അനാഥാലയങ്ങളില്‍ ബാലനീതി നിയമം അടിച്ചേല്‍പ്പിക്കാനാകില്ല: ഹൈക്കോടതി

Posted on: December 21, 2017 12:01 am | Last updated: December 20, 2017 at 11:56 pm

കൊച്ചി: സംസ്ഥാനത്തെ അനാഥാലയങ്ങള്‍ക്ക് മേല്‍ ബാലനീതി നിയമം അടിച്ചേല്‍പ്പിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഓര്‍ഫനേജ് ആക്ട് പ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത അനാഥാലയങ്ങള്‍ക്ക് മേല്‍ 2015 ലെ ബാലനീതി നിയമ പ്രകാരമുള്ള നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അതേസമയം, ഓര്‍ഫനേജ് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്തതാണെങ്കിലും ഈ സ്ഥാപനങ്ങള്‍ 2015ലെ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് സിംഗിള്‍ ബഞ്ച് നിര്‍ദേശിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ സഹായങ്ങളൊന്നുമില്ലാതെ വ്യക്തികളും സംഘടനകളും നിരവധി അനാഥാലയങ്ങള്‍ നടത്തിവരുന്നുണ്ട്. ഈ സ്ഥാപനങ്ങളില്‍ ബാലനീതി മാതൃകാ ചട്ടങ്ങള്‍ പ്രകാരമുള്ള സൗകര്യം ഒരുക്കണമെന്ന് അധികൃതര്‍ക്ക് നിര്‍ദേശിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

കരുതലും സംരക്ഷണവും വേണ്ട കുട്ടികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ കടമയാണെന്നിരിക്കെ ഇത്തരം അനാഥാലയങ്ങളില്‍ കഴിയുന്ന കുട്ടികളെ സൗകര്യങ്ങളോടെ മറ്റിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാതെ ബാല നീതി നിയമത്തിന്റെ പേരില്‍ അനാഥാലയങ്ങള്‍ ഏറ്റെടുക്കുന്നത് നിരാലംബരായ കുരുന്നുകളെ തെരുവിലേക്ക് ഇറക്കി വിടുന്ന പരിതാപകരമായ അവസ്ഥ സൃഷ്ടിക്കുമെന്നും കോടതി വിലയിരുത്തി.