മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കാന്‍ ഡല്‍ഹിയില്‍ തമിഴ് പ്രക്ഷോഭം

Posted on: December 23, 2017 12:08 am | Last updated: December 23, 2017 at 12:08 am

തൊടുപുഴ: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുല്ലപ്പെരിയാര്‍ സമരസമിതി അടുത്ത മാസം ഡല്‍ഹിയില്‍ സമരം സംഘടിപ്പിക്കുന്നു. ഇതിനു മുന്നോടിയായുള്ള കാല്‍നട പ്രചാരണ ജാഥക്ക് തുടക്കമായി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി സുപ്രീം കോടതി വിധി നടപ്പിലാക്കുക, ബേബിഡാം ബലപ്പെടുത്താന്‍ കേരളം അനുവദിക്കുക, പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ മുല്ലപ്പെരിയാറിലേക്കുള്ള വള്ളക്കടവ് റോഡ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന് കൈമാറുക, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള തടസ്സം മാറ്റുക, മുല്ലപ്പെരിയാറിന്റെ ജലസംഭരണ മേഖലയായ ആനവച്ചാലിലെ വാഹന പാര്‍ക്കിംഗ് നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

സൗത്ത് ഇന്ത്യന്‍ ഫോര്‍വേഡ് ബ്ലോക്ക് നേതാവ് തിരുമാരന്‍, തമിഴ്‌നാട് കര്‍ഷക സംഘം നേതാവ് കെ എം അബ്ബാസ്, എസ് സി പി ഐ തേനി ജില്ലാ സെക്രട്ടറി മുഹമ്മദ് റഫീഖ് തെന്നിന്ത്യന്‍ നദീസംയോജന സമിതി ചെയര്‍മാന്‍ അയ്യാക്കണ്ണ്, കേരളാ തമിഴ്‌നാട് കൂട്ടമൈപ്പ് നേതാവ് അന്‍വര്‍ ബാലസിംഗം, ചക്രവര്‍ത്തി എന്നിവരാണ് പദയാത്രക്ക് നേതൃത്വം നല്‍കുന്നത്.

ഇന്നലെ രാവിലെ അതിര്‍ത്തി മേഖലയായ കുമളിക്ക് സമീപമുള്ള തമിഴ്‌നാട്ടിലെ ലോവര്‍ ക്യാമ്പില്‍ നിന്നുമാണ് കാല്‍നട ജാഥ ആരംഭിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശില്‍പ്പി കേണല്‍ പെന്നി ക്വിക്കിന്റെ ശിലയില്‍ ഹാരാര്‍പ്പണം നടത്തിയ ശേഷമാണ് പരിപാടി ആരംഭിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാകാന്‍ തയ്യാറാകാത്ത കേരളാ സര്‍ക്കാറിനെ കോടതി അലക്ഷ്യം കാട്ടിയതിന്റെ പേരില്‍ പിരിച്ചുവിടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ലോവര്‍ ക്യാമ്പില്‍ നിന്നാരംഭിച്ച പരിപാടി വിവിധ കാര്‍ഷിക മേഖലകളിലൂടെ സഞ്ചരിച്ച് 25ന് തേനിയില്‍ സമാപിക്കും. സമാപന സമ്മേളനം മറുമലര്‍ച്ചി ദ്രാവിഡ കഴകം നേതാവ് വൈകോ ഉദ്ഘാടനം ചെയ്യും.