National
റയാന്‍ സ്‌കൂള്‍ കൊല: പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് സി ബി ഐ

ഗുഡ്ഗാവ്: ഹരിയാനയിലെ റയാന്‍ സ്‌കൂളില്‍ ഏഴ് വയസ്സുകാരന്‍ കൊല്ലപ്പെട്ട കേസില്‍ അതേ സ്‌കൂളിലെ 16കാരനായ വിദ്യാര്‍ഥിയുടെ ജാമ്യാപേക്ഷ സി ബി ഐ എതിര്‍ത്തു. അപേക്ഷ വീണ്ടും പരിഗണിക്കുന്നത് ഗുഡ്ഗാവ് അഡീഷണല്‍ സെഷന്‍ ജനുവരി ആറിലേക്ക് മാറ്റി. രണ്ടാം ക്ലാസുകാരനായ പ്രധുമന്‍ ഠാക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പ്രതിക്ക് നേരത്തെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യം നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അഡീഷണല്‍ സെഷന്‍ കോടതിയില്‍ ഹരജി നല്‍കിയത്.
ഹീനമായ കൃത്യം ചെയ്ത 16കാരനെ പ്രായപൂര്‍ത്തിയായ ആളായി കണക്കാക്കണമെന്ന് വ്യക്തമാക്കിയ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം ഇന്നലെ പ്രതിയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഹീനമായ കുറ്റം ചെയ്യുന്ന കുട്ടികളെ പ്രായപൂര്‍ത്തിയാകാത്തവരായി കണക്കാക്കുന്ന പ്രായപരിധി ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ പരിചരണം, സംരക്ഷണം) ആക്ട് 2015 പ്രകാരം 16ല്‍ നിന്ന് 18 ആയി ഉയര്‍ത്തിയിരുന്നു. കേസില്‍ പ്രതി ശിക്ഷിക്കപ്പെട്ടാല്‍ 21 വയസ്സ് വരെ ദുര്‍ഗുണ പാഠശാലയില്‍ കഴിയേണ്ടിവരും. തുടര്‍ന്നാണ് ശിക്ഷാ വിധി പ്രകാരമുള്ള ജയില്‍ ശിക്ഷ ലഭിക്കുക.