വേദികള്‍ 24; മത്സരങ്ങള്‍ക്കും അന്തിമ രൂപമായി സംസ്ഥാന സ്‌കൂള്‍ കലോത്സവം

Posted on: December 19, 2017 11:28 pm | Last updated: December 19, 2017 at 11:28 pm

തൃശൂര്‍: ജനുവരി ആറ് മുതല്‍ 10 വരെ തൃശൂരില്‍ നടക്കുന്ന 58ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ വേദികളുടെയും മത്സരങ്ങളുടെയും അന്തിമരൂപമായി. 24 വേദികളില്‍ അഞ്ച് ദിനങ്ങളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.

പ്രധാന വേദിയായ തേക്കിന്‍കാട് മൈതാനിയിലെ നീര്‍മാതളത്തില്‍ ആദ്യദിനം ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടം, ഭരതനാട്യം മത്സരങ്ങള്‍ നടക്കും. തുടര്‍ന്നുള്ള ദിനങ്ങളില്‍ തിരുവാതിരക്കളിയും കേരള നടനവും സംഘനൃത്തവും നാടോടി നൃത്തവും അരങ്ങേറും. തേക്കിന്‍കാട് മൈതാനിയില്‍ തന്നെയുള്ള രണ്ടാം വേദിയായ നിശാഗന്ധിയില്‍ നടക്കുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ സംസ്ഥാനത്തെ പ്രമുഖ സാംസ്‌കാരിക നായകര്‍ സംബന്ധിക്കും. പാട്ടും കവിതയും പ്രഭാഷണവുമെല്ലാം പരിപാടിയിലുണ്ടാകും. മൂന്നാം വേദിയായ തേക്കിന്‍കാട് മൈതാനിയിലെ നെഹ്‌റു പാര്‍ക്കിനു സമീപമുള്ള നീലക്കുറിഞ്ഞിയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ മോഹിനിയാട്ടവു ഭരതനാട്യവും നടക്കും. വേദി നാല് തേന്‍വരിക്കയില്‍ അറബി സാഹിത്യോത്സവം, വേദി ആറ് നീലോത്പലത്തില്‍ സംസ്‌കൃതോത്സവം, ഹോളി ഫാമിലി എച്ച് എസ് എസിലെ പതിനാറാം നമ്പര്‍ വേദിയായ രാജമല്ലിയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ ഒപ്പന, ചവിട്ടുനാടകം, വേദി ഇരുപത്തിമൂന്ന് ചന്ദനത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ വട്ടപ്പാട്ട്, ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ ദഫ്മുട്ട് എന്നിവയാണ് ആദ്യ ദിനത്തിലെ മറ്റിനങ്ങള്‍. മേളയിലെ പ്രധാന ഇനമായ നാടകം സംഗീത നാടക അക്കാദമിയിലെ ദേവതാരുവില്‍ രണ്ടാം ദിനത്തില്‍ അരങ്ങേറും. പരിമിതമായ ഇരിപ്പിടങ്ങള്‍ മാത്രമുള്ള കെ ടി മുഹമ്മദ് സ്മാരക തീയറ്ററിനുള്ളില്‍ കാണികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വരുമെന്ന് അഭിപ്രായമുയര്‍ന്നതിനെ തുടര്‍ന്ന് പുറത്ത് വലിയ സ്‌ക്രീനില്‍ തത്സമയം നാടകം കാണിക്കാനുള്ള സംവിധാനം ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്.

മാന്വല്‍ പരിഷ്‌കാരത്തിനു ശേഷമുള്ള ആദ്യ കലോത്സവമായതിനാല്‍ പല മത്സരങ്ങളുടെയും നടത്തിപ്പില്‍ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി അവ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സംഘാടക സമിതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തവണ കലോത്സവം അഞ്ച് ദിവസമായി ചുരുക്കിയതിനാല്‍ കഴിഞ്ഞ തവണ 17 വേദികളുണ്ടായിരുന്നത് ഇത്തവണ 24 എണ്ണമായി കൂടിയിട്ടുണ്ട്. സമാപന ദിവസമായ പത്തിന് നാല് വേദികളില്‍ മാത്രമാണ് മത്സരമുള്ളത്. ഫലത്തില്‍ നാല് ദിവസമാണ് പ്രധാനമായും എല്ലാ വേദികളിലും മത്സരങ്ങള്‍ അരങ്ങേറുന്നത്. ഇത് മേളയുടെ നടത്തിപ്പിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.