Articles
കുറിഞ്ഞി ഉദ്യാനം എന്തിന് സംരക്ഷിക്കപ്പെടണം?

കേരളം “ദൈവത്തിന്റെ സ്വന്തം നാടാ”യത് നമ്മുടെ സംസ്ഥാനത്തിന്റെ പ്രകൃതി രമണീയത കൊണ്ടാണ്. പ്രകൃത്യാ സംസ്ഥാനം ഇടനാട്, മലനാട്, തീരപ്രദേശം എന്നിങ്ങനെയായി കിടക്കുന്നു. തീരപ്രദേശം കടല്‍ക്ഷോഭങ്ങളും കൊടുങ്കാറ്റും സുനാമിയും ചുഴലിക്കാറ്റും മൂലം പ്രകൃതി ദുരന്തങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. നമ്മുടെ മലനാടെന്നത് പശ്ചിമ ഘട്ടമലകളാണ്. കിഴക്കാംതൂക്കായ കുന്നുകളും വനപ്രദേശങ്ങളും കൊണ്ട് നിറഞ്ഞതാണ് പശ്ചിമഘട്ടം.
എന്നാല്‍, കേരളത്തിലെ മലയോര മേഖല പാറഖനനം, വനനാശം, അണക്കെട്ടു നിര്‍മാണം, റോഡ് നിര്‍മാണം, നഗരവത്കരണം എന്നിവയാലും കുന്നിടിക്കലും മണ്ണെടുപ്പും മൂലവും തകര്‍ന്നുതരിപ്പണമായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ വനനയം അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വനവും വന്യജീവികളും വംശനാശം സംഭവിക്കാതിരിക്കാന്‍ നാം വന്യമൃഗ സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍, ബയോസ്ഫിയര്‍ റിസര്‍വുകള്‍, സംരക്ഷിത വനപ്രദേശങ്ങള്‍ എന്നിവയെ നിയമം മൂലം സംരക്ഷിച്ചുപോരുന്നു. നൂറ്റാണ്ടിലേറെ കാലമായി ഇടുക്കിയിലെയും വയനാട്ടിലെയും പത്തനംതിട്ടയിലെയും വനമേഖലകള്‍ പലതും കാപ്പി, തേയില, റബ്ബര്‍ എന്നിവക്കായും കാടിന്റെ അടിത്തട്ട് വെട്ടിത്തെളിയിച്ച് ഏലമലക്കാടുകള്‍ക്കായും വഴിമാറിപോയി.
കുടിയേറ്റമായും കൈയേറ്റമായും റവന്യൂ പുറമ്പോക്ക് ഭൂമിയും വനഭൂമിയും മലനാട്ടില്‍ വ്യാജ പട്ടയങ്ങളുപയോഗിച്ച് കൈക്കലാക്കാന്‍ മാഫിയാ സംഘങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
രൂക്ഷമായ മണ്ണൊലിപ്പ് നിയന്ത്രിക്കാനും ഉരുള്‍പൊട്ടലും മലയിടിച്ചിലും പാറ വീഴ്ചയും ഒഴിവാക്കാനും കാലാവസ്ഥയില്‍ മാറ്റംവരാതിരിക്കാനും നദികളുടെ ഉത്ഭവസ്ഥാനങ്ങളായ പശ്ചിമഘട്ടം സംരക്ഷിക്കപ്പെടണം. അതിന് രൂപമാറ്റം വരുത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടവരുത്തും. കേരളത്തിലെ പശ്ചിമ ഘട്ടമലമേഖലകള്‍ മിക്കവയും ഭൂചലന സാധ്യതാ പ്രദേശങ്ങളാണ്. കുത്തനെ ഉയര്‍ന്നുനില്‍ക്കുന്ന ഈ കുന്നുകളും മലകളുമാണ് തമിഴ്‌നാട്ടില്‍ നിന്നുമുള്ള വേനല്‍ക്കാല താപതരംഗങ്ങളെ തടഞ്ഞുനിര്‍ത്തുന്നത്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക സ്രോതസ്സുകളായ വനവും വന്യജീവികളും ജൈവവൈവിധ്യവും സംരക്ഷിക്കപ്പെടേണ്ടത് ഇക്കോ സിസ്റ്റത്തിന്റെയും മനുഷ്യന്റെയും നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്.
ഹൈറേഞ്ചിന്റെ പ്രത്യേകത കണക്കിലെടുത്ത് കര്‍ഷകരായി ഹൈറേഞ്ചില്‍ എത്തിയവര്‍ക്ക്, ലാന്റ് അസൈമെന്റ് റൂള്‍ 1964 അനുസരിച്ച് 1971ന് മുമ്പ് ഭൂമി കൈവശം വെച്ചിരുന്നവര്‍ക്കാണ് നിയമപ്രകാരം പട്ടയം ലഭിക്കുക. വനം, റവന്യൂ, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ ഒത്താശയും ജില്ലാ ഭരണകൂടങ്ങളുടെ അലസതയും കാരണം, സര്‍ക്കാര്‍ ഭൂമി കൈയേറ്റം മൂലം അന്യാധീനപ്പെട്ടുപോകുകയാണ്. അനധികൃത വളച്ചുകെട്ടലുകളും വനഭൂമി കൈയേറുന്നതും തടയുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു. അഴിമതിയും രാഷ്ട്രീയ ഇടപെടലുകളും ഭരണസ്വാധീനവും വന്‍കിട കൈയേറ്റങ്ങള്‍ക്ക് വേദിയൊരുക്കി. ഹൈറേഞ്ചില്‍ മനുഷ്യജീവിതം സാധ്യമാകണമെങ്കില്‍ പ്രകൃതി സംരക്ഷിക്കപ്പെടണം. മറ്റു ജീവജാലങ്ങള്‍ക്ക് ആവാസ വ്യവസ്ഥയായ മലനാട്, രൂപമാറ്റം വരുത്തി നഗരവത്കരണം നടത്തുന്നത് സംസ്ഥാനത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്. കുടിവെള്ളക്ഷാമവും പ്രകൃതി ദുരന്തങ്ങളും ഏറിവരുന്നത് ഹൈറേഞ്ചിലെ ഇക്കോ സിസ്റ്റത്തിന്റെ വ്യതിയാനത്തെ സൂചിപ്പിക്കുന്നു.
കാലവസ്ഥാ വ്യതിയാനത്തിന്റെ വെളിച്ചത്തില്‍ പ്രതീക്ഷിക്കാവുന്ന ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മഴ വന്‍ പ്രകൃതി ദുരന്തങ്ങളിലേക്കാണ് നയിക്കുക. ഹൈറേഞ്ചിലെ നിര്‍മിതികള്‍ ഒലിച്ചുപൊകുന്നതിന് നാളേറെ വേണ്ട. അതുകൊണ്ട് തന്നെ ഹൈറേഞ്ചിനെ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന കൈയേറ്റ മാഫിയയെ നിയന്ത്രിക്കേണ്ടതുണ്ട്. പ്രായം കൊണ്ട് ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന നമ്മുടെ പശ്ചിമഘട്ട അണക്കെട്ടുകള്‍ ജലബോംബുകളായി കാണണം.
ഏത് നിമിഷവും ഭൂചലന ഭീഷണി, ഉയര്‍ന്ന പ്രദേശങ്ങളില്‍ പ്രത്യേകിച്ചും പ്രതീക്ഷിക്കേണ്ടതുണ്ട്. ഇടുക്കിയിലെ കൊട്ടക്കമ്പൂര്‍-വട്ടവട വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കുറിഞ്ഞിമല ഉദ്യാനത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ എന്താണ്? ആ കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.
1. വ്യാജ പട്ടയങ്ങള്‍ ഉപയോഗിച്ച് ഉദ്യാനത്തിന്റെ ഭൂമി കൈക്കലാക്കിയ മാഫിയ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സര്‍ക്കാര്‍ ഭൂമി കൈക്കലാക്കാന്‍ ശ്രമിക്കുന്നു.
2. കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി നിശ്ചയിച്ചിറക്കിയ സര്‍ക്കാര്‍ ഉത്തരവ് ഭൂമാഫിയക്ക് വേണ്ടി അസ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു.
3. സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും ഗ്രാന്റിസ് മരങ്ങള്‍ മുറിച്ചുകടത്തുന്നതിനായി റവന്യൂ- വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നു.
4. കാട്ടുതീ എന്ന വ്യാജേന നീലക്കുറുഞ്ഞി ചെടികള്‍ തീയിട്ടു നശിപ്പിക്കാന്‍ വനം വകുപ്പ് ഒത്താശ ചെയ്യുന്നു.
5. കുറിഞ്ഞിമല ഉദ്യാനഭൂമി കൈക്കലാക്കാന്‍ കര്‍ഷകര്‍ എന്ന വ്യാജേന പാവപ്പെട്ടവരെ അവിടെ അധിവസിപ്പിക്കുന്നു.
6. കുറിഞ്ഞിമല ഉദ്യാന അതിര്‍ത്തി കൃത്യമായി നിയമം മൂലം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പുതിയ ഉത്തരവിറക്കി അതിര്‍ത്തി മാറ്റിസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു.
7. 2018ല്‍ നീലക്കുറുഞ്ഞി പൂക്കാനിരിക്കേ, സംരക്ഷിത മേഖലയെ വിവാദത്തിലേക്ക് വലിച്ചിഴച്ച് ഭൂമി കൈയേറ്റം സുഗമമാക്കുകയാണ് മാഫിയയുടെ ലക്ഷ്യം. ജനപ്രതിനിധികള്‍ പോലും കൈയേറ്റ മാഫിയക്ക് വേണ്ടി സംസാരിക്കുന്നു.
പ്രകൃതി ദുരന്തത്തിലേക്കും വന്യജീവി വംശനാശത്തിലേക്കും നീലക്കുറിഞ്ഞി ആവാസ വ്യവസ്ഥ നശിക്കുന്നതിലേക്കും നയിക്കാവുന്ന ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം നിയമവിരുദ്ധവും അശാസ്ത്രീയവും അഴിമതിയുമാണ്.