അല്‍ ഐനില്‍ ബസ്‌യാത്രക്ക് സ്മാര്‍ട് കാര്‍ഡ് നടപ്പാക്കും

Posted on: December 18, 2017 8:40 pm | Last updated: December 18, 2017 at 8:40 pm

അല്‍ ഐന്‍: പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അല്‍ ഐനില്‍ ബസ് യാത്രക്ക് സ്മാര്‍ട് കാര്‍ഡ് ഹാഫിലാത്ത് നടപ്പിലാക്കും. രണ്ട് വര്‍ഷം മുമ്പ് അബുദാബിയില്‍ നടപ്പിലാക്കിയ സ്മാര്‍ട് കാര്‍ഡ് സംവിധാനമാണ് അല്‍ ഐനിലും നടപ്പിലാക്കുന്നത്. ടിക്കറ്റ് വിതരണം ചെയ്യുന്നതിനും കാര്‍ഡ് റീചാര്‍ജ് ചെയ്യുന്നതിനുമായി അല്‍ ഐനിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച 11 ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതായി അബുദാബി ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ഇന്നലെ മുതലാണ് ഓട്ടോമേറ്റഡ് പേയ്‌മെന്റ് സംവിധാനം സജീവമായത്. അല്‍ ഐനിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലാണ് പ്രധാനമായും മെഷീനുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ അല്‍ ഐന്‍ അന്താരഷ്ട്ര വിമാനത്താവളം, അല്‍ ഐന്‍ മാള്‍, അല്‍ ജീമി മാള്‍, തവാം ഹോസ്പിറ്റല്‍, അല്‍ ഐന്‍ ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലും യന്ത്രങ്ങള്‍ സ്ഥാപിച്ചതായി ബസ് ആന്റ് വാട്ടര്‍ ഫെറീസ് മേധാവി സഈദ് അല്‍ ഹാമിലി അറിയിച്ചു.
പ്രതിദിന യാത്രക്ക് പുറമെ പ്രതിവാര, പ്രതിമാസ യാത്രകള്‍ക്ക് ഉപയോഗിക്കാവുന്ന കാര്‍ഡുകളും ലഭ്യമാണ്. ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ബസിന് അകത്ത് സ്ഥാപിച്ച മെഷീനുകളുമായി സ്മാര്‍ട് കാര്‍ഡ് ബന്ധിപ്പിക്കണം. സ്ഥിരം യാത്രക്കായി പ്ലാസ്റ്റിക് കാര്‍ഡും താല്‍കാലിക യാത്രക്കായി പേപ്പര്‍ കാര്‍ഡുമാണ് പുറത്തിറക്കിയിട്ടുള്ളത്. ദൂരത്തിനനുസൃതമായാണ് നിരക്ക് ഈടാക്കുക. യാത്ര കൂടുതല്‍ സുഖകരമാക്കുന്നതിന് വ്യക്തിഗത കാര്‍ഡുകള്‍, വിദ്യാര്‍ത്ഥി കാര്‍ഡുകള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കാര്‍ഡുകള്‍ എന്നിവയും ലഭ്യമാക്കും.