രണ്ടാം ട്വന്റി20 ഇന്ന്; പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ

മത്സരം 6.30ന് സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ല്‍
Posted on: December 22, 2017 9:12 am | Last updated: December 22, 2017 at 10:23 am

ഇന്‍ഡോര്‍: ഇന്ന് ജയിച്ചാല്‍ ട്വന്റി20 പരമ്പര ഇന്ത്യക്ക് സ്വന്തം. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ നേരത്തെ തന്നെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ആത്മവിശ്വാസത്തോടെയാണ് ഇന്‍ഡോറില്‍ ടീം ഇന്ത്യ കളിക്കാനിറങ്ങുന്നത്. കട്ടക്കില്‍ നേടിയ തകര്‍പ്പന്‍ ജയം തന്നെ കാരണം. ആള്‍ റൗണ്ട് മികവില്‍ 93 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം.

ബാറ്റിംഗ് നിരയില്‍ ആര് ഫോമിലാകും എന്നത് പറയാന്‍ സാധിക്കില്ല. ഏകദിന മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ കട്ടക്കില്‍ പെട്ടെന്ന് പുറത്തായിരുന്നു. എന്നാല്‍, ലോകേഷ് രാഹുല്‍, ധോണി, ഹര്‍ദിക് എന്നിവര്‍ വെല്ലുവിളി ഏറ്റെടുത്തു. പ്രതീക്ഷ നല്‍കുന്ന യുവാക്കള്‍ ടീമിലുണ്ട്.
ശ്രേയസ് അയ്യരുടെ ഫോം ഇനിയും രാജ്യാന്തര ക്രിക്കറ്റില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍ത്താടുന്ന ബാറ്റ്‌സ്മാനാണ് ശ്രേയസ്. കട്ടക്കില്‍ 24 റണ്‍സാണ് ശ്രേയസ് നേടിയത്. വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍ എന്നിവരുടെ അഭാവത്തില്‍ ശ്രേയസ് അയ്യര്‍ക്ക് തിളങ്ങാനുള്ള സുവര്‍ണാവസരമാണ് പരമ്പര.

മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഫിനിഷിംഗ് പവര്‍ കുറഞ്ഞുവെന്ന വിമര്‍ശം ഉയരുമ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ഒരു മാറ്റം സൃഷ്ടിച്ചു. ധോണിയെ നാലാം നമ്പറിലേക്ക് കയറ്റി. കട്ടക്കില്‍ ആ സ്ഥാനക്കയറ്റം ഫലം കണ്ടിരുന്നു. ഇന്നും ധോണി നാലാം നമ്പറില്‍ കളിക്കും. രോഹിത് തന്റെ മുന്‍ നായകന്റെ കഴിവ് മുഴുവന്‍ പുറത്തെടുക്കാന്‍ വേണ്ടി കണ്ടെത്തിയ പൊസിഷനാണിത്. വിരാട് കോഹ് ലി പോലും കാണിക്കാത്ത ക്യാപ്റ്റന്‍സി തീരുമാനമാണ് ധോണിയുടെ കാര്യത്തില്‍ രോഹിത് കൈക്കൊണ്ടിരിക്കുന്നത്. ശ്രീലങ്ക ക്യാപ്റ്റന്‍ തിസര പെരേര പറയുന്നത് ഇന്‍ഡോറില്‍ മികച്ച പോരാട്ടം പ്രതീക്ഷിക്കാമെന്നാണ്. പൊരുതാതെ മടങ്ങില്ല, കട്ടക്കിലെ തോല്‍വി ടീം മറന്നു കഴിഞ്ഞു – പെരെരയുടെ വാക്കുകള്‍.
ദുഷ്മന്ത ചമീര, ധനഞ്ജയ ഡിസില്‍വ എന്നിവര്‍ മികവുള്ളവരെങ്കിലും സ്ഥിരത കാണിക്കാത്തത് ലങ്കക്ക് തിരിച്ചടിയാണ്.

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ആദ്യം ബൗള്‍ ചെയ്യുന്ന ടീമിന് സാധ്യത ഏറെയാണെന്ന് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ക്യുറേറ്റര്‍ സാമന്ദര്‍ സിംഗ് ചൗഹാന്‍.
രാത്രിയില്‍ മഞ്ഞ് വീഴുന്നുണ്ട്. ഗ്രൗണ്ടിലെ പുല്ലില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് ഈര്‍പ്പം ഇല്ലാതാക്കുന്നത്. ഇല്ലെങ്കില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഗ്രൗണ്ടില്‍ തെന്നി വീഴാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഇതൊന്നും ആദ്യ ബൗള്‍ ചെയ്യാനുള്ള തീരുമാനത്തെ ബാധിക്കില്ല.
കട്ടക്കില്‍ ഇരുടീമുകളിലെയും സ്പിന്നര്‍മാര്‍ പന്തില്‍ ഗ്രിപ്പ് ലഭിക്കാതെ വിഷമിച്ചിരുന്നു. പുല്ലിലെ ഈര്‍പ്പമായിരുന്നു കാരണം. ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍.
ബൗണ്ടറിയിലേക്കുള്ള ദൂരവും ചെറുതാണ്. 69 വാര അകലം. സാധാരണം എഴുപത് വാരയുണ്ടാകും.

ഇന്ത്യ : രോഹിത്ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക്, എം എസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, യുവേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ, ജസ്പ്രീത് ബുമ്‌റ, മുഹമ്മദ് സിറാജ്, ബേസില്‍ തമ്പി, ജയദേവ് ഉനാദ്കാത്.
ശ്രീലങ്ക : തിസര പെരേര (ക്യാപ്റ്റന്‍), ഉപുല്‍ തരംഗ, ഏഞ്ചലോ മാത്യൂസ്, കൗശല്‍ ജനീത് പെരേര, ധനുഷ്‌ക ഗുണതിലക, നിരോഷന്‍ ഡിക്വെല, അസെല ഗുണരത്‌നെ, സദീര സമരവിക്രമ, ദാസുന്‍ ഷനക, ചതുരംഗ ഡി സില്‍വ, സചിത് പതിരാന, ധനഞ്ജയ ഡി സില്‍വ, നുവാന്‍ പ്രദീപ്, വിശ്വ ഫെര്‍നാണ്ടോ, ദുഷ്മന്ദ ചമീര.