107ാം പിറന്നാള്‍ ദിനത്തില്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് ബിഗ് ഹഗ്; മുത്തശ്ശി വാര്‍ത്തകളില്‍ ഹിറ്റ്

Posted on: December 26, 2017 11:09 pm | Last updated: December 26, 2017 at 11:09 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് 107ാം പിറന്നാള്‍ ദിനത്തില്‍ ബിഗ് ഹഗ് ലഭിച്ച മുത്തശ്ശി വാര്‍ത്തകളില്‍ നിറഞ്ഞു. തന്റെ മുത്തശ്ശിയുടെ 107ാം പിറന്നാള്‍ ആണെന്നും പിറന്നാളിന് അവര്‍ക്ക് ഒറ്റ ആഗ്രഹമേയുള്ളൂ; അത് രാഹുലിനെ കാണുകയെന്നതാണെന്നും കാണിച്ച് ദീപാലി സിക്കന്ത് എന്ന യുവതി ട്വീറ്റ് ചെയ്യുകയായിരുന്നു. രാഹുലിനെ കാണണമെന്ന് പറയുന്നതിന് മുത്തശ്ശി പറയുന്ന കാരണവും സിക്കന്ത് ട്വീറ്റില്‍ വെളിപ്പെടുത്തി: രാഹുല്‍ സുന്ദരനാണ്.

ഓഫീസ് ഒഫ് ആര്‍ ജിയെ ടാഗ് ചെയ്തായിരുന്നു കൊച്ചു മകളുടെ ട്വീറ്റ്. മുത്തശ്ശി കേക്ക് മുറിക്കുന്ന ചിത്രവും ട്വീറ്റിനൊപ്പം ചേര്‍ത്തിരുന്നു.

ട്വീറ്റ് കണ്ടതോടെ രാഹുലിന്റെ ട്വീറ്റ് എത്തി. പ്രിയപ്പെട്ട ദീപാലി, നിങ്ങളുടെ സുന്ദരിയായ മുത്തശ്ശിക്ക് സന്തോഷം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ നേരുന്നു. ഒപ്പം ഒരു ബിഗ് ഹഗും. രാഹുല്‍ തന്റെ മുത്തശ്ശിയെ ഫോണില്‍ വിളിച്ചും ആശംസകള്‍ നേര്‍ന്നുവെന്ന് ദീപാലി പിന്നീട് ട്വീറ്ററിലൂടെ വെളിപ്പെടുത്തുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്ത്രിമാരും ട്വിറ്ററില്‍ സജീവമായിരുന്നപ്പോള്‍ രാഹുല്‍ ഇക്കാര്യത്തില്‍ പിറകിലായിരുന്നു. എന്നാല്‍ ഗുജറാത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അദ്ദേഹം നടത്തിയ ട്വീറ്റുകള്‍ വന്‍ ചര്‍ച്ചയായിരുന്നു.