ഓഖി: സംസ്ഥാനം ആവശ്യപ്പെട്ട 7340കോടിയുടെ പാക്കേജ് പരിഗണിക്കുമെന്ന് പ്രധാനമന്ത്രി

Posted on: December 19, 2017 6:45 pm | Last updated: December 20, 2017 at 9:25 am

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരദേശ മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനും 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പരിഗണിക്കുമെന്ന് പ്രധാനമന്ത്രി.

ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വൈകീട്ട് നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമഗ്രമായ സഹായ പാക്കേജ് പ്രധാനമന്ത്രിക്ക് നല്‍കിയത്. ദേശീയ ദുരന്തനിവാരണ ഫണ്ടിന്റെ മാര്‍ഗരേഖപ്രകാരം കണക്കാക്കിയ 422 കോടി രൂപയ്ക്ക് പുറമെയാണ് പ്രത്യേക പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി മുന്നോട്ടുവച്ച പ്രത്യേക പാക്കേജ് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മോദി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് എല്ലാ സഹായവും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. ദുരന്തങ്ങള്‍ പ്രവചിക്കുന്നിനുളള സാങ്കേതിക വിദ്യയും സംവിധാനവും മെച്ചപ്പെടുത്തും. ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചില്ലെന്ന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ ഗൗരവപൂര്‍വ്വം പരിശോധിക്കുമെന്നും മോദി അറിയിച്ചു.
ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനും ദുരന്തബാധിതര്‍ക്ക് ആശ്വാസം നല്‍കുന്നതിനും സാധ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

71 മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടു. കാണാതായവരെ കണ്ടെത്താനുളള തെരച്ചില്‍ തുടരുകയാണ്. ദുരന്തബാധിതരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുളള പരിശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍ അതിന് സമയമെടുക്കും. കനത്ത നാശം വിതറിയ ഓഖി ചുഴലിക്കാറ്റ് ദേശീയദുരന്തമായി കണക്കാക്കി സഹായം അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.