Connect with us

Editorial

വയല്‍ നികത്തല്‍ നിയമത്തിലെ ഭേദഗതി

Published

|

Last Updated

ഇന്ന് സംസ്ഥാനത്ത് അവശേഷിക്കുന്നത് 2,13,187 ഹെക്ടര്‍ നെല്‍വയല്‍ മാത്രമാണ്. അമ്പത് വര്‍ഷം കൊണ്ട് ഇല്ലാതായ നെല്‍വയലുകളുടെ അളവ് 75 ശതമാനത്തോളം വരുമെന്നാണ് അനുമാനം. ഈ നിലയില്‍ തന്നെ കാര്യങ്ങള്‍ പോയാല്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ നെല്‍വയലുകളുടെ അളവ് പതിനായിരങ്ങളിലേക്കു താഴുമെന്നാണ് വിലയിരുത്തല്‍. 1973ല്‍ കേരളത്തിന്റെ അരിയുത്പാദനം 13.76 ലക്ഷം ടണ്ണായിരുന്നു. 2005 എത്തിയപ്പോഴേക്കും 6.67 ലക്ഷം ടണ്ണായി കുറഞ്ഞു. സംസ്ഥാനത്തിന്റെ വാര്‍ഷിക ഉപഭോഗത്തില്‍ എട്ട് ലക്ഷം ടണ്‍ അരിയുടെ കുറവുണ്ട്. ഇതരസംസ്ഥാനങ്ങളാണ് അത് നികത്തിക്കൊണ്ടിരിക്കുന്നത്. വയലിന്റെ വിസ്തൃതി കുറഞ്ഞത് 8.88 കോടി പരമ്പരാഗത തൊഴില്‍ ദിനങ്ങള്‍ കൂടി ഇല്ലാതാക്കുകയുമുണ്ടായി.
അവശേഷിക്കുന്ന വയലുകളെങ്കിലും സംരക്ഷിച്ചില്ലെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം കേരളം നെല്‍വയല്‍ രഹിത സംസ്ഥാനമാകുകയും അരിക്ക് പൂര്‍ണമായും ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരികയും ചെയ്യും. ഈ സാഹചര്യത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കൂടുതല്‍ കര്‍ശനമാക്കാനുള്ള ലക്ഷ്യത്തോടെ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച നിയമ ഭേദഗതി സ്വാഗതാര്‍ഹമാണ്. വയല്‍ നികത്താന്‍ ഇളവ് സര്‍ക്കാര്‍ പദ്ധതികള്‍ക്കു മാത്രമാക്കി പരിമിതപ്പെടുത്തുകയും സ്വകാര്യആവശ്യത്തിന് നികത്തുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നേരിട്ട് കേസെടുക്കാന്‍ അനുമതി നല്‍കാവുന്നതുമാണെന്നാണ് നിയമത്തില്‍ വരുത്തിയ ഭേദഗതി. നെല്‍വയല്‍ നികത്തല്‍ നിലവില്‍ ക്രിമിനല്‍ കുറ്റമാണെങ്കിലും പിഴയടച്ച് മറ്റു നടപടിക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാനാകുമായിരുന്നു. പുതിയ ഭേദഗതിയോടെ അതില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസിന് നേരിട്ട് കേസെടുക്കാനാവും. ഭേദഗതി ഓര്‍ഡിനന്‍സ് മുഖേന ഉടനടി നടപ്പാക്കാനാണ് ഉദ്ദേശ്യം.

കൃഷി ചെയ്യാതെ തരിശായി ഒഴിച്ചിട്ടിരിക്കുന്ന സ്വകാര്യ വ്യക്തികളുടെ ഭൂമി കൃഷി ചെയ്യാന്‍ സന്നദ്ധരായ വ്യക്തിക്കോ ഏജന്‍സികള്‍ക്കോ ഏല്‍പ്പിച്ചു കൊടുക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്ന വ്യവസ്ഥ കര്‍ശനമായി നടപ്പാക്കാനും തീരുമാനമുണ്ട്. സംസ്ഥാനത്ത് 98,000 ഹെക്ടര്‍ ഭൂമി തരിശായി കിടക്കുന്നുണ്ടെന്നാണ് കൃഷി വകുപ്പിന്റ കണക്ക്. നിലവില്‍ ഈ ഭൂമിയില്‍ പഞ്ചായത്തിന് കൃഷി ചെയ്യണമെങ്കില്‍ ഉടമസ്ഥരുടെ അനുവാദം വേണം. ഭേദഗതിയനുസരിച്ചു ഉടമയുടെ അനുവാദമില്ലെങ്കിലും പഞ്ചായത്ത് നിര്‍ദേശിക്കുന്നവര്‍ക്ക് ഭൂമിയില്‍ കൃഷി ചെയ്യാവുന്നതാണ്. അനുമതി നല്‍കുന്നോയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഉടമക്ക് പഞ്ചായത്ത് നോട്ടീസ് നല്‍കും.15 ദിവസത്തിനകം ഉടമ മറുപടി നല്‍കണം. ഇല്ലെങ്കില്‍ അതു അനുമതിയായി കണക്കാക്കും. അനുമതി നല്‍കുന്നില്ലെന്നാണ് മറുപടിയെങ്കിലും പഞ്ചായത്തിന് ഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യാന്‍ നല്‍കാം. കൃഷിയിലൂടെ ലഭിക്കുന്ന ലാഭവിഹിതത്തിന്റെ ഒരു നിശ്ചിത ശതമാനം ഉടമക്ക് നല്‍കാന്‍ ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. എങ്കിലും നിയമപരമായി ഭൂമിയുടെ എല്ലാ അവകാശങ്ങളും ഉടമയുടെ പേരില്‍ തന്നെയായിരിക്കും. 2008ല്‍ നടപ്പാക്കിയ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെടുന്നത് തന്നെയാണ് ഈ വ്യവസ്ഥകള്‍.

പൊതുആവശ്യങ്ങള്‍ക്ക് പ്രാദേശികതല സമിതികളുടെ അനുമതിയില്ലാതെ തന്നെ സര്‍ക്കാറിന് വയല്‍ നികത്താമെന്ന ഒരു ഭേദഗതിയും നിയമത്തില്‍ വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് സര്‍ക്കാര്‍ പദ്ധതികള്‍ക്കും പൊതുതാത്പര്യം സംരക്ഷിക്കുന്ന വന്‍കിട പദ്ധതികള്‍ക്കും സര്‍ക്കാറിനു നേരിട്ടു പങ്കാളിത്തമുള്ള പദ്ധതികള്‍ക്കും പ്രാദേശികതല സമിതികളുടെ അനുമതിക്ക് കാത്തുനില്‍ക്കാതെ തന്നെ വയല്‍ ഏറ്റെടുക്കാവുന്നതാണ്. ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരെ നടന്ന ശക്തമായ സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. ഗെയില്‍ പദ്ധതിക്കായി ഇരുപതിലേറെ ഇടങ്ങളില്‍ വയല്‍ നികത്തേണ്ടതായിട്ടുണ്ട്. പല പ്രാദേശിക വയല്‍ സമിതികളും ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍ മന്ത്രിസഭ നിര്‍ദേശിച്ച ഈ ഭേദഗതി നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലക്ഷ്യം തന്നെ അട്ടിമറിക്കാന്‍ ഇടയാക്കിയേക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. പൊതു ആവശ്യങ്ങള്‍ക്കായാലും വയല്‍ നികത്തുമ്പോള്‍ അത് വയലിന്റെ വിസ്തൃതിയെ ബാധിക്കുന്നതിന് പുറമെ സമീപത്ത് താമസിക്കുന്ന ജനങ്ങള്‍ക്കും ആവാസ്ഥ വ്യവസ്ഥക്കും ദോഷകരമായേക്കാം. മാത്രമല്ല, സംസ്ഥാനത്തെ നെല്‍വയലുകളില്‍ ഗണ്യമായൊരു ഭാഗവും വികസനത്തിനെന്ന പേരില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനധികൃതമായി നികത്തപ്പെട്ടതാണെന്നു കൂടി ഓര്‍ക്കേണ്ടതുണ്ട്. പത്ത് ഹെക്ടര്‍ ഭൂമി ആവശ്യമുള്ള ഒരു പൊതു-സ്വകാര്യ സംരഭത്തിന് അക്വയര്‍ ചെയ്യുന്നത് അമ്പതോ, നൂറോ ഹെക്ടറായിരിക്കും. ആവശ്യം കഴിഞ്ഞു ബാക്കി വരുന്ന സ്ഥലം പിന്നീട് മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. രാഷ്ട്രീയ, ഉദ്യോഗസ്ഥ മേഖലയില്‍ അഴിമതി കൊടികുത്തിവാഴുന്ന ഇന്നത്തെ സാഹചര്യത്തില്‍ അത്തരം തട്ടിപ്പുകളും വെട്ടിപ്പുകളും ഇനിയും അരങ്ങേറും. അതുകൊണ്ട് പൊതുആവശ്യത്തിന് വയല്‍ ഏറ്റെടുക്കുന്ന കാര്യത്തിലും കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. വേറെ ഭൂമിയില്ലാത്ത സാഹചര്യത്തില്‍ വീടുവെക്കാന്‍ അഞ്ച് സെന്റ് വയല്‍ നികത്തുന്നവനെ തണ്ണീര്‍ത്തടത്തിന്റെ പ്രാധാന്യവും പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യതയും ചൂണ്ടിക്കാട്ടി ബലമായി അതില്‍ നിന്ന് പിന്തിരിപ്പിക്കുമ്പോള്‍, പൊതുകാര്യത്തിനാകുമ്പോള്‍ ഇതൊന്നും ബാധകമല്ലെന്ന നിലപാട് ന്യായീകരണമര്‍ഹിക്കുന്നില്ല.

---- facebook comment plugin here -----

Latest