വേള്‍ഡ് എക്‌സ്‌പോ: യു എ ഇ പവലിയന്‍ നിര്‍മാണം തുടങ്ങി ജനമനസ്സുകളിലേക്ക് ഫാല്‍കണെപ്പോലെ പറന്നിറങ്ങും

Posted on: December 18, 2017 8:28 pm | Last updated: December 18, 2017 at 8:28 pm
വേള്‍ഡ് എക്‌സ്‌പോ 2020 യു എ ഇ പവലിയന്‍ നിര്‍മാണോദ്ഘാടനം ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം നിര്‍വഹിക്കുന്നു

ദുബൈ: വേള്‍ഡ് എക്‌സ്‌പോ 2020ന് വേണ്ടിയുള്ള യു എ ഇ പവലിയന്‍ നിര്‍മാണം തുടങ്ങി. എക്‌സ്‌പോ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂമാണ് തറക്കല്ലിട്ടത്. 15000 ചതുരശ്രമീറ്റര്‍ ചുറ്റളവില്‍ നാല് നിലകളിലായാണ് പവലിയന്‍ വിഭാവനം ചെയ്തിരിക്കുന്നത്. 2019 ഓടെ നിര്‍മാണം പൂര്‍ത്തിയാകും.

ഇതേ ചടങ്ങില്‍, എക്‌സ്‌പോയില്‍ യു എ ഇ പങ്കാളിത്തം സംബന്ധിച്ച ധാരണാപത്രവും ഒപ്പിട്ടു. യു എ ഇ എക്‌സ്‌പോ പവലിയന്‍ നിര്‍മാണത്തിന്റെ ചുമതലയുള്ള മന്ത്രി ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബിര്‍ യു എ ഇ ക്കു വേണ്ടിയും രാജ്യാന്തര സഹകരണ സഹമന്ത്രി റീം അല്‍ ഹാശിമി എക്‌സ്‌പോക്ക് വേണ്ടിയും ഒപ്പുവെച്ചു.
എക്‌സ്‌പോയില്‍ ഏറ്റവും ആകര്‍ഷകം യു എ ഇ പവലിയന്‍ ആയിരിക്കുമെന്ന് ശൈഖ് അഹ്മദ് വ്യക്തമാക്കി. ഇമാറാത്തി സംസ്‌കാരവും നേട്ടങ്ങളും വിളംബരം ചെയ്യുന്ന വിധത്തിലാണ് അകവും പുറവും രൂപകല്‍പന ചെയ്യുന്നത്. ഭാവിയിലെ യു എ ഇ യുടെ പ്രതീക്ഷകള്‍ ദ്യോതിപ്പിക്കും.

എല്ലാ എമിറേറ്റുകള്‍ക്കും അഭിമാനം പകരുന്നതാകും യു എ ഇ പവലിയന്‍, ശൈഖ് അഹ്മദ് പറഞ്ഞു. രാജ്യത്തിന്റെ പവലിയന്‍ ലോകശ്രദ്ധാ കേന്ദ്രമാകുമെന്നു ഡോ. സുല്‍ത്താന്‍ അഹ്മദ് പറഞ്ഞു. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള യു എ ഇയുടെ ചരിത്രം ഇവിടെ അലയടിക്കും. ഭരണാധികാര പിന്തുടര്‍ച്ചകളെയും മഹാവ്യക്തിത്വങ്ങളെയും മാതൃകാ പുരുഷന്മാരെയും ലോകത്തിനു കാട്ടിക്കൊടുക്കും -ഡോ. സുല്‍ത്താന്‍ അറിയിച്ചു. പറക്കുന്ന ഫാല്‍കണ്‍ പക്ഷിയുടെ രൂപമാകും പവലിയന്‍. രാജ്യത്തെ നേതാക്കളുടെയും അഭിമാന തേജസ്വികളുടെയും പൂര്‍വസൂരികളുടെയും സൂചകമാണത്. തുറന്ന മനഃസ്ഥിതി, സഹാനുഭൂതി, ആശയവിനിമയ സന്നദ്ധത എന്നിവയെ ധ്വനിപ്പിക്കും. കെട്ടിടത്തിന്റെ നാലാം നില ആതിഥേയത്വത്തിനു നീക്കിവെക്കും. 1717 ചതുരശ്ര മീറ്ററിലാണിത്. അതിനു താഴെയുള്ള രണ്ടു നിലകള്‍ പ്രദര്‍ശന കേന്ദ്രങ്ങളാകും. 12000 ചതുരശ്ര മീറ്ററിലാണിത്.

രൂപകല്‍പനക്കു മത്സരം സംഘടിപ്പിച്ചിരുന്നു. ഒമ്പതു രാജ്യാന്തര ആര്‍കിടെക്ട് സ്ഥാപനങ്ങള്‍ 11 സങ്കല്‍പനങ്ങള്‍ സമര്‍പിച്ചു. ഇതില്‍ സാന്തിയാഗോ കളത്രവായുടെ രൂപകല്‍പനയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അബുദാബി ആസ്ഥാനമായ നാഷണല്‍ മീഡിയാ കൗണ്‍സിലിനാണ് നിര്‍മാണ ചുമതല. അതിന്റെ ചെയര്‍മാന്‍കൂടിയാണ് ഡോ. സുല്‍ത്താന്‍. വേള്‍ഡ് എക്‌സ്‌പോ നടത്തിപ്പിന് നല്‍കുന്ന പിന്തുണക്ക് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശി ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ക്കു ഡോ. സുല്‍ത്താന്‍ നന്ദി പറഞ്ഞു. ജബല്‍ അലിയിലാണ് വേള്‍ഡ് എക്‌സ്‌പോക്കു വേദി ഒരുങ്ങുന്നത്. ഇവിടേക്ക് മെട്രോ റയില്‍പാത നിര്‍മാണം നേരത്തെ തുടങ്ങിയിരുന്നു. ആറു മാസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തിന് ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളുടെ കൂറ്റന്‍ പവലിയനുകളുണ്ടാകും. മധ്യപൗരസ്ത്യ -ആഫ്രിക്കന്‍ മേഖലയിലേക്ക് ആദ്യമായാണ് വേള്‍ഡ് എക്‌സ്‌പോ എത്തുന്നത്.