കെല്‍ട്രോണിനെ ഒഴിവാക്കി; നടത്തിപ്പ് സിഫിക്ക്

Posted on: December 16, 2017 10:03 am | Last updated: December 16, 2017 at 10:03 am

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഡാറ്റാ സെന്റര്‍ നടത്തിപ്പ് വീണ്ടും സ്വകാര്യ കമ്പനിക്ക്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ ഒഴിവാക്കി ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഫി എന്ന കമ്പനിക്ക് കൈമാറി. ടെന്‍ഡറില്‍ പുതിയ യോഗ്യതാമാനദണ്ഡം ഉള്‍പ്പെടുത്തിയാണ് കെല്‍ട്രോണിനെ തഴഞ്ഞത്. മുന്‍ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ഡാറ്റാസെന്റര്‍ നടത്തിപ്പ് കെല്‍ട്രോണിനെ തഴഞ്ഞ് റിലയന്‍സിന് കൈമാറിയത് വന്‍വിവാദമായിരുന്നു.
വിജിലന്‍സ്, സി ബി ഐ അന്വേഷണം ഇതിന്റെ പേരില്‍ നടന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ രൂക്ഷമായ ആക്രമണമാണ് അന്ന് നേരിട്ടത്. യു ഡി എഫ് സര്‍ക്കാര്‍ വന്ന ശേഷം 2012ലാണ് ഡാറ്റാ സെന്റര്‍ നടത്തിപ്പ് കെല്‍ട്രോണിന് തന്നെ കൈമാറിയത്.

അഞ്ചുവര്‍ഷത്തെ നടത്തിപ്പ് കാലാവധി കഴിഞ്ഞതോടെയാണ് ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് കെല്‍ട്രോണിന് അയോഗ്യത കല്‍പ്പിച്ച് സ്വകാര്യകമ്പനിക്ക് കൈമാറിയത്. അത്രയക്ക് അത്യാവശ്യമല്ലാത്ത ഒരു നിബന്ധന ടെന്‍ഡര്‍ര്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയാണ് കെല്‍ട്രോണിനെ അയോഗ്യരാക്കിയതെന്നാണ് വിവരം. ക്ലൗഡ് ഇംപഌമെന്റെഷനില്‍ മുന്‍പരിചയം ഉള്ളവര്‍ക്കെ ടെന്‍ഡറില്‍ പങ്കെടുക്കാനാവൂ എന്ന നിബന്ധനയാണ് കൊണ്ടുവന്നത്. ഈ പരിചയം ഇല്ലെന്ന് പറഞ്ഞ് ഇതുവരെ ഡാറ്റാ സെന്റര്‍ കൈകാര്യം ചെയ്തു വന്നിരുന്ന പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ ഒഴിവാക്കുകയായിരുന്നു.
ക്ലൗഡ് ഇംപഌമെന്റെഷനില്‍ പരിചയം വേണമെന്നുണ്ടെങ്കില്‍ തന്നെ കെല്‍ട്രോണിന് അത് നേടാവുന്നതേയുള്ളൂ. എന്‍ജിനീയര്‍മാര്‍ക്ക് പരിശീലനം നല്‍കിയാല്‍ പരിഹാരിക്കാവുന്ന വിഷയം മാത്രമാണിതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

2012 ല്‍ റിലയന്‍സില്‍ നിന്ന് ഡാറ്റാ സെന്ററിനെ കെല്‍ട്രോണിനെ ഏല്‍പിക്കുമ്പോള്‍ അവര്‍ക്ക് മുന്‍ പരിചയമൊന്നുമുണ്ടായിരുന്നില്ല. വെറും മൂന്ന് ദിവസം കൊണ്ട് കെല്‍ട്രോണിലെ വിവിധ യൂണിറ്റുകളിലുണ്ടായിരുന്ന എന്‍ജനീയര്‍മാരെ ചേര്‍ത്ത് ടീമുണ്ടാക്കി ഡാറ്റാ സെന്റര്‍ ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിച്ചത്. തുടര്‍ച്ചയായി പരിശീലനം നല്‍കി മുന്‍പരിചയമില്ലെന്ന കടമ്പ മറികടക്കാനുമായി. ഇപ്പോഴും അങ്ങനെ പരിശീലനം നല്‍കാവുന്നതെയുള്ളൂവെന്നിരിക്കെ ഒരു കാരണം കണ്ടെത്തി കെല്‍ട്രോണിനെ ഒഴിവാക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ 2008ല്‍ ഡാറ്റസെന്റര്‍ നടത്തിപ്പ് റിലയന്‍സിന് കൈമാറിയതാണ് വിവാദമായത്. അന്ന് റിലയന്‍സിന് നല്‍കാന്‍ വേണ്ടി പുതിയ മാനദണ്ഡങ്ങള്‍ ചേര്‍ത്ത് റീ ടെന്‍ഡര്‍ വിളിച്ചെന്നായിരുന്നു ആക്ഷേപം.

വി എസ് അച്യുതാനന്ദന്‍, മകന്‍ അരുണ്‍കുമാര്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണവും നടന്നു. സുപ്രീംകോടതിയില്‍ വരെ ഇതുമായി ബന്ധപ്പെട്ട കേസ് നടന്നു. വി എസിന് സി ബി ഐ ക്ലീന്‍ചിറ്റ് നല്‍കിയെങ്കിലും സ്വകാര്യകമ്പനിയെ സഹായിച്ചെന്ന ആക്ഷേപം സി പി എമ്മിലും വി എസിനെതിരെ ആയുധമാക്കിയിരുന്നു.
അതേസമയം, ഡാറ്റ സെന്റര്‍ നടത്തിപ്പ് കെല്‍ട്രോണില്‍ നിന്ന് മാറ്റി വീണ്ടും സ്വകാര്യ കമ്പനിയെ ഏല്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. സര്‍ക്കാരിന്റെ സുപ്രധാന വിവരങ്ങളെല്ലാം ശേഖരിക്കുന്ന സെന്ററാണിത്. അത് സ്വകാര്യ കമ്പനിക്ക് കൈമാറുന്നതിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ പോലും സര്‍ക്കാര്‍ മുഖവിലക്കെടുത്തിട്ടില്ല- ചെന്നിത്തല പറഞ്ഞു.