Connect with us

Kerala

ഗെയില്‍ സമരം ശക്തമാക്കുമെന്ന് സംയുക്ത സമര സമിതി

Published

|

Last Updated

കോഴിക്കോട്: ഗെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആശങ്കകള്‍ ശരിവെച്ച സി എ ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗെയില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ഗെയില്‍ സംയുക്ത സമര സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗെയിലിന്റെ 2012 മുതല്‍ 2016 വരെയുള്ള പെര്‍ഫോമന്‍സ് ഓഡിറ്റിലാണ് വിവിധ സംസ്ഥാനങ്ങളിലെ ഗെയില്‍ പദ്ധതി നടത്തിപ്പിലെ സുരക്ഷാ വീഴ്ചകള്‍ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതി നിയോഗിച്ച രണ്ട് അഭിഭാഷക കമ്മീഷനുകള്‍ കണ്ടെത്തിയ അതേ സുരക്ഷാവീഴ്ചകളാണ് സി എ ജി യും കണ്ടെത്തിയിരിക്കുന്നതെന്ന് സമരസമിതി പറയുന്നു.

താമരശ്ശേരി, ഉണ്ണികുളം, ഓമശ്ശേരി, കോട്ടൂര്‍, പനങ്ങാട് പഞ്ചായത്തുകളിലെയും കൊടുവള്ളി മുനിസിപ്പാലിറ്റിയിലെയും പ്രക്ഷോഭമാണ് ശക്തിപ്പെടുത്തുന്നത്. താമരശ്ശേരി രൂപതയും വിവിധ കര്‍ഷക സംഘടനയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്. 29ന് വൈകീട്ട് നാലിന് താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ താമരശ്ശേരി രൂപത മൈത്രാന്‍ മാര്‍. റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും.
വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരുക്കി ജനങ്ങളെ ബോധ്യപ്പെടുത്തണം. എന്നാല്‍ ഇപ്പോള്‍ ഗെയില്‍ ഔദ്യോഗികമായി പറഞ്ഞിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും അവര്‍ പാലിക്കുന്നില്ല. ഗെയില്‍ തന്നെ പറയുന്ന ജനസാന്ദ്രതാ ഇന്‍ഡക്‌സിനനുസരിച്ചുള്ള പൈപ്പുകളല്ല ഇപ്പോള്‍ വിന്യസിക്കുന്നത്. എട്ട് കിലേമീറ്ററില്‍ വാള്‍വ് സ്റ്റേഷനുകള്‍ വേണ്ടിടത്ത് 21 കിലേമീറ്ററുകള്‍ ദൂരത്തിലാണ് കോട്ടൂര്‍ – ഉണ്ണികുളം, ഉണ്ണികുളം- ഓമശ്ശേരി വാള്‍വ് സ്റ്റേഷനുകളുള്ളത്. ഇക്കാര്യത്തില്‍ ഗെയില്‍ സര്‍ക്കാറിനെയും കോടതിയെയും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഏറ്റെടുക്കുന്ന ഭൂമിക്ക് പ്രതിവര്‍ഷ വാടക പാക്കേജ് പ്രഖ്യാപിച്ച് 20 മീറ്ററിനുള്ളിലെ മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാക്കണം. സപ്തംബര്‍ 28ന് നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവനുസരിച്ചുള്ള രേഖകള്‍ ഭൂവുടമകള്‍ക്ക് നല്‍കണം. ഇത്തരം ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരും.
എരഞ്ഞിമാവ് സമരത്തിലുണ്ടായ പോലെ പുറമെ നിന്നുള്ളവരുടെ നുഴഞ്ഞുകയറ്റമോ അക്രമമോ അനുവദിക്കില്ല. ഇരകള്‍ മാത്രമാകും സമരരംഗത്തുണ്ടാവുക. എങ്ങിനെയെങ്കിലും പദ്ധതി കമ്മിഷന്‍ ചെയ്യുകയെന്നതു മാത്രമാണ് സര്‍ക്കാറിന്റെ പരിപാടിയെന്നും അവര്‍ പറഞ്ഞു.
സമര സമിതി കണ്‍വീനര്‍ എ അരവിന്ദന്‍, ഹരിത സേന ചെയര്‍മാന്‍ അഡ്വ. വി ടി പ്രദീപ് കുമാര്‍, ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ചെയര്‍മാന്‍ ബേബി സകറിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest