ചാലക്കുടി രാജീവ് വധക്കേസ്: അഡ്വ. സിപി ഉദയഭാനുവിന് ഇടക്കാല ജാമ്യം

Posted on: December 15, 2017 2:08 pm | Last updated: December 15, 2017 at 7:47 pm

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതി അഡ്വ. സി.പി. ഉദയഭാനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉദയഭാനുവിനു പുറമേ കേസിലെ അഞ്ച്, ആറു പ്രതികളായ ചക്കര ജോണി, രഞ്ജിത്ത് എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.

നേരത്തെ ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഉദയഭാനുവിന് ജാമ്യം നല്‍കിയാല്‍ കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന പോലീസിന്റെവാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്.

അതേസമയം ഭാര്യപിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി
കഴിഞ്ഞ ദിവസം ഉദയഭാനുവിനു ഹൈക്കോടതി മൂന്നു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കു രണ്ടാള്‍ ജാമ്യവുമായിരുന്നു വ്യവസ്ഥ.

ചാലക്കുടിയിലെ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറായ രാജീവിന്റെ കൊലപാതകക്കേസില്‍ ഏഴാം പ്രതിയാണ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ.ഉദയഭാനു. ഗൂഢാലോചനക്കുറ്റമാണ് ഉദയഭാനുവിന് മേല്‍ ചുമത്തിയിരിക്കുന്നത്. വസ്തു ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് രാജീവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. കേസില്‍ ചക്കര ജോണി അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദയഭാനുവിനെ അറസ്റ്റ് ചെയ്തത്.