20 ചെക്ക് പോസ്റ്റുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു

Posted on: December 25, 2017 9:33 am | Last updated: December 24, 2017 at 11:35 pm

പാലക്കാട്: സംസ്ഥാനത്തെ 20 എക്‌സൈസ് ചെക്ക് പോസ്റ്റുകളില്‍ നീരിക്ഷണ ക്യാമറ സ്ഥാപിച്ചു. ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ ആദ്യമായിട്ടാണ് ക്യാമറ സംവിധാനം നിലവില്‍ വരുന്നത്. വാളയാറിലുള്‍പ്പെടെ വാണിജ്യനികുതി വകുപ്പിന് ഉപയോഗമില്ലാത്ത കെട്ടിടങ്ങള്‍ ഏറ്റെടുക്കാനും എക്‌സൈസ് വകുപ്പ് സര്‍ക്കാറിനോട് അനുമതി തേടി. വാണിജ്യനികുതി വിഭാഗം വാഹനപരിശോധനയില്ലാതെ ജി എസ് ടിക്ക് വഴിമാറിയപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളുടെ പ്രധാന നിരീക്ഷകര്‍. അതിനാല്‍ കാലോചിതമായമാറ്റം എക്‌സൈസ് ചെക്ക് പോസ്റ്റുകള്‍ക്ക് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി വാളയാറും അമരവിളയും ആര്യങ്കാവും മുത്തങ്ങയും ഉള്‍പ്പെടെയുള്ള 20 ചെക്ക് പോസ്റ്റുകളിലാണ് നീരിക്ഷണക്യാമറ സ്ഥാപിച്ചത്.

ചെക്ക് പോസ്റ്റ് കടന്നുപോകുന്ന വാഹനങ്ങള്‍, ചെക്ക് പോസ് ജീവനക്കാരുടെ ജോലിയിലെ കൃത്യത, കൈക്കൂലി വാങ്ങാതെയുള്ള പരിശോധന എന്നിവയാണ് ക്യാമറ സംവിധാനം ഒരുക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. വാഹനപരിശോധനക്ക് ഓഫീസ് സൗകര്യങ്ങളും മെച്ചപ്പെടുത്തണം. വാളയാറിലുള്‍പ്പെടെ വാണിജ്യ നികുതി വകുപ്പിന് ആവശ്യമില്ലാത്ത കെട്ടിടങ്ങള്‍ എക്‌സൈസിന് ലഭിക്കുന്നതിന് ശ്രമം തുടങ്ങി. സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണ് എക്‌സൈസ് വകുപ്പ്. ഇന്റലിജന്‍സ്, ബോധവത്കണം, ക്രൈം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ എക്‌സൈസില്‍ രൂപവത്കരിക്കും. 150 ഉദ്യോഗസ്ഥരെ അധികമായി നിയോഗിക്കും. സംസ്ഥാനത്ത് നാല് ജില്ലകളില്‍ എക്‌സൈസ് ടവറുകളും നിര്‍മിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.