Connect with us

National

സച്ചിന് രാജ്യസഭയില്‍ സംസാരിക്കാനായില്ല

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാക്കിസ്ഥാന്‍ പരാമര്‍ശത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ രാജ്യസഭ ഇന്നും സ്തംഭിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പാക്കിസ്ഥാന്‍ ആരോപണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധമുയര്‍ത്തിയത്. ഇതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

രാജ്യസഭയില്‍ ആദ്യമായി ചര്‍ച്ചക്ക് നോട്ടീസ് നല്‍കിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സംസാരിക്കാന്‍ കഴിഞ്ഞില്ല. സച്ചിനെ സംസാരിക്കാന്‍ അനുവദിക്കണമെന്നും ഭാരതരത്‌ന ജേതാവ് കൂടിയായ സച്ചിന്റെ സംസാരം തടസ്സപ്പെടുത്തുന്നത് രാജ്യത്തിന് തന്നെ നാണക്കേടാണെന്നും രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു പറഞ്ഞുവെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുന്നതായി അധ്യക്ഷന്‍ പ്രഖ്യാപിക്കുകയായിരുന്നു. കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായിക മേഖലയുടെ ഭാവിയും എന്ന വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് സച്ചിന്‍ നോട്ടീസ് സമര്‍പ്പിച്ചത്. ഉച്ചക്ക് ശേഷം സംസാരിക്കാന്‍ സച്ചിന്‍ എഴുന്നേറ്റെങ്കിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയായിരുന്നു.

2012ലാണ് സച്ചിന്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. പിന്നീട് സച്ചിന്‍ പലപ്പോഴും സഭയില്‍ ഹാജരാകാതിരുന്നത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. അംഗത്വ കാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം ശേഷിക്കേയാണ് ചര്‍ച്ചക്ക് സച്ചിന്‍ ആദ്യമായി നോട്ടീസ് നല്‍കിയത്. ആഗസ്റ്റിലാണ് ഇതിന് മുമ്പ് സച്ചിന്‍ സഭയില്‍ എത്തിയത്. അന്ന് ശൂന്യവേളയിലോ ചോദ്യോത്തര വേളയിലോ സച്ചിന്‍ പങ്കെടുത്തിരുന്നില്ല.

 

Latest