സഖ്യ രാജ്യങ്ങളെ ഭീഷണിപ്പെടുത്തി അമേരിക്ക

Posted on: December 21, 2017 7:46 am | Last updated: December 20, 2017 at 11:48 pm
ജറുസലം വിഷയത്തിലെ കരട് പ്രമേയത്തിനെതിരെ കൈ ഉയര്‍ത്തി വോട്ട് രേഖപ്പെടുത്തുന്ന യു എന്നിലെ യു എസ് അംബാസഡര്‍ നിക്കി ഹാലി

വാഷിംഗ്ടണ്‍: ജറുസലം വിഷയത്തില്‍ ഇന്ന് യു എന്‍ പൊതുസഭയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ സഖ്യ രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ ഭീഷണി. അമേരിക്കയിലെ കീഴ്‌വഴക്കങ്ങളെയും അന്താരാഷ്ട്ര പൊതുബോധത്തെയും തിരസ്‌കരിച്ച് ഇസ്‌റാഈല്‍ തലസ്ഥാനം ജറുസലമിലേക്ക് മാറ്റിയ ട്രംപിന്റെ പ്രഖ്യാപനത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചാല്‍ നടപടിയുണ്ടാകുമെന്ന രീതിയിലാണ് യു എന്നിലെ യു എസ് അംബാസഡര്‍ നിക്കി ഹാലിയുടെ പ്രസ്താവന. യു എന്‍ അംഗരാജ്യങ്ങള്‍ക്ക് അയച്ച കത്തിലാണ് അമേരിക്കയുടെ ഭീഷണിപ്പെടുത്തല്‍.
അമേരിക്കക്കെതിരെ വോട്ട് ചെയ്തവരുടെ വിവരങ്ങള്‍ ട്രംപിന് കൈമാറുമെന്നും വ്യാഴാഴ്ചത്തെ വോട്ടെടുപ്പ് സസൂക്ഷ്മം തങ്ങള്‍ നിരീക്ഷിക്കുമെന്നും നിക്കിയുടെ കത്തില്‍ പറയുന്നു. ഫലസ്തീന്‍ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായി യു എന്‍ പൊതുസഭയില്‍ അവതരിപ്പിക്കുന്ന യു എസ്, ഇസ്‌റാഈല്‍വിരുദ്ധ പ്രമേയത്തില്‍ തങ്ങള്‍ ഒറ്റപ്പെടുമെന്ന് ഉറപ്പായതോടെയാണ് വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രവുമായി അമേരിക്ക രംഗത്തെത്തിയത്. അറബ് രാജ്യങ്ങളും തുര്‍ക്കിയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കക്കെതിരെ രംഗത്ത് വന്ന സാഹചര്യത്തില്‍ ഇന്ന് അമേരിക്കക്കെതിരെ ഒറ്റക്കെട്ടായ ആക്രമണമുണ്ടാകുമെന്ന് ഏറെ കുറെ ഉറപ്പായിട്ടുണ്ട്. 193 അംഗങ്ങളുള്ള പൊതുസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രമേയം അംഗീകരിക്കും.

ജറുസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ച, സമാധാന ശ്രമങ്ങളെ തകിടം മറിക്കുന്ന ട്രംപിന്റെ നടപടി അസാധുവാക്കണമെന്നും ഇസ്‌റാഈലില്‍ ഇതുവരെയുള്ള സ്ഥിതി തുടരണമെന്നുമുള്ള നിര്‍ദേശങ്ങളാണ് കരട് പ്രമേയത്തിലുള്ളത്. തുര്‍ക്കിയുടെ പിന്തുണയോടെ ഈജിപ്ത് യു എന്‍ രക്ഷാസമിതിയില്‍ സമര്‍പ്പിച്ച ഇതേ പ്രമേയം അമേരിക്ക വീറ്റോ ചെയ്തതോടെ തള്ളിയിരുന്നു.
‘ താങ്കള്‍ അറിയുന്നത് പോലെ പൊതുസഭയിലെത്തിയ പ്രമേയം പ്രസിഡന്റ് ട്രംപിന്റെ ജറുസലം വിഷയത്തിലെ തീരുമാനവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് തന്നെ യു എന്‍ വോട്ട് അമേരിക്കയും ട്രംപും വ്യക്തിപരമായി തന്നെ കാണും. അമേരിക്കക്കെതിരെ വോട്ട് ചെയ്യുന്നവരുടെ വിവരങ്ങള്‍ ട്രംപിന് നല്‍കും. സഖ്യ രാജ്യങ്ങള്‍ അമേരിക്കക്കെതിരെ വോട്ട് ചെയ്താല്‍ അത് തികച്ചും പരിഹാസ്യപരമായ നടപടിയായിരിക്കും. അത് മറക്കാന്‍ അമേരിക്കക്ക് സാധിക്കില്ല. യു എസിനെതിരായ പ്രമേയം പാസാക്കുകയാണെങ്കില്‍ ഇസ്‌റാഈല്‍ – ഫലസ്തീന്‍ സമാധാന ശ്രമങ്ങള്‍ക്ക് നേരെയുള്ള തിരിച്ചടിയായി അത് മാറും.’ ഹാലിയുടെ കത്തിലെ ഭീഷണി വാക്കുകള്‍ ഇങ്ങനെ പോകുന്നു.
22 വര്‍ഷം മുമ്പ് യു എസ് കോണ്‍ഗ്രസിലെടുത്ത തീരുമാനമാണ് ഇപ്പോള്‍ ട്രംപ് നടപ്പാക്കിയതെന്നും ഇത് സമാധാന ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്നും ഹാലി ന്യായീകരിച്ചു. മുസ്‌ലിംകളുടെ പുണ്യ കേന്ദ്രമായ ഹറം ശരീഫിനെയോ ജറുസലമിലെ പുണ്യനഗരങ്ങളെയോ ട്രംപിന്റെ നടപടി ബാധിക്കില്ലെന്നും ഇവിടങ്ങളില്‍ പഴയ സ്ഥിതി തന്നെ തുടരുമെന്നും ഹാലി കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ ആറിനാണ് അന്താരാഷ്ട്ര തലത്തില്‍ ഏറെ അലോസരം സൃഷ്ടിച്ച ട്രംപിന്റെ ഫലസ്തീന്‍വിരുദ്ധ നടപടി വരുന്നത്. ഫലസ്തീന്‍ ജനതക്ക് അവകാശപ്പെട്ട ജറുസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും ടെല്‍ അവീവില്‍ നിന്ന് യു എസ് എംബസി മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ഫലസ്തീന്‍ – ഇസ്‌റാഈല്‍ സമാധാന ചര്‍ച്ച അസ്ഥാനത്താകുകയും നഗരങ്ങളില്‍ ഇസ്‌റാഈല്‍വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയും ചെയ്തു.

അതേസമയം, ഹാലിയുടെ ഭീഷണി വന്ന സാഹചര്യത്തില്‍ എന്തുവിലകൊടുത്തും പ്രമേയം പാസാക്കുകയെന്ന ലക്ഷ്യമാണ് തുര്‍ക്കിക്കും ഫലസ്തീന് വേണ്ടി വാദിക്കുന്ന അറബ് രാജ്യങ്ങള്‍ക്കുമുള്ളത്. തങ്ങള്‍ക്കനുകൂലമാകുന്ന വോട്ടുകള്‍ ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് ഫലസ്തീന്‍ അനുകൂല രാജ്യങ്ങള്‍.