പിണറായി വിജയന്‍ പുലര്‍ത്തുന്നത് ധാര്‍ഷ്ട്യ നയമെന്ന് കോണ്‍. നേതാക്കള്‍

Posted on: December 24, 2017 8:43 pm | Last updated: December 24, 2017 at 8:43 pm

ദോഹ: ജനങ്ങളുടെയോ പ്രതിപക്ഷത്തിന്റെയോ ഒരു അഭിപ്രായത്തിനും വില കല്‍പ്പിക്കാത്ത താന്‍ മാത്രമാണ് ശരിയെന്ന ധാര്‍ഷ്ട്യമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുലര്‍ത്തുന്നതെന്ന് കെ പി സി സി സെക്രട്ടറി ടി യു രാധാകൃഷ്ണന്‍, ആലപ്പുഴ ഡി സി സി പ്രസിഡന്റ് എം ലിജു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് എന്നിവര്‍ പറഞ്ഞു. ഇന്‍കാസ് സംഘടിപ്പിച്ച കെ കരുണാകരന്‍ അനുസ്മരണത്തില്‍ പങ്കെടുക്കാനായി എത്തിയ അവര്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
പിണറായി വിജയന്റെ രാഷ്ട്രീയ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് എം ലി ജു പറഞ്ഞു. സി പി എമ്മിന്റെ മുഖ്യശത്രുവായി ബി ജെ പിയെ അവതരിപ്പിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. പരസ്പരം പാലൂട്ടുകയാണ് ഇരുവരും. ചരിത്രത്തില്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തി നടത്തിയ യുദ്ധംപോലെയാണ് പിണറായിയെ മുന്‍നിര്‍ത്തി ബി ജെ പി നടത്തുന്നത്. പരാജയപ്പെട്ട സര്‍ക്കാറാണ് കേരളത്തിലേത്. ഓഖി ദുരന്തത്തില്‍ കാണാതായവരുടെ കണക്കെടുക്കാന്‍ പോലും ഇപ്പോഴും സാധിച്ചിട്ടില്ല. അപകടത്തിനു മുന്നിലും ധാര്‍ഷ്ട്യം പ്രകടിപ്പിക്കുകയായിരുന്നു പിണറായി വിജയനും മേഴ്‌സിക്കുട്ടിയമ്മയും.

ഇന്ത്യയില്‍ കോണ്‍ഗ്രസ് നയിക്കുന്ന മതേതര ചേരിയും ബി ജെ പി നയിക്കുന്ന വര്‍ഗീയ ചേരിയും എന്ന രാഷ്ട്രീയ ധ്രുവീകരണം ഗുജറാത്ത് തിരഞ്ഞെടുപ്പോടെ ഉണ്ടായി. രാഹുലും മോദിയും നേരിട്ട് ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന വിജയമുണ്ടായി. ചെറുപാര്‍ട്ടികളാണ് ബി ജെ പിയെ അധികാരത്തിലേറ്റിയത്. മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന ചെറുപാര്‍ട്ടികള്‍ പുനരാലോചന നടത്തേണ്ടതുണ്ടെന്നും ലിജു പറഞ്ഞു. സ്വാശ്രയമാനേജ്‌മെന്റുകളുമായുള്ള അനുരഞ്ജന ചര്‍ച്ചയില്‍ ആരോഗ്യമന്ത്രിയെ വരെ പരസ്യമായി ആക്ഷേപിക്കുകയും ജനങ്ങളോടോ പ്രതിപക്ഷത്തോടോ ഒരു പ്രതിപത്തിയുമില്ലാത്ത അഹങ്കാരമാണ് മുഖ്യമന്ത്രിയെ നയിക്കുന്നതെന്ന് ടി യു രാധാകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകള്‍ കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനമായി കേരളം മാറി. അധ്യാപകന്‍ മന്ത്രിയായിട്ടു പോലും വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞു. പൊതുവിതരണ സമ്പ്രദായം എന്തെന്നുപോലും അറിയാത്ത തിലോത്തമനാണ് ഭക്ഷ്യമന്ത്രിയായി ഇരിക്കുന്നത്. പ്രതിസന്ധികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സര്‍ക്കാറിന് അറിയില്ല. ഈ ഘട്ടത്തിലാണ് കെ കരുണാകരന്‍ എന്ന രാഷ്ട്രീയനേതാവും ഭരണാധികാരിയും പ്രസക്തമാകുന്നത്.
കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിനു നേതൃത്വം നല്‍കുമ്പോള്‍ അതിനു സഹായം നല്‍കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കെ എം അഭിജിത്ത് പറഞ്ഞു. കേന്ദ്രത്തിന്റെ കാവിവത്കരണനയം അതേ രീതിയില്‍ നടപ്പിലാക്കുന്നതിനാണ് കേരളം തയാറാകുന്നത്. വര്‍ഗീയ അജന്‍ഡകള്‍ ഏറ്റെടുക്കാന്‍ വിദ്യാര്‍ഥി സമൂഹം സന്നദ്ധമല്ലെന്ന് സമീപകാലത്തെ സര്‍വകലാശാല തിരഞ്ഞെടുപ്പുകള്‍ തെളിയിക്കുന്നു. പൊതു വിദ്യാഭ്യാസത്തെയും സ്വാശ്രയ വിദ്യാഭ്യാസത്തെയും തകര്‍ക്കുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഏഴായിരം സര്‍ക്കാര്‍ അധ്യാപകരെ സ്ഥലം മാറ്റിയ നടപടിക്കെതിരായ പ്രതിഷേധം സര്‍ക്കാര്‍ പരിഗണിക്കാത്തതിനെത്തുടര്‍ന്ന് കോടതിയില്‍ പോകേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിനിയായ സ്ത്രീക്ക് വീടുവെക്കാന്‍ അഞ്ചു ലക്ഷം രൂപയും തൃശൂര്‍ ജില്ലയിലെ പ്രവര്‍ത്തകന്റെ മക്കളുടെ ചികിത്സക്കായി മൂന്നു ലക്ഷം രൂപയും സഹായിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഗ്ലോബല്‍ സെക്രട്ടറി കെ കെ ഉസ്മാന്‍, സെന്‍ട്രല്‍ പ്രസിഡന്റ് ജോണ്‍ ഗില്‍ബര്‍ട്ട്, ജനറല്‍ സെക്രട്ടറി സിദ്ദീഖ് പുറായില്‍, ട്രഷറര്‍ ബിജു മുഹമ്മദ് വാര്‍ത്താ സസമ്മേളനത്തില്‍ സംബന്ധിച്ചു.