Connect with us

Kozhikode

മര്‍കസ് മനശ്ശക്തിയുടെ വിജയം

രാജാവും പണ്ഡിതനും തുല്യനല്ല. പണ്ഡിതന്‍ എവിടെയും ആദരിക്കപ്പെടുന്നു. രാജാവ് സ്വന്തം രാജ്യത്ത് മാത്രമാണ് ആദരിക്കപ്പെടുന്നത്.
ഇത് അറിവിന്റെയൊരു പ്രസ്ഥാനമാണ്. വിജ്ഞാന വിനിമയം സാധ്യമാക്കുന്ന മഹാ പ്രസ്ഥാനമാണ് മര്‍കസ്, അറിവിന്റെ വെളിച്ചത്തില്‍ നിന്ന് തുടങ്ങിയ സ്ഥാപനം. മര്‍കസ് ചര്‍ച്ച ചെയ്യപ്പെടുന്ന പ്രമേയം തന്നെ വിജ്ഞാനവുമായി ഏറെ ബന്ധപ്പെട്ട വിഷയമാണ്. ഗവേഷണാത്മകമായ വിജ്ഞാന സമ്പാദനത്തിനുള്ള വഴികള്‍ തുറന്നുകൊടുക്കാനുള്ള ശ്രമം ശ്ലാഘനീയമാണ്.

“പര്യവേക്ഷണം വൈജ്ഞാനിക മികവിന്” വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ വിപ്ലവകരമായൊരു ഘട്ടത്തിലേക്ക് ദിശാ സൂചികയാവുന്ന പ്രമേയം.
ഞാന്‍ മര്‍കസിലേക്കു വരുമ്പോള്‍ ശ്രദ്ധിച്ച പ്രധാന കാര്യം ഈ സ്ഥാപനത്തിന്റെ കവാടമാണ്. മനോഹരമായ ശില്‍പ്പചാതുരിയില്‍ നിര്‍മിച്ച ആ കവാടം തന്നെ മര്‍കസ് പ്രതിനിധാനം ചെയ്യുന്ന സന്ദേശവും ആശയവും വ്യക്തമാക്കുന്നു. അറിവുകളില്‍ നിന്നാണ് സര്‍വനിര്‍മിതികളും രൂപപ്പെടുന്നത്. നാഗരികതയും സംസ്‌കാരവും രൂപം കൊള്ളുന്നതും അറിവില്‍ നിന്നാണ്. ഗ്രന്ഥങ്ങളിലൂടെ പടര്‍ന്നു പന്തലിക്കുന്ന വൈജ്ഞാനിക സംരംഭങ്ങള്‍, അതിന് അടിത്തറയായിട്ടുള്ള ആധ്യാത്മിക പ്രതലവും സിംബലുകളും മര്‍കസ് കവാടം തന്നെ വൈജ്ഞാനിക പര്യവേക്ഷണത്തെ പ്രതിനിധീകരിക്കുന്നുവെന്നതാണ് സത്യം.
ഇത്തരമൊരു ആശയത്തെ നിര്‍മാണാത്മകതയോടെ പ്രയോഗവത്കരിക്കുന്ന കാന്തപുരം ഋഷി തുല്യനായ ഒരു വ്യക്തിത്വം തന്നെയാണ്. ഈ സ്ഥാപനത്തിലെത്തിയപ്പോള്‍ അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റിയിലെത്തിയ പ്രതീതിയാണ്. ഈയൊരു ഉറച്ച ബോധത്തോടെ തന്നെയാണ് ഈ സ്ഥാപനത്തെയും അതിന്റെ ശില്‍പ്പി ബഹുമാന്യനായ കാന്തപുരത്തെയും ഞാന്‍ നോക്കിക്കണ്ടതും.

മനുഷ്യന്റെ ധൈഷണികതയും ആഴവും പരപ്പും ശക്തിയും അപാരമാണ്. ബുദ്ധിയുടെയും ജ്ഞാനത്തിന്റെയും കൃത്യമായ വിനിയോഗവും വിനിമയവും സാധ്യമാക്കിയാല്‍ മര്‍കസ് പോലുള്ള സ്ഥാപനങ്ങള്‍ ഇനിയും സൃഷ്ടിച്ചെടുക്കാന്‍ കഴിയും.
മനുഷ്യന്റെ കഴിവ് അപാരമാണ്. ആര്‍ജിത കഴിവിനപ്പുറം സ്വന്തമായി തന്നെ ജ്ഞാന വൈഭവത്തെ പ്രകാശിതമാക്കാന്‍ മനുഷ്യന് പ്രപഞ്ചം തന്നെ അവസരം ഒരുക്കിയിട്ടുണ്ട്.
മനശ്ശക്തിയുണ്ടെങ്കില്‍ സര്‍വതും നേടിയെടുക്കാന്‍ കഴിയും. എല്ലാ ധനത്തിനും മീതെയാണ് വിദ്യ എന്ന ധനം. വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണല്ലോ ആപ്ത വാക്യം. ഈ വചനത്തിന്റെ സാക്ഷാത്കാരത്തിനാണ് മര്‍കസു സഖാഫത്തി സുന്നിയ്യ പ്രവര്‍ത്തിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.