ഗുജറാത്തില്‍ ബിജെപിയെ വിറപ്പിച്ച് പട്ടീദാര്‍ ഫാക്ടര്‍

Posted on: December 18, 2017 11:47 am | Last updated: December 18, 2017 at 2:03 pm

അഹമ്മദാബാദ്: കേവല ഭൂരിപക്ഷത്തിലേക്ക് ലീഡ് നില എത്തിയെങ്കിലും ഗുജറാത്തില്‍ ബിജെപിക്ക് കനത്ത വെല്ലുവിളിയാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ഇതിന് കോണ്‍ഗ്രസിനെ സഹായിച്ചത് പട്ടീദാര്‍ സമുദായത്തിന്റെ ഉറച്ച പിന്തുണയാണ്. പട്ടീദാര്‍ സമുദായത്തിന് ശക്തമായ സ്വാധീനമുള്ള സൗരാഷ്ട്ര, കച്ച് മേഖലയിലാണ് ബിജെപിക്ക് ആഘാതമേല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചത്.

ഹര്‍ദിക് പട്ടേല്‍ എന്ന യുവനേതാവിന്റെ കരുത്തുറ്റ നേതൃത്വമാണ് പട്ടീദാര്‍ ഫാക്ടര്‍ ബിജെപിക്ക് എതിരാകാന്‍ സഹായിച്ചത്. ഗുജറാത്തില്‍ അനായാസ വിജയം സ്വപ്‌നം കണ്ട ബിജെപിയെ വിറപ്പിച്ചു നിര്‍ത്താന്‍ പട്ടേലിനും കൂട്ടര്‍ക്കും സാധീച്ചു.

കേശുഭായ് പട്ടേലിന് ശേഷം പട്ടീദാറിന്റെ ശക്തനായ നേതാവായി ഹര്‍ദിക് പട്ടേല്‍ മാറിയെന്ന് ഈ ഫലം തെളിയിച്ചുകഴിഞ്ഞു. പട്ടീദാര്‍ സമുദായത്തിലെ പ്രമുഖനായ നരേഷ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയും അദ്ദേഹത്തിന്റെ പിന്തുണ ഉറപ്പാക്കിയും പട്ടേല്‍ നടത്തിയ നീക്കങ്ങള്‍ രാഷ്ട്രീയ വിജയത്തിന് കളമൊരുക്കി. പട്ടേലിനെ തകര്‍ക്കാന്‍ പട്ടീദാര്‍ സമുദായത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുവാനുള്ള ശ്രമങ്ങളും ബിജെപി നടത്തിയെങ്കിലും ഫലവത്തായില്ല. ഹാര്‍ദിക് പട്ടേലിനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച് വരെ ബിജെപി കരുനീക്കങ്ങള്‍ നടത്തിയിരുന്നു.