സിദ്‌റ മെഡിസിന്‍ പ്രധാന ആശുപത്രി ജനുവരി 14 മുതല്‍ പ്രവര്‍ത്തിക്കും

Posted on: December 27, 2017 10:19 pm | Last updated: January 2, 2018 at 11:08 am

ദോഹ: രാജ്യത്തെ പ്രധാന ആരോഗ്യ സേവന കേന്ദ്രങ്ങളിലൊന്നായി വികസിപ്പിക്കുന്ന സിദ്‌റ മെഡിസിന്റെ പ്രധാന ആശുപത്രി കെട്ടിടം ജനുവരി 14ന് രോഗികള്‍ക്കായി പ്രവര്‍ത്തിച്ചു തുടങ്ങും. റഫറല്‍ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി സേവനം ലഭ്യമാക്കുന്നതു സംബന്ധിച്ചുള്ള വിശദീകരണങ്ങളും അധികൃതര്‍ പുറത്തു വിട്ടു. ഖത്വര്‍ ഫൗണ്ടേഷനു കീഴില്‍ ഘട്ടംഘട്ടമായി പ്രവര്‍ത്തനമാരംഭിച്ചു വരുന്ന കുട്ടികള്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നിവര്‍ക്കു വേണ്ടിയുള്ള സ്‌പെഷ്യാലിറ്റി ആശുപത്രി സമുച്ചയമാണ് സിദ്‌റ.

കൂടുതല്‍ സങ്കീര്‍ണമായതും അപൂര്‍വവുമായ രോഗങ്ങളുടെ ചികിത്സയില്‍ കേന്ദ്രീകരിക്കുന്ന സിദ്‌റയില്‍ നേരത്തേയുള്ള അനുമതിയുടെയോ രാജ്യത്തെ അംഗീകൃത ആശുപത്രികളില്‍നിന്നുള്ള ശിപാര്‍ശയുടെയോ അടിസ്ഥാത്തില്‍ മാത്രമേ രോഗികള്‍ക്ക് ചികിത്സ തേടാന്‍ സാധിക്കൂ. എച്ച് എം സി, പി എച്ച് സി സി എന്നിവക്കു കീഴിലെ ആശുപത്രികളിലെയോ ക്ലിനിക്കുകളിലെയോ ഡോക്ടര്‍മാര്‍ റഫര്‍ ചെയ്യുന്ന കേസുകളാണ് സിദ്‌റ സ്വീകരിക്കുക. അത്യാഹിത വിഭാഗമോ നേരിട്ടു വരുന്ന രോഗികളെ പരിശോധിക്കുന്ന ഔട്ട്‌പേഷ്യന്റ് വിഭാഗമോ പ്രവര്‍ത്തിക്കില്ല.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ള പ്രധാന ആശുപത്രിയിലെ കിടത്തി ചികിത്സാ സേവനം ഇതിനകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സിദ്‌റ മെഡിസിന്റെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കില്‍നിന്നുള്ള ശിപാര്‍ശകളും എച്ച് എം സിയുമായി സഹകരിച്ചുമാണ് ആദ്യ ഏതാനും മാസങ്ങളില്‍ രോഗികളെ സ്വീകരിക്കുക. 2018ല്‍ കൂടുതല്‍ രോഗികള്‍ക്കുള്ള സൗകര്യം സിദ്‌റയില്‍ ലഭ്യമാക്കും. ഉദ്ഘാടനത്തിനു ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ കുട്ടികള്‍ക്കായി ഗ്യാസ്‌ട്രോ എന്ററോളജി, എന്‍ഡോക്രിനോളജി, അഡോള്‍സെന്റ് മെഡിസിന്‍ വിഭാഗങ്ങളിലെ ചികിത്സയും കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി ജനറല്‍ സര്‍ജറി സേവനങ്ങളുമാണ് നല്‍കുക.

സ്ത്രീകള്‍ക്കായി സിസേറിയന്‍ ഡലിവറി സേവനവും ലഭ്യമാകും. മറ്റെല്ലാ പ്രസവ കേസുകളും 2018 മധ്യം വരെ എച്ച് എം സി ആശുപത്രിയിലാണ് സ്വീകരിക്കുക.
സിദ്‌റയുടെ അത്യാഹിത വിഭാഗവും അടുത്ത വര്‍ഷം മധ്യത്തോടെയാണ് തുറക്കുക. അടിയന്തര ചികിത്സ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സമീപത്തുള്ള പീഡിയാട്രിക് എമര്‍ജന്‍സി സെന്ററിലോ എച്ച് എം സിയുടെ അത്യാഹിത വിഭാഗത്തിലോ സന്ദര്‍ശിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. 2016 മുതല്‍ ഘട്ടംഘട്ടമായി പ്രവര്‍ത്തിച്ചു വരുന്ന സിദ്‌റ മെഡിസിന്‍ ആരോഗ്യ സേവന രംഗത്ത് പുതിയ നിലവാരം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോണ്‍ ഫെര്‍ഗ്യൂസന്‍ പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച ആശുപത്രികളിലൂടെ കുട്ടികള്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് മികച്ച പരിചരണം നല്‍കാനാണ് ശ്രമം. ജനുവരി 14 മുതല്‍ ആദ്യ കിടത്തിചികിത്സ ആരംഭിക്കുകയാണ്. സിദ്‌റയുടെ സുപ്രാധാന ഘട്ടമാണ് ഇതോടെ പ്രവര്‍ത്തനക്ഷമമാകുന്നത്.

എച്ച് എം സി, പി എച്ച് സി സി എന്നീ വിഭാഗങ്ങളുമായി സഹകരിച്ചു കൊണ്ടാണ് സിദ്‌റ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിദ്‌റയുടെ പ്രവര്‍ത്തനത്തില്‍ സുപ്രധാന ചുവടുവെപ്പാണ് നടക്കാന്‍ പോകുന്നതെന്നും വ്യക്തികേന്ദ്രീകൃത പരിചരണമാണ് സിദ്‌റയുടെ സവിശേഷതയെന്നും ചില്‍ഡ്രന്‍സ് സര്‍വീസ് ക്ലിനിക്കല്‍ മാനേജ്‌മെന്റ് ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ചെയര്‍ ഡോ. അബ്ദുല്ല അല്‍ കഅബി പറഞ്ഞു.
സിദ്‌റയിലേക്ക് ശിപാര്‍ശ ചെയ്യപ്പെടുന്ന രോഗികളും ബന്ധുക്കളും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ അധികൃതര്‍ സിദ്‌റ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. കൂടുതല്‍ സേവനങ്ങള്‍ ആരംഭിക്കുമ്പോള്‍ സൈറ്റ് അപ്‌ഡേറ്റ് ചെയ്യപ്പെടും.

സ്വകാര്യ ആശുപത്രികളില്‍നിന്നുള്ള റഫറല്‍ സിദ്‌റയില്‍ സ്വീകരിക്കില്ല. രോഗികളെ റഫര്‍ ചെയ്യുന്നതു സംബന്ധിച്ച് ഡോക്ടര്‍മാര്‍ക്കും സിദ്‌റ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.