ഹിമാചലില്‍ മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ ബി ജെ പി

Posted on: December 24, 2017 12:07 am | Last updated: December 24, 2017 at 12:07 am

ഷിംല: ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ ബി ജെ പി വിയര്‍ക്കുന്നു. കൂടിയാലോചലനകള്‍ക്ക് കേന്ദ്ര നിരീക്ഷകരായി നിര്‍മലാ സീതാരാമനും നരേന്ദര്‍ സിംഗ് തോമറും വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തുണ്ടെങ്കിലും ഭിന്നത പരിഹരിക്കാനായില്ല. മുന്‍ മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമാലും സീരജില്‍ നിന്നുള്ള എം എല്‍ എ. ജെയ് റാം ഠാക്കൂറുമാണ് സാധ്യതാ പട്ടികയില്‍ മുന്നിലുള്ളത്. കേന്ദ്ര മന്ത്രി ജെ പി നദ്ദയുടെ പേരും ഉയരുന്നുണ്ട്.

ധൂമലിന്റെയും ഠാക്കുറിന്റെയും അനുയായികള്‍ തെരുവില്‍ ഏറ്റുമുട്ടുന്ന നിലയിലേക്ക് ഭിന്നത വളര്‍ന്നിരിക്കുകയാണ്. കേ്ര്രന്ദ നിരീക്ഷകര്‍ താമസിക്കുന്ന പീറ്റര്‍ഹോഫ് ഹോട്ടലിന് മുന്നില്‍ പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് മുദ്രാവാക്യം മുഴക്കിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ധൂമലിന് വേണ്ടിയും ഠാക്കൂറിന് വേണ്ടിയും ജയ് ശ്രീ രാം വിളികളുയര്‍ന്നു. ആര്‍ എസ് എസ് നേതാക്കളെ കണ്ട് ഹോട്ടലില്‍ മടങ്ങിയെത്തുന്ന കേന്ദ്ര നേതാക്കളുടെ കാര്‍ പ്രവര്‍ത്തകര്‍ വളയുകയും ചെയ്തു.

ഏറെ പണിപ്പെട്ടാണ് പോലീസ് നേതാക്കളെ ഹോട്ടലില്‍ എത്തിച്ചത്.
ആകെയുള്ള 44 ബി ജെ പി എം എല്‍ എമാരില്‍ 26 പേര്‍ ധൂമലിനെയാണ് പിന്തുണക്കുന്നതെന്നും പാര്‍ട്ടിയുടെ തിളക്കമാര്‍ന്ന വിജയത്തിന് വഴിയൊരുക്കിയത് ധൂമലാണെന്നും അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ തോറ്റ ധൂമലിനെ മുഖ്യമന്ത്രിയാക്കേണ്ടെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ വ്യക്തമാക്കുന്നത്. ധൂമലിന്റെ മകന്‍ അനുരാഗ് ഠാക്കൂറിനെ മുഖ്യമന്ത്രിയാക്കി പ്രശ്‌നം പരിഹരിക്കാമെന്ന നിര്‍ദേശവും മുന്നോട്ട് വരുന്നുണ്ട്. അനുരാഗ് ഇപ്പോള്‍ എം പിയാണ്.
അതിനിടെ, പുതിയ മുഖ്യമന്ത്രിയെ ഇന്ന് ചേരുന്ന പാര്‍ലിമെന്ററി പാര്‍ട്ടി യോഗം തീരുമാനിക്കുമെന്ന് ബി ജെ പി നേതാക്കള്‍ അറിയിച്ചു.