പ്രളയത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഫ്‌ളഡ് അലര്‍ട്ട് സിസ്റ്റവുമായി ഋഷികേശ്

Posted on: December 17, 2017 1:53 pm | Last updated: December 17, 2017 at 1:53 pm
SHARE

മണ്ണഞ്ചേരി: കടല്‍ക്ഷോഭമോ ഉരുള്‍പൊട്ടലോ കാരണം ജലനിരപ്പ് ഉയര്‍ന്ന് അപകടകരമായ രീതിയില്‍ കരയിലേക്ക് വരികയാണെങ്കില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന വയര്‍ലെസ് ഫഌഡ് ഡിവൈസ് വികസിപ്പിച്ചെടുത്തു. ഗ്രാമീണ കണ്ടുപിടിത്തങ്ങള്‍ക്ക് രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ യുവശാസ്ത്രജ്ഞന്‍ മുഹമ്മ ഋഷികേശ് വികസിപ്പിച്ചെടുത്തതാണ് ഈ സങ്കേതിക വിദ്യ.

തീരദേശങ്ങളിലും കിഴക്കന്‍ മേഖലകളിലെ നദീതീരങ്ങളിലും സ്ഥാപിക്കാവുന്ന ഉപകരണത്തില്‍ വാട്ടര്‍ സെന്‍സര്‍ ഡിവൈസുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണത്താല്‍ ജലനിരപ്പ് സെന്‍സറുകളില്‍ സ്പര്‍ശിക്കുമ്പോള്‍ ഉടനെ ഉച്ചത്തിലുള്ള സൈറണ്‍ മുഴങ്ങുന്നു. അതോടൊപ്പം ഈ സെന്‍സര്‍ യൂനിറ്റില്‍ നിന്ന് എന്‍കോഡ് ചെയ്ത വയര്‍ലെസ് സിഗ്നല്‍ അന്തരീക്ഷത്തിലേക്ക് അയക്കുന്നു. 200 മീറ്റര്‍ പരിധിക്കുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന മറ്റ് രണ്ട് സൈറണ്‍ യൂനിറ്റുകള്‍ ഈ സിഗ്നല്‍ പിടിച്ചെടുത്ത് അതൊടൊപ്പമുള്ള സൈറണുകളും പ്രവര്‍ത്തിപ്പിക്കുന്നു. ഒരു സെന്‍സര്‍ യൂനിറ്റില്‍ നിന്ന് ഏകദേശം 50ന് മേല്‍ വീടുകള്‍ക്ക് അപായ സൂചന നല്‍കാന്‍ സാധിക്കും. മഴവെള്ളമോ മറ്റോ സെന്‍സറില്‍ വീണാല്‍ സൈറന്‍ പ്രവര്‍ത്തിക്കുന്നതല്ല.
മൂന്ന് സൈറണുകള്‍ അടങ്ങുന്ന ഒരു യൂനിറ്റിന് 54,000 രൂപയോളം ചെലവു വരും. രാത്രികാലങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായാല്‍ റോഡുകളും മറ്റ് രക്ഷാമാര്‍ഗ്ഗങ്ങളും വെള്ളത്തിനടയിലാകുന്നതിന് മുമ്പേ ഈ ഉപകരണം മുന്നറിയിപ്പ് നല്‍കും. ഉപകരണങ്ങളെല്ലാം 12 വാള്‍ട്ട് ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. ബാറ്ററി ചാര്‍ജ് ചെയ്യാനായി ഓട്ടോമാറ്റിക് ചാര്‍ജിംഗ് സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണത്താല്‍ ബാറ്ററി പ്രവര്‍ത്തിക്കാതെ വന്നാല്‍ അറിയിപ്പു നല്‍കുന്ന സംവിധാനവും ഇതോടൊപ്പമുണ്ട്. ഉപകരണത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി ടി എം തോമസ് ഐസക്ക് നിര്‍വഹിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here