരിക്കാനൊരു പള്ളി എന്ന് പറഞ്ഞാണ് മസ്ജിദ് നിര്‍മിച്ചത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെക്കൊണ്ടാണ് അത് ഉദ്ഘാടനം ചെയ്യിച്ചത്. അവിടെ പിന്നീട് മലയാള ഖുതുബ നിടത്തുന്ന ജുമുഅ ആണ് ആരംഭിച്ചത്. ഭാവിയില്‍ ശിഹാബ് തങ്ങള്‍ മുജാഹിദ് പള്ളി ഉദ്ഘാടനം ചെയ്തിട്ടുണ്ടെന്ന് ചരിത്രമുണ്ടാക്കുകയാണ് ലക്ഷ്യം. ഒരു ഭാഗത്ത് സയ്യിദന്മാരെ ശിര്‍ക്കും കുറാഫാത്തും ആരോപിച്ച് നിന്ദിക്കുമ്പോള്‍ തന്നെ മറുഭാഗത്ത് അവരെ വെച്ച് തങ്ങളുടെ വികലമായ ആശയത്തെ ഒളിച്ചുകടത്താനും ഇവര്‍ നിരന്തരം ശ്രമിച്ചിട്ടുണ്ട്.

1970ല്‍ മലപ്പുറം കോട്ടപ്പടിയില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ സുന്നികള്‍ നടത്തിയ ഈദ്ഗാഹില്‍ പി എം എസ് എ പൂക്കോയ തങ്ങള്‍ ജമാഅത്ത് നിന്ന് നിസ്‌കരിക്കുകയും ഇതിന്റെ പ്രധാന സംഘാടകനായ മൊയ്തു ഹാജിയുടെ സുഹൃത്തായ പി വി എസ് പൂക്കോയ തങ്ങള്‍ അറബിയില്‍ രണ്ട് ഖുതുബ നിര്‍വഹിക്കുകയുമാണ് ഉണ്ടായതെന്ന് ആ ഈദ്ഗാഹ് ഒരുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച പത്തായപുരക്കല്‍ മുഹമ്മദ് മുസ്‌ലിയാര്‍ സാക്ഷ്യപ്പെടുത്തുമ്പോഴും അവിടെ മലയാള ഖുതുബ നിര്‍വഹിച്ചത് പി പി അബ്ദുല്‍ ഗഫൂര്‍ മൗലവിയാണെന്ന കള്ള ചരിത്രം മെനഞ്ഞുണ്ടാക്കിയതിന് പിന്നിലും തങ്ങന്മാരുടെ പേരില്‍ മുജാഹിദ് ആശയത്തിന് പിന്തുണ നേടിയെടുക്കാനുള്ള ഹീന ശ്രമമാണ്.
മുജാഹിദുകള്‍ സയ്യിദന്മാരെ ചൂഷണം ചെയ്ത് തങ്ങളുടെ ആദര്‍ശം ഒളിച്ചുകടത്താന്‍ ശ്രമിച്ചതിന്റെ ഒരു ഭീകരചത്രം ഹരിത് ബുക്‌സ് 1985ല്‍ പ്രസിദ്ധീകരിച്ച സി എച്ച് മുഹമ്മദ് കോയ (രാഷ്ട്രീയ ജീവചരിത്രം) എന്ന പുസ്തകത്തില്‍ കാണാം. മുജാഹിദുകാരനായ എം സി വടകര രചിച്ച പുസ്തകത്തില്‍ ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരെ സംബന്ധിച്ച് എഴുതുന്നു: കുറ്റിച്ചിറയില്‍ സുന്നി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നബിദിന യോഗം. നബിയുടെ മദ്ഹുകള്‍ വിവരിക്കാനും ഇന്നത്തെ രാഷ്ട്രീയ സ്ഥിതിയില്‍ മുസ്‌ലിംകളുടെ കടമ എന്തെന്ന് വിവരിക്കാനുമായിരുന്നു യോഗം വിളിച്ചുകൂട്ടിയത്. കോണ്‍ഗ്രസിന് വോട്ട് ചെയ്യലാണ് മുസ്‌ലിംകളുടെ കടമയെന്ന് യോഗത്തിലെ മുഖ്യ പാസംഗകനായ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു. അതിനാവശ്യമായ ആയത്തുകളും അദ്ദേഹം കൊണ്ടുവന്നിരുന്നു. പ്രസംഗം മൂത്ത് അദ്ദേഹം കത്തിക്കയറി. അദ്ദേഹം പറഞ്ഞ മുഴുവന്‍ കാര്യങ്ങളും അച്ചടിക്കാന്‍ കൊള്ളാത്തവയായിരുന്നെങ്കിലും തമ്മില്‍ ഭേദപ്പെട്ട ഒരു വാചകമിതാ: ”സീതിയുടെയും ഉപ്പിയുടെയും സി എച്ച് മുഫ്തിയുടെയും ബാഫഖീ നീളക്കുപ്പായത്തിന്റെയും മുസ്‌ലിം ജനാബത്താണ് മുസ്‌ലിം ജമാഅത്തല്ല മുസ്‌ലിം ലീഗ്” (പേജ് 297)

ഇ കെ അബൂബക്കര്‍ മുസ്‌ലിയാരെ അറിയുന്നവരാരും ഇത് വിശ്വസിക്കുകയില്ല. സയ്യിദന്മാരെ കുറിച്ച് ഇത്തരം പ്രയോഗങ്ങള്‍ ഒരിക്കലും അദ്ദേഹത്തിന്റെ നാവിലൂടെ വരാന്‍ സാധ്യതയില്ല. അതിലേറെ അത്ഭുതം ഈ പുസ്തകത്തിന് അവതാരിക എഴുതിയത് മര്‍ഹൂം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണ് എന്നതത്രേ. അതില്‍ തങ്ങളുടെ പേരില്‍ ഇങ്ങനെ കാണുന്നു: ” സി എച്ചിന്റെ ജീവചരിത്രത്തെ ആധാരമാക്കി മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ ചരിത്രം അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം ആഹ്ലാദപൂര്‍വം ഞാന്‍ അവതരിപ്പിക്കുന്നു. ഓരോ മലയാളിയുടെയും പാരായണത്തിനും പഠനത്തിനും ഈ ഗ്രന്ഥം വിധേയമാകട്ടെ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു”
ഈ കുറിപ്പും ശിഹാബ് തങ്ങളുടെ പേരില്‍ ഇവര്‍ തന്നെ തയ്യാറാക്കിയതാവാനാണ് സാധ്യത. ഇ കെയെ ഈവിധം പരിചയപ്പെടുത്തുന്ന വാചകങ്ങള്‍ കണ്ടിട്ടും ഇതിന് ശിഹാബ് തങ്ങള്‍ അവതാരിക എഴുതിക്കൊടുത്തു എന്നും വിശ്വസിക്കാന്‍ ശിഹാബ് തങ്ങളെ മനസ്സിലാക്കിയ ആര്‍ക്കും സാധിക്കില്ല. എന്നാല്‍, സി എച്ച് ഒരു മുജാഹിദായിരുന്നു എന്നും ഈ പുസ്തകത്തില്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ ലക്ഷ്യം വ്യക്തമാണല്ലോ.
ചുരുക്കത്തില്‍ സമസ്തയുടെ അന്നത്തെ ശക്തനായ ജനറല്‍ സെക്രട്ടറിയെ ശിഹാബ് തങ്ങളുടെ ചെലവില്‍ അതിവിദഗ്ധമായി കടിച്ചുകുടയുകയായിരുന്നു ഈ മുജാഹിദുകള്‍. ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ആ കാലത്ത് കോണ്‍ഗ്രിസിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. കെ എം മൗലവി അടക്കമുള്ളവര്‍ ലീഗിലൂടെ വഹാബിസം പ്രചരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ വേണ്ടിയായിരുന്നു ഇത്. അതിനെ സംബന്ധിച്ച് ഇതേ പുസ്തകത്തില്‍ തന്നെ എഴുതുന്നത് കാണുക: ”കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഖിറാഅത്തും ഫാതിഹയും ഓതാന്‍ തുടങ്ങി. കാശ് കൊടുത്താല്‍ വാലാട്ടുന്ന ആര്‍ഥിക മോഹികളായ ചില വാടക മൗലാനമാര്‍ കോണ്‍ഗ്രസ് സ്റ്റേജുകളില്‍ ഉപവിഷ്ടരായി. ഒരു വാര്‍ഡിലെ തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രത്തിലെ പൊതു തിരഞ്ഞെടുപ്പനേക്കാള്‍ ജനശ്രദ്ധ പിടിച്ചുപറ്റി.” (സി എച്ച് മുഹമ്മദ് കോയ രാഷ്ട്രീയ ചരിത്രം പേജ് 297)

നേരത്തെ ശംസുല്‍ ഉലമയുടെ വാക്കുകള്‍ അച്ചടിക്കാന്‍ കൊള്ളാത്തവയെന്ന് എഴുതിയ ഗ്രന്ഥകാരന്റെ വാക്കുകളാണിത്. ‘വാലാട്ടി’ എന്നാല്‍ എന്താണര്‍ഥമാക്കുന്നത്? സുന്നി പണ്ഡിതന്മാരെ ഈ വിധം തെറിപറയുകയും അത് സയ്യിദന്മാരുടെ വിശുദ്ധ വ്യക്തിത്വത്തിന്റെ മറവില്‍ ചെലവഴിക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണങ്ങള്‍ എമ്പാടുമുണ്ട്.
ഇതിന്റെ തുടര്‍ച്ചയാണ് അഹ്‌ലുസ്സുന്നയുടെ ആദര്‍ശത്തെ തള്ളിപ്പറയുകയും ഇസ്‌ലാമിന്റെ മഹനീയ പാരമ്പര്യത്തെ തിരസ്‌കരിക്കുകയും ചെയ്തുകൊണ്ട് നടത്തുന്ന മുജാഹിദ് സമ്മേളനത്തില്‍ പ്രമുഖ സയ്യിദ് കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കാനുള്ള ഗൂഢ ശ്രമം. ഇത് തിരിച്ചറിയാനുള്ള കഴിവ് ക്ഷണിക്കപ്പെട്ടവര്‍ക്കുണ്ടാകുമെന്ന് തന്നെയാണ് സയ്യിദന്മാരെ ബഹുമാനിക്കുന്ന സുന്നി സമൂഹം പ്രതീക്ഷിക്കുന്നത്.