രോഹിത് കോഹ്‌ലിയേക്കാള്‍ മികച്ചവന്‍: സന്ദീപ് പാട്ടീല്‍

Posted on: December 27, 2017 8:38 am | Last updated: December 26, 2017 at 11:41 pm

മുംബൈ: പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയേക്കാള്‍ കേമനാണ് രോഹിത് ശര്‍മയെന്ന് മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യന്‍ ടീം മുഖ്യ സെലക്ടറുമായിരുന്ന സന്ദീപ് പാട്ടീല്‍. ശ്രീലങ്കക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകള്‍ രോഹിതിന് കീഴില്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഒരു ടി വി ഷോയ്ക്കിടെയാണ് സന്ദീപ് പാട്ടീലിന്റെ പരാമര്‍ശം.

കോഹ്‌ലി പ്രേമികള്‍ക്ക് താന്‍ പറയുന്നത് ഇഷ്ടപ്പെട്ടേക്കില്ല. കോഹ് ലി മികച്ച ബാറ്റ്‌സമാന്‍ ആണെന്ന കാര്യത്തില്‍ തകര്‍ക്കവുമില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്‌ലിയുടെ പ്രകടനം മികച്ചതാണ്. അതേസമയം, പരിമിത ഓവര്‍ ക്രിക്കറ്റില്‍ രോഹിതാണ് കോഹ്‌ലിയേക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍- സന്ദീപ് പാട്ടീല്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇരുവരും മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കക്കെതിരായ ഏകദിന ട്വന്റി20 പരമ്പരക്കിടെ തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവെച്ച രോഹിത് നിരവധി റെക്കോര്‍ഡുകള്‍ കടപുഴക്കിയിരുന്നു. ഏകദിനത്തില്‍ മൂന്നാമത്തെ ഡബിള്‍ സെഞ്ച്വറിയും ട്വന്റി20യില്‍ ഏറ്റവും വേഗതയാര്‍ന്ന സെഞ്ച്വറിയും താരം കുറിച്ചു. 1980ല്‍ പാകിസ്ഥാനെതിരെ ടെസ്റ്റില്‍ അരങ്ങേറിയ സന്ദീപ് പാട്ടീല്‍ 29 ടെസ്റ്റുകളിലും 45 ഏകദിനത്തിലും ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞിട്ടുണ്ട്.