ഡിജിപി ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തു

Posted on: December 20, 2017 9:23 am | Last updated: December 20, 2017 at 11:03 pm

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തോടെയാണ് നടപടി. എന്നാല്‍ ഉത്തരവ് കിട്ടിയില്ലെന്ന് തോമസ് ജേക്കബ് പ്രതികരിച്ചു

പ്രസ് ക്ലബ്ബില്‍  സംസാരിക്കവെ സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നിരിക്കുകയാണെന്ന പ്രസ്താവനയാണ് സസ്‌പെന്‍ഷന് കാരണമായത്. സര്‍ക്കാരിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചുവെന്ന് വിലയിരുത്തിയാണ് നടപടി.

ഒരു ഐപിഎസ് ഉദ്യോഗസ്ഥന് ചേരാത്ത രീതിയാണെന്നും വിവാദ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെക്കുറിച്ച് തെറ്റായ കാഴ്ചപ്പാടുണ്ടാക്കാന്‍ കാരണമായെന്നും ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മുന്‍ വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസ് നിലവില്‍ ഐഎംജി മേധാവിയാണ്..

നേരത്തേ സര്‍വീസ് ചട്ടം ലംഘിച്ച് പുസ്തകമെഴുതിയതിന് ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. വകുപ്പ് തല നടപടിക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വിവാദ പ്രസ്താവന നടത്തി സസ്‌പെന്‍ഷനിലായിരിക്കുന്നത്.