Connect with us

International

സാമ്പത്തിക ഇടനാഴിയില്‍ അഫ്ഗാനെ കൂടി ചൈന ഉള്‍പ്പെടുത്തുന്നു

Published

|

Last Updated

ബീജിംഗ്: 5700 കോടി ഡോളറിന്റെ ചൈന, പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി അഫ്ഗാനിലേക്ക് നീട്ടാന്‍ ചൈന തീരുമാനിച്ചു. വര്‍ഷങ്ങളായി ഇടഞ്ഞുനില്‍ക്കുന്ന പാകിസ്ഥാനും അഫ്ഗാനും ഇടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇടപെടാനും ചൈന ശ്രമിക്കുന്നുണ്ട്. മൂന്ന് രാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. മേഖലയുടെ ആകെയുള്ള വികസനത്തിന് സാമ്പത്തിക ഇടനാഴി ഉപയോഗിക്കാനാകുമെന്നാണ് ചൈനയുടെ പ്രതീക്ഷയെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി വ്യക്തമാക്കി. പാകിസ്ഥാനും അഫ്ഗാനും തമ്മില്‍ ഏറെ കാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇരുരാജ്യങ്ങളെയും സമവായത്തിന്റെ പാതയിലെത്തിക്കാനാണ് ചൈനയുടെ നീക്കം. ശേഷം സാമ്പത്തിക ഇടനാഴി അഫ്ഗാനിലേക്ക് നീട്ടാനും. ഇന്ത്യയും അഫ്ഗാനും ഇറാനും ചേര്‍ന്ന് വാണിജ്യ പദ്ധതികള്‍ നടപ്പാക്കി വരവെയാണ് അഫ്ഗാനെ പിടിക്കാന്‍ ചൈനയും ശ്രമിക്കുന്നത്. അഫ്ഗാനിലെ താലിബാനെ പാകിസ്സ്ഥാന്‍ സഹായിക്കുന്നുവെന്നാണ് അഫ്ഗാന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരുരാജ്യങ്ങള്‍ക്കിടയില്‍ നിലവിലുള്ളത്. അതേസമയം ചൈനയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഉരുക്കുപോലെ ഉറച്ചതാണെന്ന് പാക് വിദേശകാര്യ മന്ത്രി ക്വാജ ആസിഫ് പറഞ്ഞു. അഫ്ഗാനിസ്ഥാനും ഇറാനുമടക്കമുള്ള രാഷ്ട്രങ്ങള്‍ക്ക് ചൈന, പാക് സാമ്പത്തിക ഇടനാഴി പരസ്പര സഹകരണത്തിന്റെ നല്ല മാതൃകയാണ് കാണിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ചൈനയുടെ “ബെല്‍റ്റ് ആന്‍ഡ് റോഡ്” പദ്ധതി പ്രകാരം വിവിധ നിര്‍മാണ മേഖലകളിലായി ആയിരക്കണക്കിനു ചൈനക്കാരാണ് ജോലി ചെയ്യുന്നത്. പാകിസ്ഥാനില്‍ നിര്‍മാണ ജോലികളിലേര്‍പ്പെടുന്ന ചൈനീസ് തൊഴിലാളികള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നതും പതിവാണ്. അഫ്ഗാനിലും പാകിസ്ഥാനിലും വളരുന്ന ഭീകരത ചൈനയിലേക്ക് വ്യാപിക്കുന്നത് തടയാമെന്ന് പുതിയ പദ്ധതിയിലൂടെ ചൈന ലക്ഷ്യമിടുന്നു. അഫ്ഗാന്‍ സര്‍ക്കാറും താലിബാനും തമ്മിലുള്ള സമാധാന ചര്‍ച്ചകളെ പൂര്‍ണമായും പിന്തുണച്ചതായും ചൈന അറിയിച്ചു.