ട്വന്റി20 റാങ്കിംഗ്: ഇന്ത്യക്ക് നേട്ടം

Posted on: December 27, 2017 1:00 pm | Last updated: December 27, 2017 at 1:00 pm

ദുബൈ: ട്വന്റി20 റാങ്കിംഗില്‍ ഇന്ത്യക്ക് നേട്ടം. നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ശ്രീലങ്കക്കെതിരായ പരമ്പര വിജയമാണ് റാങ്കിംഗ് മെച്ചപ്പെടുത്തിയത്. പരമ്പര ഇന്ത്യ 3-0ത്തിന് സ്വന്തമാക്കിയിരുന്നു.

121 റേറ്റിംഗ് പോയിന്റാണ് ഇന്ത്യക്കുള്ളത്. 124 പോയിന്റുമായി പാക്കിസ്ഥാനാണ് റാങ്കിംഗില്‍ ഒന്നാമത്. 120 പോയിന്റ് വീതമുള്ള ന്യൂസിലാന്‍ഡും വെസ്റ്റിന്‍ഡീസും യഥാക്രമം മൂന്നും നാലും സ്ഥാനത്തുണ്ട്. 119 പോയിന്റുള്ള ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്താണ്.

അതേസമയം, ശ്രീലങ്കക്കെതിരായ പരമ്പരയില്‍ നിന്ന് വിട്ടുനിന്ന വിരാട് കോഹ്‌ലി ബാറ്റ്‌സ്മാന്മാരുടെ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്കിറങ്ങി. 824 പോയിന്റുണ്ടായിരുന്ന കോഹ്‌ലി 776ലേക്ക് താഴ്ന്നു.
784 പോയിന്റുമായി ആസ്‌ത്രേലിയയുടെ ആരോണ്‍ ഫിഞ്ചാണ് ഒന്നാമത്. ഇവിന്‍ ലൂയിസ് (780) രണ്ടാം സ്ഥാനത്താണ്. ഇന്ത്യയുടെ ലോകേഷ് രാഹുലാണ് നാലാം സ്ഥാനത്ത്.

ബൗളര്‍മാരില്‍ പാക്കിസ്ഥാന്റെ ഇമാദ് വാസിമാണ് ഒന്നാമത്. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്തേക്കിറങ്ങി. ശ്രീലങ്കക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത യുസ്‌വേന്ദ്ര ചാഹല്‍ 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 16ാം സ്ഥാനത്തെത്തി.