മരിച്ചുവീഴുന്നു , ആദിവാസി ശിശുക്കള്‍

Posted on: December 21, 2017 6:01 am | Last updated: December 20, 2017 at 11:31 pm

അട്ടപ്പാടിയില്‍ നിന്നുള്ള ശിശുരോദനങ്ങള്‍ 2018-ലേക്കു കടക്കുമ്പോഴും കുറയുന്നില്ല. പോഷകാഹാരക്കുറവു മൂലം മരിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ ഏറ്റവുമധികമുള്ള സ്ഥലങ്ങളില്‍ ഒന്നാണ് അട്ടപ്പാടി ഊരുകള്‍. ആദിവാസികളെ ഉദ്ധരിക്കാന്‍ വലിയ പ്രോജക്റ്റുകളും കോടികളും ഒഴുകുമ്പോഴും ജനന വൈകല്യങ്ങള്‍ മൂലം 14 പേര്‍ 2017-ല്‍ മാത്രം മരിച്ചു കഴിഞ്ഞു. നൂറുകണക്കിന് കുട്ടികള്‍ റുവാണ്ടയെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ എല്ലും തോലുമായി കഴിയുന്നു പ്രബുദ്ധ കേരളത്തിന്റെ വിദൂര ഊരുകളില്‍.

പുദൂര്‍ വില്ലേജിലെ കുറുമ്പ ദമ്പതികളുടെ രണ്ട് ആണ്‍കുട്ടികള്‍ കഴിഞ്ഞയാഴ്ച മരിച്ചതോടെ പ്രശ്‌നം വീണ്ടും ശ്രദ്ധയിലേക്കു വന്നിട്ടുണ്ട്. ഓരോ മരണവും ഒന്നോ രണ്ടോ ദിവസത്തെ അനുശോചനത്തോടെ അവസാനിക്കുന്ന പതിവില്‍ മാറ്റം വന്നിട്ടില്ല. രണ്ട് ആണ്‍തരികളും ഭക്ഷണമില്ലാതെ മരിക്കുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്ന അച്ചനമ്മമാരുടെ വേദന വര്‍ണിക്കാനാവില്ല. പ്രസവിക്കാന്‍ ആദിവാസി അമ്മമാര്‍ ഭയപ്പെടേണ്ട സാമൂഹിക-ആരോഗ്യ സാഹചര്യമാണ് അട്ടപ്പാടിയിലുള്ളത്. 2016-ല്‍ എട്ട് കുട്ടികളാണ് ജനനവൈകല്യംമൂലം മരിച്ചത്. ഈ വര്‍ഷം അതിരട്ടിയായി. 14 പേരുടെ ജീവന്‍ അപഹരിച്ചു.
ജനനവൈകല്യമെന്ന് പറഞ്ഞാല്‍ കുട്ടികളുടെ പ്രശ്‌നമല്ല. അമ്മമാര്‍ക്കു ഗുരുതരമായ വൈകല്യങ്ങള്‍ ഉണ്ടെന്നാണ് അതിനര്‍ഥം. അത് പോഷകമൂല്യങ്ങള്‍ അടങ്ങിയ ഒരു ഭക്ഷണവും അവര്‍ക്ക് കഴിക്കാന്‍ കിട്ടാത്തതു കൊണ്ടുണ്ടായിട്ടുള്ള ആരോഗ്യ പ്രശ്‌നമാണ്. അപ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യം അവര്‍ക്കെന്തുകൊണ്ട് അധികാരികള്‍ ഭക്ഷണം കൊടുക്കുന്നില്ലയെന്നതാണ്. ആദിവാസികളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്ന 400 കോടി രൂപ ആരുടെ കീശകളിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്? അഥവാ ആ ഫണ്ട് മറ്റുള്ളവര്‍ക്ക് വെട്ടിവിഴുങ്ങാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കികൊടുക്കുന്നതോ?

കേന്ദ്രവും സംസ്ഥാനവും ദരിദ്രരായ ആദിവാസി ജനവിഭാഗങ്ങളെ സഹായിക്കാനായി ഫണ്ട് നീക്കിവെക്കുന്നുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരം നല്‍കാനായി കോടികള്‍ നല്‍കുന്നു. മിക്കതും വിവിധ എന്‍ ജി ഒ സംഘടനകള്‍ വഴിയാണ് നല്‍കുന്നത്. നൂറിലേറെ സന്നദ്ധസംഘങ്ങള്‍ സ്വയം സന്നദ്ധരായി (ഫണ്ട് സ്വീകരിക്കാന്‍) അട്ടപ്പാടിയിലെങ്ങും സജീവമായി നടക്കുന്നുണ്ട്. ജില്ലാ-ലോക്കല്‍ പഞ്ചായത്ത് സമിതികളും പ്രത്യേക കര്‍മസമിതികളും ഉള്‍പ്പെടെ എല്ലാവരും ആദിവാസി ക്ഷേമത്തിനായി ‘പ്രയത്‌നിച്ചു’ കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞുങ്ങള്‍ പിടഞ്ഞുമരിക്കുന്നത്. വര്‍ഷങ്ങളായി ഈയവസ്ഥയില്‍ ഒരു മാറ്റവും വരുത്താന്‍ മാറിമാറി ഭരിച്ച സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞിട്ടില്ല.
‘നല്ല ഭക്ഷണം കൊടുത്താല്‍ അവര്‍ കഴിക്കില്ല. അതുകൊണ്ടാണ് മരണം സംഭവിക്കുന്നത്. മദ്യമാണ് അവര്‍ക്കിഷ്ടപ്പെട്ട പാനീയം’ എന്നൊക്കെ മന്ത്രിമാര്‍ ഇടക്കിടെ ക്രൂരമായി വിശദീകരണം നല്‍കാറുണ്ട്. യഥാര്‍ഥ പ്രശ്‌നം അവര്‍ക്ക് പരിഷ്‌കൃതമായ ഒരു ജീവിതം നയിക്കാന്‍ ആവശ്യമായ വിദ്യാഭ്യാസമോ തൊഴിലോ നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലായെന്നതു തന്നെയല്ലേ? കുറച്ചു ഭൂമിയോ പാര്‍പ്പിടമോ ചില ഭക്ഷ്യവസ്തുക്കളോ നല്‍കുന്നതുകൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല ആദിവാസികളുടെ പ്രശ്‌നമെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്തവരാണോ രാജ്യം ഭരിക്കുന്നത്?

ഗര്‍ഭിണിയായ സ്ത്രീകളുടെ അനാരോഗ്യത്തിന് കാരണമായ പോഷകാഹാരമില്ലായ്മ പരിഹരിക്കാനെന്ന പേരിലാണല്ലോ ‘കമ്മ്യൂണിറ്റി കിച്ചനുകള്‍’ ആരംഭിച്ചത്. പാല്‍, മുട്ട, നല്ല അരി, ചോളം തുടങ്ങിയവയൊക്കെ നല്‍കാന്‍ പദ്ധതിയിടുകയും ചെയ്‌തെങ്കിലും കുറച്ച് അരിയും ചോളവും മാത്രമാണ് മിക്കപ്പോഴും അവര്‍ക്ക് ലഭിക്കുന്നതത്രെ! റേഷന്‍ കൊടുക്കുന്നതുപോലെ എന്തെങ്കിലും കൊടുക്കും. പര്യാപ്തമായ അളവില്‍ എല്ലാ ദിവസവും സ്ത്രീകള്‍ക്കും കൗമാരക്കാര്‍ക്കും വൈറ്റമിന്‍ ഭക്ഷണം നല്‍കുന്നില്ലായെന്നതു തന്നെയാണ് പ്രശ്‌നകാരണം. അതിന് ആരെയാണ് പഴിക്കേണ്ടത്?

അങ്കണ്‍വാടികളിലെ ഉദ്യോഗസ്ഥരെ ചുമതലയേല്‍പ്പിച്ചെങ്കിലും അവര്‍ക്ക് മറ്റനേകം ജോലികള്‍ വേറെ നല്‍കുന്നതിനാല്‍ പോഷകാഹാരം മുഖ്യമായി സംഘടിപ്പിച്ചു നല്‍കുന്നത് ഫലപ്രദമായി നടക്കുന്നില്ല. ഫണ്ട് വിനിയോഗിക്കാന്‍ ചുമതലപ്പെട്ടവര്‍ അതില്‍ തിരിമറികള്‍ നടത്തുകയും കൂടി ചെയ്യുന്നതോടെ അട്ടപ്പാടി ഒരു ശവപ്പറമ്പായി മാറുകയാണ്. മരിച്ചവരേക്കാള്‍ ജീവിച്ചിരിക്കുന്നവരുടെ അവസ്ഥ ദയനീയമാണ്.
എന്നാല്‍, അതൊക്കെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ പുതുതായി എന്തെങ്കിലുമൊന്ന് ചെയ്യണമെന്ന ചിന്ത ആര്‍ക്കുമില്ല. അവകാശങ്ങളെക്കുറിച്ച് അറിയാനോ ആവശ്യങ്ങള്‍ ഉന്നയിക്കാനോ കഴിയാത്ത പാവങ്ങള്‍ സ്വയം എരിഞ്ഞടങ്ങുകയാണ്. ചൂഷണം അതിന്റെ പാരമ്യതയില്‍ എത്തിയ മേഖലയായും അട്ടപ്പാടിയിലെ-സാഹചര്യങ്ങളോട് സമരസപ്പെട്ട് കഴിയാന്‍ വിധിക്കപ്പെട്ടവരായി ആദിവാസി ഗോത്ര സമൂഹം കഴിയുമ്പോള്‍, അവരെ മനുഷ്യരാക്കി മാറ്റാന്‍ അധികാരികള്‍ വിമുഖത കാട്ടുന്നു.
ആദിവാസികള്‍ മനുഷ്യക്കോലങ്ങള്‍ മാത്രമാണ്. മനുഷ്യരായിട്ടില്ല. മനുഷ്യനാകണമെങ്കില്‍ അവര്‍ക്ക് ആദ്യം നല്‍കേണ്ടത് വിദ്യാഭ്യാസമാണ്. അറിവ് ലഭിച്ചിരുന്നെങ്കില്‍, പതിറ്റാണ്ടുകളായി അവരെ വരിഞ്ഞുമുറുക്കി കെട്ടിയിരിക്കുന്ന അജ്ഞതയില്‍ നിന്നും അവര്‍ സ്വതന്ത്രരായേനേ. ചൂഷണ നുകത്തില്‍ നിന്ന് മോചനം നേടാന്‍ സ്വയം പ്രാപ്തരാകാതെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് രക്ഷയില്ല. മറ്റാരും അവരെ രക്ഷിക്കില്ല. ഭ്രൂണാവസ്ഥയില്‍ കഴിയുന്ന ഓരോ ആദിവാസി കുഞ്ഞും മരണമുഖത്താണ്. ജനിച്ചു കഴിഞ്ഞാല്‍ ജനിതക വൈകല്യത്താല്‍ അവര്‍ അധികം മുന്നോട്ടുപോകില്ല. മനുഷ്യ നിര്‍മിതമാണ് ഈ ശിശുഹത്യകള്‍. മുതലാളിത്ത സാമൂഹിക വ്യവസ്ഥയുടെ കണ്ണില്‍ ചോരയില്ലാത്ത സമ്പ്രദായത്തിന്റെ ഏറ്റവും നിസ്വരായ, ദുര്‍ബലരായ, ഇരകളായി സ്വയം മരണത്തിന് കീഴടങ്ങാതെ പൊരുതാന്‍ ആ ജനവിഭാഗങ്ങള്‍ക്ക് ബോധം നല്‍കാന്‍ സാമൂഹിക പ്രസ്ഥാനങ്ങള്‍ മുന്നോട്ടു വരട്ടെ. കാരുണ്യത്തിന്റെ പേരിലുള്ള നിഷ്ഠൂര ചൂഷണം ദയവായി അവസാനിപ്പിക്കുക.