അറബി: മധ്യകാല കേരളത്തിന്റെ വൈജ്ഞാനിക മാധ്യമം

16,17 നൂറ്റാണ്ടുകളില്‍ കേരളത്തില്‍ വലിയൊരു വിജ്ഞാന വിസ്‌ഫോടനമാണ് ദൃശ്യമായത്. അതിന് മാധ്യമമായത് അന്തര്‍ദേശീയ വൈജ്ഞാനിക ഭാഷയായിക്കഴിഞ്ഞ അറബിയായിരുന്നു. വടകരക്കടുത്ത് ചോമ്പാലില്‍ ജനിച്ച സൈനുദ്ദീന്‍ മഖ്ദൂമാണ് ആയതിന് മുഖ്യ കാര്‍മികത്വം വഹിച്ചത്. അന്നത്തെ ബഹുസ്വര സമൂഹത്തില്‍ സക്രിയ സാന്നിദ്ധ്യം അടയാളപ്പെടുത്തിയ, മധ്യകാല കേരളത്തിന്റെ നവോത്ഥാന നായകനായി അറിയപ്പെടുന്ന ഇദ്ദേഹം പൊന്നാനിയിലാണ് ഏറെ പ്രശസ്തമായ ഒരു അറബികലാശാല തുടങ്ങുന്നത്. അദ്ദേഹത്തിന്റെ ഗുരുവായിരുന്ന മക്കയിലെ ഇബ്‌നു ഹജറുല്‍ ഹൈതമിയായിരുന്നു അതിന് ശിലാപാവം നടത്തിയത്. ഇവിടേക്ക് അറബിരാജ്യങ്ങള്‍ക്ക് പുറമെ തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുപോലും വിജ്ഞാനദാഹികള്‍ ഒഴുകിയെത്തി. അങ്ങനെ പൊന്നാനി മലബാറിന്റെ മക്കയായി അറിയപ്പെട്ടു. സമകാലീന അറബി ലോകത്തുപോലും കാണാത്ത അറബിഭാഷ വികാസമാണ് പിന്നെ കേരളത്തിലുണ്ടായത്.  
Posted on: December 17, 2017 6:27 am | Last updated: December 16, 2017 at 11:34 pm

ഇസ്‌ലാമിന് മുമ്പുതന്നെ അറബികള്‍ക്ക് പ്രാചീന കേരളവുമായി അതിശക്തമായ വാണിജ്യ ബന്ധങ്ങളുണ്ടായിരുന്നു. ഇവിടുത്തെ കുരുമുളകും മുഹന്നദും (ഇന്ത്യന്‍വാള്‍) തമറിന്തും (ഇന്ത്യന്‍ തമര്‍) സന്തലുമൊക്കെ അവര്‍ക്ക് സുപരിചിതമായിരുന്നു. സോളമന്‍ ചക്രവര്‍ത്തിയുടെ കാലം മുതല്‍ തുടങ്ങിയ ഈ മധ്യേഷ്യന്‍ ബന്ധം അഭംഗുരം തുടരുകയായിരുന്നു.

ഇസ്‌ലാമിന്റെ വികസനത്തോടെ അറബിഭാഷക്ക് മതഭാഷ എന്നതിലുപരി ബന്ധഭാഷാ പരിവേഷം കൈവന്നു. മതപ്രചാരണത്തിനായി ഇവിടെ വന്ന അറബികള്‍ പ്രവാചക ചര്യക്കനുസൃതമായി തദ്ദേശീയരുടെ സഹകരണത്തോടെ പള്ളികള്‍ നിര്‍മിക്കുകയും അവിടങ്ങളില്‍ പഠനകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ഈ പള്ളി ദര്‍സുകളില്‍ (ങീൂൌല രെവീീഹ)െ അറബിമാധ്യമത്തിലൂടെ മതവിഷയങ്ങള്‍ക്കൊപ്പം സമകാലിക- ഭൗതിക വിഷയങ്ങളും പഠിപ്പിക്കപ്പെട്ടു. ലിപിയില്ലാതിരുന്ന മലയാളത്തിന് ആദ്യമായി അറബിമലയാള ലിപി സംഭാവന ചെയ്തത് ഈ പള്ളി ദര്‍സുകളാണ്. പ്രാചീന കേരളത്തിലെ മലബാറില്‍ സാക്ഷരത സാര്‍വത്രികമാക്കാനും വിജ്ഞാന വികസനത്തിനും ഈ സംവിധാനം ഏറെ സഹായിച്ചിട്ടുണ്ട്.

മതധാര്‍മിക ചരിത്ര ഗദ്യ-പദ്യ കൃതികള്‍ക്കു പുറമെ – രാമായണം മുതല്‍ വൈദ്യ ശാസ്ത്രത്തിലെ അഷ്ടാംഗഹൃദയം വരെ അറബി മലയാളത്തില്‍ എഴുതപ്പെട്ടു. അങ്ങനെയാണ് ഖാളി മുഹമ്മദിന്റെ മുഹിയിദ്ദീന്‍മാല കണ്ടെടുക്കപ്പെട്ടതില്‍ ഏറ്റവും പ്രാചീന മലയാള കാവ്യമാകുന്നത്.
16,17 നൂറ്റാണ്ടുകളില്‍ കേരളത്തില്‍ വലിയൊരു വിജ്ഞാന വിസ്‌ഫോടനമാണ് ദൃശ്യമായത്. അതിന് മാധ്യമമായത് അന്തര്‍ദേശീയ വൈജ്ഞാനിക ഭാഷയായിക്കഴിഞ്ഞ അറബിയായിരുന്നു. വടകരക്കടുത്ത് ചോമ്പാലില്‍ ജനിച്ച സൈനുദ്ദീന്‍ മഖ്ദൂമാണ് ആയതിന് മുഖ്യകാര്‍മികത്വം വഹിച്ചത്. അന്നത്തെ ബഹുസ്വര സമൂഹത്തില്‍ സക്രിയ സാന്നിധ്യം അടയാളപ്പെടുത്തിയ, മധ്യകാല കേരളത്തിന്റെ നവോത്ഥാന നായകനായി അറിയപ്പെടുന്ന ഇദ്ദേഹം പൊന്നാനിയിലാണ് ഏറെ പ്രശസ്തമായ ഒരു അറബികലാശാല തുടങ്ങുന്നത്. അദ്ദേഹത്തിന്റെ ഗുരുവായിരുന്ന മക്കയിലെ ഇബ്‌നു ഹജറുല്‍ ഹൈതമിയായിരുന്നു അതിന് ശിലാപാവം നടത്തിയത്. ഇവിടേക്ക് അറബിരാജ്യങ്ങള്‍ക്ക് പുറമെ തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുപോലും വിജ്ഞാനദാഹികള്‍ ഒഴുകിയെത്തി. അങ്ങനെ പൊന്നാനി മലബാറിന്റെ മക്കയായി അറിയപ്പെട്ടു. സമകാലീന അറബി ലോകത്തുപോലും കാണാത്ത അറബിഭാഷ വികാസമാണ് പിന്നെ കേരളത്തിലുണ്ടായത്.

മത, ഭൗതിക-ശാസ്ത്ര വിഷയങ്ങളില്‍ ഏറെ അറബി ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. ശൈഖ് സൈനുദ്ദീന്റെ കര്‍മശാസ്ത്ര കൃതിയായ ഫത്ഹുല്‍മുഈന്‍ എന്ന അറബി ഗ്രന്ഥം ഈജിപ്തിലെ ആയിരം കൊല്ലം പഴക്കമുള്ള അല്‍ അസ്ഹറില്‍ പോലും പാഠപുസ്തകമായി അംഗീകരിക്കപ്പെട്ടു. തെക്കനേഷ്യന്‍ രാജ്യങ്ങളായ മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ നാടുകളില്‍ ഇന്നും ഇത് ശാഫിമദ്ഹബിലെ കര്‍മശാസ്ത്ര പാഠപുസ്തകമായി തുടരുന്നു.

താന്‍ ആര്‍ജിച്ച മതദര്‍ശനമനുസരിച്ച് മതസ്വാതന്ത്ര്യം അനുവദിക്കുന്ന, സാമൂതിരി ഭരിക്കുന്ന, തന്റെ മാതൃരാജ്യം വിദേശാക്രമണ ഭീഷണി നേരിട്ടപ്പോള്‍ നായര്‍ പടയോടൊപ്പം അണിചേര്‍ന്ന്, പോര്‍ച്ചുഗീസ് ആക്രമണം ചെറുക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് തുഹ്ഫതുല്‍ മുജാഹിദീന്‍ എന്നൊരു ഗ്രന്ഥം തന്നെ അദ്ദേഹം രചിക്കുകയുണ്ടായി. അറബിയിലെഴുതിയ ഈ കൃതി അക്കാലത്തു തന്നെ പോര്‍ച്ചുഗീസ് അടക്കം ആറോളം ലോകഭാഷകളില്‍ പരിഭാഷപ്പെടുത്തിയിരുന്നു. എന്നാല്‍ മലയാളത്തിലുള്ള ഇതിന്റെ വിവര്‍ത്തനം 1968ല്‍ മാത്രമാണ് വേലായുധന്‍ പണിക്കശ്ശേരി നടത്തിയത്. ബീജാപ്പൂര്‍ സുല്‍ത്താനായ അഹ്മദ് ഷാ അബ്ദാലിക്ക് സമര്‍പ്പിക്കപ്പെട്ട സൈനുദ്ദീന്‍ മഖ്ദൂം എഴുതിയ ഈ അറബി ഗ്രന്ഥത്തെ പറ്റി ചരിത്രകാരനായ എം ജി എസ് നാരായണന്‍ വശേഷിപ്പിക്കുന്നത് – വിദേശാക്രമണോപരോധത്തിനായി എഴുതപ്പെട്ട ഇന്ത്യയിലെ തന്നെ ആദ്യത്തെ മാനിഫെസ്റ്റോ എന്നാണ്. അതുപോലെ കേരളീയ ആചാരങ്ങളും ശീലങ്ങളും വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന ഈ പുസ്തകം കേരള ചരിത്രത്തിലെ തന്നെ ആധാര ശിലയെന്നാണ് പ്രൊഫ. ഇളംകുളം കുഞ്ഞന്‍ പിള്ള കുറിച്ചുവെച്ചിരിക്കുന്നത്.
ഇക്കാലത്ത് തന്നെ മഖ്ദൂമിന്റെ ശിഷ്യനും മുഹ്‌യിദ്ദീന്‍ മാലയുടെ കര്‍ത്താവുമായി ഖാളി മുഹമ്മദ് 600ഓളം അറബ് ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നു. അതില്‍ ചാലിയം യുദ്ധ സംബന്ധിയായ അദ്ദേഹം എഴുതിയ അല്‍ ഫത്ഹുല്‍ മുബീന്‍ ലിസ്സാമിരിയുല്ലദീ യുഹിബ്ബുല്‍ മുസ് ലിമീന്‍ (മുസ് ലിംകളെ സ്‌നേഹിച്ച സാമൂതിരിയുടെ അഭിമാനകരമായ വിജയം) എന്ന കൃതിയും പരാമര്‍ശിക്കപ്പെടേണ്ടതാണ്. മധ്യകാലഘട്ടത്തില്‍ അധിനിവേശക്കാര്‍ക്കെതിരെ ശക്തി സംഭരിക്കുവാനും ലോക ശ്രദ്ധ ക്ഷണിക്കുവാനും രാജ്യാന്തര ദൗത്യനിര്‍വഹണത്തിനും അന്നത്തെ ആഗോള ഭാഷയായിരുന്ന അറബിയായിരുന്നു കേരളത്തിന് സഹായകമായത്. ഈ ചെറുത്തുനില്‍പ്പില്ലായിരുന്നുവെങ്കില്‍ കേരളം ഗോവ പോലെ പോര്‍ച്ചുഗീസ് കോളനിയായി മാറിയേനെ എന്നാണ് ചരിത്രകാരനായ കെ എം പണിക്കരുടെ അഭിപ്രായം.

ബ്രിട്ടീഷ് ആധിപത്യം ആരംഭിച്ചതോടെ മലബാറിലെ ബന്ധഭാഷ എന്ന നിലക്കുള്ള അറബിയുടെ പ്രാധാന്യം കുറഞ്ഞു. തുര്‍ക്കി ഖിലാഫത്തിനെതിരെ നിലകൊണ്ടിരുന്ന ഇംഗ്ലീഷുകാരോടും അവരുടെ ഭാഷയോടും വിദ്യാഭ്യാസ സമ്പ്രദായത്തോടും മുസ്‌ലിംകള്‍ക്ക് രാജിയാവാനാവില്ല. ഫലത്തില്‍ അറബി കേവലം മതഭാഷ മാത്രമായി. സാമാന്യ ജനത്തെ സാക്ഷരരാക്കുവാന്‍ പ്രാപ്തമാക്കിയ പള്ളി ദര്‍സുകള്‍ പര്യാപ്തമാകാതെ വന്നപ്പോള്‍ മത ഭൗതിക സമന്വയത്തിനുള്ള മാപ്പിള സ്‌കൂളുകള്‍ പരക്കെ സ്ഥാപിക്കപ്പെട്ടു., പരിമിതമായ തോതില്‍ അറബി ഭാഷാ പരിജ്ഞാനവും ഇവിടെ ലഭ്യമായിരുന്നു. എന്നാല്‍ 1950ല്‍ ഇന്ത്യ റിപ്പബ്ലിക്കായതോടെ ഈ സ്‌കൂളുകളില്‍ മതപഠനം അസാധ്യമായി. തത്ഫലമായി അറബ് – ഇസ്‌ലാമിക പഠനത്തിന് ഈ സ്‌കൂളുകളോടനുബന്ധിച്ചു തന്നെ പ്രത്യേകം മദ്‌റസകള്‍ക്കും അറബി കോളജുകള്‍ക്കും തുടക്കം കുറിക്കപ്പെട്ടു.,
എന്നാല്‍ 1970കളില്‍ തുടക്കം കുറിച്ച അറബി നാടുകളുമായുള്ള ബന്ധം ലക്ഷക്കണക്കിന് മലയാളികളുടെ പ്രവാസ ജീവിതത്തിന് പ്രേരണയായി. അതോടെ അറബി രാജ്യങ്ങള്‍ തങ്ങളുടെ ദേശീയ ഭാഷയായി അംഗീകരിച്ച അറബിയുടെ പ്രസക്തിയും പ്രചാരണവും കേരളത്തില്‍ ശക്തമായി.

 

താരതമ്യേന പ്രാചീനവും എന്നാല്‍ ഇന്നും ഒരു ജീവല്‍ ഭാഷയായ അറബിയുടെ കേരളീയ ബന്ധം ചിരപുരാതനമാണ്്. സുദീര്‍ഘമായ ഈ പാരസ്പര്യം ധാരാളം അറബി പദങ്ങള്‍ മലയാള ഭാഷക്ക് സംഭാവന ചെയ്തിട്ടുണ്ട്.
ബദല്‍, റദ്ദ്, ബാക്കി, കാലി(ഖാലി) അവധി(അമദി), കരാര്‍, ദല്ലാള്‍, സറാഫ്(സെറാപ്), കമ്മാലി(ഹമ്മാലി) എന്നിവ ശരിക്കും മലയാള പദങ്ങളായി മാറിയിരിക്കുന്നു. ശരി എന്ന വാക്ക് തന്നെ അറബിയിലെ സ്വരീഹ് ആണ്. പഠനവുമായി ബന്ധപ്പെട്ട മദ്‌റസയും ഉസ്താദും കോളജും(കുല്ലിയ്യ), കിതാബും സനദും, തര്‍ജമയും ആല്‍ജിബ്രയും (അല്‍ജബര്‍) അല്‍കെമിയും (അല്‍കുഹൂല്‍) അംമ്ലവും (ഹാമൂള്) ജാര്‍, അസ് ലും നഖ്‌ലും പരീക്ഷ പാസാകലും (ഫാസ്) എല്ലാം അറബി പദങ്ങളാണ്. പാനീയങ്ങളായ സര്‍ബത്ത്(ശുര്‍ബത്ത്), ചായ(ശായ്) കാപ്പി(ഖഹ് വ), ഇത് കുടിക്കുവാന്‍ ഉപയോഗിക്കുന്ന കോപ്പയും കൂസും (കൂബ്, കഅസ്), ധരിക്കുന്ന ജുബ്ബയും അതിന്റെ കീശയും (കീസ്) കഫും(കഫ്), അറബി തന്നെ. മുഹബ്ബത്തും (മഹ്ബത്ത് )കത്തും (ഖത്ത്) ഖല്‍ബും യതീമും ഫക്കീറും ഖബറും മയ്യിത്തും എത് മലയാളിക്കാണ് അറിയാത്തത്.
അഭിവാദനത്തിന് സലാമും ലാല്‍സലാമും മുദ്രാവാക്യത്തിന് ഇന്‍ക്വിലാബും മുര്‍ദാബാദും പരക്കെ ഉപയോഗിക്കപ്പെടുന്ന അറബി പദങ്ങളാണ്. പോലീസ് ഭാഷയിലെ കൈപിയത്ത്(കൈഫിയത്ത്) താക്കീത്(തഅകീദ്) മഹസര്‍(മഹ് ളര്‍), കോടതി ഭാഷയിലാണെങ്കില്‍ വക്കീല്‍, മുന്‍സിഫ്, നാസര്‍(നാളിര്‍), വക്കാലത്ത്, മുഖ്തിയാര്‍, മാമൂല്‍, വസിയ്യത്ത്, അമീന്‍, പിന്നെ മൊഫ്യൂസല്‍ ബസ് സ്റ്റോപ്പും കസബ സ്റ്റേഷനും അറബി പദങ്ങളാണ്. ഉപയോഗം കൊണ്ട് മലയാളീകരിക്കപ്പെട്ട പദങ്ങള്‍ വേറെയുമുണ്ട്. ചാത്തനും (ശൈത്താന്‍), അനാമത്തും(അമാനത്ത്) താഴത്തും (തഹ്ത്ത്), കലര്‍ത്തലും(ഖലത്ത) മലയാളമാകുന്നതിങ്ങനെയാണ്. ഖലീഫയും സുല്‍ത്താനും സാഹിബും മനസ്സിലാക്കുവാന്‍ കഴിയാത്ത മലയാളികളുണ്ടാവില്ല. ആദ്യവും ആദിമവും ആദമില്‍ നിന്നു തന്നെയാണ്.

ലോകത്തെ ഏറ്റവും പ്രാചീന ഭാഷയായ അറബി ഇന്ന് 24 രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയും 42 കോടി ജനങ്ങളുടെ സംസാര ഭാഷയും 100 കോടി മുസ് ലിംകളുടെ മതഭാഷയുമാണ്. അതുകൊണ്ടു തന്നെ ആയിരിക്കണം ഈ ആഗോള ഭാഷ ഐക്യ രാഷ്ട്ര സംഘടന വര്‍ഷം തോറും ഡിസംബര്‍ 18ന് ലോക അറബി ഭാഷാ ദിനമായി ആചരിച്ചു വരുന്നത്.