Connect with us

Gulf

രാജ്യത്തെ വ്യവസായ സൗകര്യ മേഖലയില്‍ നിക്ഷേപം 26000 കോടിയുടെതെന്ന് മന്ത്രി

Published

|

Last Updated

ദോഹ: രാജ്യത്ത് വ്യവസായ സൗകര്യങ്ങള്‍ സൃഷ്ടിക്കുന്ന മേഖലയില്‍ നിക്ഷേപം 26,000 കോടി റിയാലിനടുത്തെത്തിയെന്ന് ഊര്‍ജ, വ്യവസായ വകുപ്പു മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍ സാദ. 730 വ്യവസായ സൗകര്യങ്ങളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മെയ്ഡ് ഇന്‍ ഖത്വറിന്റെ ഭാഗമായി നടന്ന വ്യവസായ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്തുലിതവും സുസ്ഥിരവുമായ വികസനം എന്ന അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ നിര്‍ദേശം പ്രാവര്‍ത്തികമാക്കുന്നതിന് മന്ത്രാലയം വലിയ തോതില്‍ പ്രയത്‌നം നടത്തി വരികയാണ്. വ്യവസായങ്ങള്‍ക്ക് മികച്ച പ്രചോദനമാണ് മന്ത്രാലയം നല്‍കുന്നത്. ഉപകരണങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍, പാര്‍ട്‌സുകള്‍ എന്നിവ ഉപയോഗിക്കുന്നതിന് ഫീസ് ഇളവു നല്‍കുന്നു. രാജ്യത്തെ ചെറുകിട, മധ്യനിര വ്യവസായ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കുന്നു. നിര്‍മാണ മേഖലയില്‍ നിന്നും ആഭ്യന്തര ഉത്പാദന വളര്‍ച്ച കൈവരിക്കുന്നതിലും മന്ത്രാലയം ഇപ്പോള്‍ ശ്രദ്ധ ചെലുത്തി വരികയാണ്.

2009ലെ ആദ്യ പതിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ മെയ്ഡ് ഇന്‍ ഖത്വര്‍ പ്രദര്‍ശനം വലിയ തോതില്‍ മാറ്റം വന്നിട്ടുണ്ട്. വ്യത്യസ്ത മേഖലകളില്‍നിന്നുള്ള കമ്പനികളുടെ പങ്കാളിത്തം ഈ രംഗത്തുണ്ട്. ഉത്പാദന മേഖലയില്‍ നിന്നുള്ള പങ്കാളിത്തം മേളയില്‍ ശ്രദ്ധേയമാണ്. രാജ്യത്ത് കൂടുല്‍ നിക്ഷേപം ആകര്‍ഷിക്കുന്ന പദ്ധതികളായി ഇവ മാറുകയാണ്. മന്ത്രാലയം നല്‍കുന്ന വിവിധ ആനുകൂല്യങ്ങളില്‍ ആകര്‍ഷകമായാണ് നിക്ഷേപങ്ങള്‍ വരുന്നത്.

ഉത്പാദന മേഖലക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ സംബന്ധിച്ചായിരുന്നു ഫോറത്തിലെ ആദ്യ സെഷന്‍. രാജ്യത്തെ ബേങ്കിംഗ് മേഖലയുടെ സാമ്പത്തികശേഷി 800 കോടി ഖത്വര്‍ റിയാലിലെത്തിയതായി ഫോറത്തില്‍ സംസാരിച്ച ഖത്വര്‍ ഡവലപ്‌മെന്റ് സി ഇ ഒ അബ്ദുല്‍ അസീസ് അല്‍ ഖലീഫ പറഞ്ഞു. ഇതില്‍ ഉത്പാദന മേഖല 60 ശതമാനം പങ്കു വഹിക്കുന്നു. നിരവധി ഖത്വരി ഉത്പന്നങ്ങള്‍ ആഗോള വിപണിയില്‍ പരിചയപ്പെടുത്തുന്നതിനും വിപണനം ചെയ്യുന്നതിനും ക്യു ഡി ബി സഹായം നല്‍കുന്നു. ഖത്വര്‍ എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഏജന്‍സി വഴിയാണ് ഈ പ്രവരര്‍ത്തനം നടക്കുന്നത്. 1500 കമ്പനികളാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. 150 കോടി റിയാലിന്റെ ശേഷിയുള്ളവയാണ് കമ്പനികള്‍.

 

Latest