Connect with us

National

വോട്ടിംഗ് മെഷീനുകള്‍ ഹാക്ക് ചെയ്യാനാകുമെന്ന് നിര്‍മാതാക്കള്‍

Published

|

Last Updated

ന്യൂഡല്‍ഹി: വോട്ടിംഗ് മെഷീനുകള്‍ 100 ശതമാനം സുരക്ഷിതമല്ലെന്നും അവ ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്നും ഇ വി എം നിര്‍മാതാക്കളായ യു എസ് കമ്പനി.

കമ്പനി നിര്‍ദേശിക്കുന്ന വിധം ഉപയോഗിച്ചാല്‍ ഏറ്റവും സുരക്ഷിതമാണ് വോട്ടിംഗ് യന്ത്രം. എന്നാല്‍, കമ്പനി നിര്‍ദേശങ്ങള്‍ മറികടന്നാല്‍ ക്രമക്കേടിന് സാധിക്കുമെന്നും വോട്ടിംഗ് മെഷീന്‍ നിര്‍മാതാക്കളായ മൈക്രോചിപ്പ് ഇങ്ക്(യു എസ് എ) പറഞ്ഞു.

യു എസ് കോടതിയില്‍ ഇ വി എം നിര്‍മാതാക്കള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ സോഴ്‌സ് കോഡ് ഷെയര്‍ ചെയ്യുന്നത് പോലെയാണ് വോട്ടിംഗ് മെഷനിന്റെ കോഡിന്റെ കാര്യവുമെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യുന്നതാണ് യു എസ് കമ്പനിയുടെ വെളിപ്പെടുത്തല്‍.

വോട്ടിംഗ് മെഷീന്‍ ഹാക്ക് ചെയ്യാന്‍ ബി ജെ പി, നൂറിലധികം സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരെ വാടകക്ക് എടുത്തതായി പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേല്‍ ആരോപിച്ചിരുന്നു.
ഗുജറാത്ത് വോട്ടെടുപ്പ് ഫലം പുറത്തുവന്ന ഉടനെയാണ് ഹര്‍ദിക് ഈ ആരോപണമുന്നയിച്ചത്. ഇത്തരം ആരോപണങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതാണ് ഇ വി എം നിര്‍മാതാക്കളുടെ വെളിപ്പെടുത്തല്‍.

Latest