മര്‍കസ് ക്യൂന്‍സ് ലാന്റ് ലോഞ്ചിംഗ് നാളെ

Posted on: December 24, 2017 12:03 pm | Last updated: December 24, 2017 at 12:03 pm

കോഴിക്കോട്: ബിരുദ-ബിരുദാനന്തര പഠനത്തിന് വിദ്യാര്‍ഥിനികള്‍ക്കായി അത്യാധുനിക സംവിധാനത്തോടെ മര്‍കസ് നോളേജ് സിറ്റിയിലൊരുങ്ങുന്ന ക്യൂന്‍സ് ലാന്റ് ലോഞ്ചിംഗ് നാളെ രാവിലെ 10.30ന് കാരന്തൂര്‍ മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ഉദ്ഘാടനം ചെയ്യും.

മര്‍കസ് നോളജ് സിറ്റിയില്‍ പത്തേക്കറില്‍ നാല് സമുച്ചയങ്ങളിലായി 125,000 സക്വയര്‍ഫീറ്റില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരുങ്ങുന്ന മള്‍ട്ടി ഡിസിപ്ലിനറി ക്യാമ്പസാണ് ക്യൂന്‍സ് ലാന്റ്. അന്തര്‍ദേശീയ സര്‍വ്വകലാശാലകളുടെ അക്കാദമിക സഹകരണത്തോടെ ആരംഭിക്കുന്ന ക്യൂന്‍സ് ലാന്റില്‍ സ്‌കൂള്‍ ഓഫ് ഫാമിലി മാനേജ്‌മെന്റ് ആന്റ് പാരന്റിംഗ്, റിസര്‍ച്ച് സെന്റര്‍, സ്റ്റുഡന്റ്‌സ് വില്ലേജ്, മള്‍ട്ടി ലിംഗ്വസ്റ്റിക് സ്റ്റഡി സെന്റര്‍, ഡിജിറ്റല്‍ ലൈബ്രറി, സ്‌കില്‍ ഡവലപ്‌മെന്റ് അക്കാദമി, സയന്‍സ് തിയറ്റര്‍, ഹെല്‍ത്ത് ക്ലിനിക്ക്, ഷോപ്പിംഗ് ഹബ്ബ്, ഫിഖ്ഹുല്‍ മര്‍അഃ, ഖുര്‍ആനിക് പ്ലാനറ്റ് എന്നിവ നിര്‍മിക്കും.

മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നടക്കുന്ന ക്യൂന്‍സ് ലാന്റ് ലോഞ്ചിംഗ് സമ്മേളനത്തില്‍ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, പൊന്മള അബ്്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍, പി ടി എ റഹീം എം എല്‍ എ, സി.മുഹമ്മദ് ഫൈസി, പേരോട് അബ്്ദുറഹ്്മാന്‍ സഖാഫി, ഡോ. എം എ എച്ച് അസ്ഹരി, ഡോ.അബ്്ദുസ്സലാം മുഹമ്മദ്, ടി.പി ജയചന്ദ്രന്‍, അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള, അഡ്വ. നൗഷാദ് പ്രസംഗിക്കും. 11.30ന് മര്‍കസ് കോണ്‍ഫറന്‍ ഹാളില്‍ വിവിധ സ്ഥാപന മേധാവികളുമായി കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ്് നഖ്‌വി കൂടിക്കാഴ്ച നടത്തും.