ധൂമലിനെ തോല്‍പ്പിച്ചത് ബി ജെ പിയിലെ കലഹം

Posted on: December 20, 2017 12:01 am | Last updated: December 20, 2017 at 12:01 am

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേം കുമാര്‍ ധൂമല്‍ പരാജയപ്പെട്ടതിന് പിന്നില്‍ പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങളെന്ന് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ മുതിര്‍ന്ന നേതാവും രണ്ട് തവണ മുഖ്യമന്ത്രിയുമായ ധൂമല്‍ തയ്യാറായിട്ടില്ല. പരാജയത്തെ കുറിച്ച് വിലയിരുത്തലിന് ശേഷം പിന്നീട് പ്രതികരിക്കാമെന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി. അതിനിടെ, ധൂമലിന് പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ ബി ജെ പിയില്‍ ആരംഭിച്ചു.

ധൂമല്‍ ഇത്തവണ ജനവിധി തേടിയ മണ്ഡലം അദ്ദേഹം സ്വയം തിരഞ്ഞെടുത്തതായിരുന്നില്ല. ഹമീര്‍പൂര്‍ എം എല്‍ എയായിരുന്ന ധൂമലിനോട് സുജന്‍പൂരിലേക്ക് മാറാന്‍ ഇത്തവണ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ ബി ജെ പി തയ്യാറായതുമില്ല. ഇത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായതോടെ കേന്ദ്ര നേതൃത്വം ഇടപെട്ടു. പ്രചാരണത്തിന്റെ ഏതാണ്ട് മധ്യഘട്ടത്തില്‍ എത്തിയപ്പോള്‍ മാത്രമാണ് ധൂമല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള വോട്ടഭ്യര്‍ഥനക്ക് ബി ജെ പി തയ്യാറായത്. അതുതന്നെ, വോട്ട് ബേങ്കില്‍ ചോര്‍ച്ചയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. സുജന്‍പൂര്‍ മണ്ഡലത്തെ ദീര്‍ഘകാലം പ്രതിനിധീകരിച്ചിട്ടുള്ള കോണ്‍ഗ്രസിലെ രജീന്ദര്‍ റാണ സ്ഥാനാര്‍ഥിയായി വന്നതോടെ ബി ജെ പിക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ന്നത്. മണ്ഡലത്തില്‍ നല്ല സ്വാധീനമുള്ള സ്ഥാനാര്‍ഥിയായിരുന്നു റാണ. അതിനിടെ, ബി ജെ പിക്കുള്ളിലെ വിരുദ്ധ പക്ഷം നിലപാടെടുക്കുക കൂടി ചെയ്തതോടെ ധൂമലിന്റെ പരാജയം അനായാസമായി.

ധൂമല്‍ നിയമസഭ കാണാതെ പുറത്തായതോടെ, മുഖ്യമന്ത്രിക്കസേരയിലേക്ക് മുതിര്‍ന്ന നേതാക്കളായ ജയ്‌റാം ഠാക്കൂര്‍, സുരേഷ് ഭരദ്വാജ് തുടങ്ങിയവരുടെ പേരുകളാണ് ബി ജെ പി സജീവമായി പരിഗണിക്കുന്നത്. പ്രേം കുമാറിനെ വീണ്ടും മത്സരിപ്പിച്ച് നിയമസഭയിലെത്തിക്കാനുള്ള നീക്കവും ചില കോണുകളില്‍ നിന്ന് ആരംഭിച്ചുകഴിഞ്ഞു. ധൂമല്‍ മത്സരിക്കുകയാണെങ്കില്‍ താന്‍ രാജിവെക്കാമെന്ന്, ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ബി ജെ പി സ്ഥാനാര്‍ഥി വ്യക്തമാക്കിയതായാണ് വിവരം. അത് ധൂമലും പാര്‍ട്ടിയും അംഗീകരിക്കുകയാണെങ്കില്‍ ഹിമാചല്‍ പ്രദേശില്‍ വൈകാതെ ഒരു ഉപതിരഞ്ഞെടുപ്പിനും സാധ്യതയുണ്ട്.