ഈ വിജയത്തില്‍ താങ്കള്‍ ശരിക്കും സന്തോഷിക്കുന്നുണ്ടോ? മോദിയോട് നടന്‍ പ്രകാശ് രാജ്‌

    Posted on: December 18, 2017 7:34 pm | Last updated: December 18, 2017 at 7:34 pm

    ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കിതിരെ തമിഴ് സിനിമാതാരം പ്രകാശ് രാജ്. വിജയത്തിന് അഭിനന്ദനങ്ങള്‍ പ്രധാനമന്ത്രി, പക്ഷെ താങ്കള്‍ ശരിക്കും സന്തോഷിക്കുന്നുണ്ടോയെന്ന് തമിഴ് സിനിമാതാരം പ്രകാശ് രാജ് ചോദിച്ചു.

    ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഫേസ്ബുക്കിലൂടെ ചില ചോദ്യങ്ങളുന്നയിച്ചാണ് പ്രകാശ് രാജ് രംഗത്തെത്തിയത്.

    ചോദ്യത്തിനൊപ്പം വെറുതെ ചോദിച്ചതാണ് എന്നൊരു ഹാഷ് ടാഗുമുണ്ട്. താങ്കളുടെ ‘വികാസ്’ കൊണ്ട് വരും എന്ന് പറഞ്ഞ 150+ സീറ്റുകള്‍ എവിടെ? ആലോചിക്കാന്‍ കുറച്ചു സമയം തരാം. വിഭാഗീയ രാഷ്ട്രീയം വിലപ്പോയില്ല അല്ലേ? ജാതി, മതം, പാക്കിസ്ഥാന്‍ തുടങ്ങിയ വിഷയങ്ങളേക്കാള്‍ വലിയ വിഷയങ്ങള്‍ നമ്മുടെ നാടിന് ഉണ്ടെന്ന് തിരിച്ചറിയില്ലേ നിങ്ങള്‍. നമ്മുടെ ഉള്‍നാടുകളിലാണ് പ്രശ്‌നങ്ങള്‍ ഉള്ളത്. അവിടങ്ങളിലെ അവഗണിക്കപ്പെട്ട കര്‍ഷകരുടെ ശബ്ദമാണ് ഒന്ന് കൂടി ഉയര്‍ന്നത്, കേള്‍ക്കാമോ നിങ്ങള്‍ക്ക് ? എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രകാശ്രാജ് ചോദിച്ചത്.